ദുരിതാശ്വാസ സാമഗ്രികൾ മോഷ്ടിച്ചെന്ന പരാതിയിൽ ബിജെപി നേതാവ് സുവേന്ദു അധികാരിക്കും സഹോദരനും എതിരെ കേസ്
കൊൽക്കത്ത: ലക്ഷകണക്കിന് രൂപയുടെ ദുരിതാശ്വാസ സാമഗ്രികൾ മോഷ്ടിച്ച് കടത്തിയെന്ന് ആരോപിച്ച് പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്കും സഹോദരനും എതിരെ പൊലീസ് കേസ് ഫയൽ ചെയ്തു. കാന്തി മുനിസിപ്പൽ അഡ്മിനിസ്ട്രേറ്റീവ് ബോർഡ് അംഗം രത്‌നദീപ് മന്നയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
സുവേന്ദു അധികാരിയുടെയും അദ്ദേഹത്തിന്റെ സഹോദരൻ മുൻ മുനിസിപ്പൽ ചീഫായ സൗമേന്ദു അധികാരിയുടെയും നിർദേശപ്രകാരം കാന്തി മുനിസിപ്പാലിറ്റിക്ക് കീഴിലെ ലക്ഷക്കണക്കിന് രൂപയുടെ ദുരിതാശ്വാസ സാമഗ്രികൾ ചിലർ ബലപ്രയോഗത്തിലൂടെ പൂട്ടുകൾ തുറന്ന് മോഷ്ടിച്ചു എന്നാണ് ജൂൺ ഒന്നിന് നൽകിയ പരാതിയിൽ പറയുന്നത്. ഇതിനായി ബി ജെ പി നേതാക്കൾ കേന്ദ്ര സേനയെ ഉപയോഗിച്ചതായും പരാതിയിൽ പറയുന്നു.
സുവേന്ദു അധികാരിയുടെ അടുത്ത സഹായിയെ വഞ്ചനാക്കേസിൽ കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ദുരിതാശ്വാസ സാമഗ്രികൾ മോഷ്ടിച്ചതായുള്ള കേസും വന്നത്. ഇതേ വിഷയത്തിൽ തൃണമൂലിന് എതിരെ ബിജെപി പലവട്ടം ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ അതേ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ബിജെപി നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
നേരത്തെ തൃണമൂൽ മന്ത്രിയായിരുന്ന സുവേന്ദു ബിജെപിയിൽ ചേരുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരെഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ 1,200 ഓളം വോട്ടുകൾക്ക് മമതാ ബാനർജിയെ പരാജയപ്പെടുത്തി ഇപ്പോൾ പ്രതിപക്ഷ നേതൃസ്ഥാനത്താണ് സുവേന്ദു അധികാരി.