പിസ വീട്ടിലെത്തിക്കാമെങ്കില്‍ റേഷന്‍ എന്തുകൊണ്ട് പറ്റില്ല? വാതില്‍പ്പടി റേഷന്‍ വിതരണം തടഞ്ഞതിനെതിരെ കെജരിവാള്‍
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാറിന്റെ വാതില്‍പ്പടി റേഷന്‍ വിതരണം എന്ന പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞതിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. കോവിഡ് കാലത്തും പിസ വീടുകളില്‍ ഡെലിവര്‍ ചെയ്യാമെങ്കില്‍ എന്തുകൊണ്ട് റേഷന്‍ ചെയ്തുകൂടാ എന്ന് അദ്ദേഹം ചോദിച്ചു. ഈ ആഴ്ച ആരംഭിക്കാനിരുന്ന പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കാഞ്ഞതിന് പിന്നാലെയാണ് പ്രതികരണം.
‘അടിസ്ഥാനസൗകര്യങ്ങള്‍ പോലുമില്ലാത്ത ആളുകളെ സഹായിക്കാനാണ് ഞങ്ങള്‍ ഇത് ചെയ്യുന്നത്. മഹാമാരിയുടെ അവസ്ഥയില്‍ കടയില്‍ പോയില്‍ റേഷന്‍ വാങ്ങാന്‍ മടിക്കുന്ന ആളുകള്‍ക്ക് ഇത് സഹായമാകും. രാജ്യതലസ്ഥാനത്തെ 72 ലക്ഷത്തോളം റേഷന്‍ കാര്‍ഡ് ഉടമകളെ സഹായിക്കുന്നതായിരുന്നു പദ്ധതി’, കെജരിവാള്‍ പറഞ്ഞു. റേഷന്‍ കാര്‍ഡ് ഉടമകള്‍ ധാന്യങ്ങളും മറ്റ് ആവശ്യങ്ങളും കേന്ദ്ര നിയമപ്രകാരം നിശ്ചയിച്ചിരിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ വാങ്ങാന്‍ പദ്ധതി വഴിയൊരുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു. സബ്സിഡികള്‍ സ്വീകരിക്കുന്നവര്‍ താമസം മാറുന്ന സാഹചര്യത്തിലടക്കം പദ്ധതി നടപ്പാക്കുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നാണ് കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയം പറയുന്നത്.