Kerala NewsLatest NewsPolitics

മകനിലേക്ക് ഒരു അന്വേഷണവും എത്തില്ല; വിവാദങ്ങളോട് പ്രതികരിച്ച്‌ കെ സുരേന്ദ്രന്‍

കൊച്ചി: കൊടകര കള്ളപ്പണക്കേസിന്റെ അന്വേഷണം തന്റെ മകന്‍ കെഎസ് ഹരികൃഷ്ണനിലേക്ക് എത്തില്ലെന്ന് പറഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മകന്‍ ധര്‍മ്മരാജനെ വിളിച്ചോ ഇല്ലെയോ എന്നത് പൊലീസ് അന്വേഷിക്കട്ടെയെന്നും മാധ്യമങ്ങള്‍ കൊടുക്കുന്നത് വ്യാജവാര്‍ത്തകളാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

”എന്റെ മകനിലേക്ക് ഒരു അന്വേഷണവും എത്തിക്കാന്‍ കഴിയില്ല. എന്റെ മകന്‍ എന്തിനാണ് ധര്‍മ്മരാജനെ വിളിക്കുന്നത്. ഏത് മൊഴികളുടെ അടിസ്ഥാനത്തിലാണ് നിങ്ങള്‍ ഇത് പറയുന്നത്. ധര്‍മ്മരാജനെ മകന്‍ വിളിച്ചോ ഇല്ലെയോ എന്നത് പൊലീസ് അന്വേഷിച്ച്‌ പറയട്ടെ. മാധ്യമങ്ങള്‍ കൊടുക്കുന്നത് വ്യാജവാര്‍ത്തകളാണ്. ഒരു കുറ്റവും ചെയ്യാതെ ഞാന്‍ 300 കേസുകളില്‍ പ്രതിയായിട്ടുള്ള ആളാണ്. ഈ സര്‍ക്കാരില്‍ നിന്ന് ഇതൊക്കെ പ്രതീക്ഷിച്ചാണ് ഞാന്‍ ഇവിടെയിരിക്കുന്നത്.”- സുരേന്ദ്രന്‍ പറഞ്ഞു. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുമെന്ന ബിജെപി ദേശീയ സമിതി അംഗം സി.കെ പത്മനാഭന്റെ പരാമര്‍ശവും സുരേന്ദ്രന്‍ ആവര്‍ത്തിച്ചു.

കൊടകര കേസില്‍ എന്തുകൊണ്ട് ഇഡി അന്വേഷണം ആവശ്യപ്പെടുന്നില്ലെന്ന മാധ്യമങ്ങളോടെ ചോദ്യത്തിന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ നല്‍കി മറുപടി: ”എന്‍ഫോഴ്സ്മെന്റ് ഡയറക്‌ട്റേറ്റ് ഒരു കേസ് അന്വേഷിക്കണമെങ്കില്‍ അതിന് നിയമപരമായ ചില നടപടി ക്രമങ്ങളുണ്ട്. ആ നടപടി ക്രമങ്ങളെന്തെല്ലാമാണെന്ന് കേരള പൊലീസിനും സര്‍ക്കാരിനും അറിയാമെങ്കില്‍ അവര്‍ ആ നടപടി ക്രമം പൂര്‍ത്തിയാക്കും.”

അതേസമയം കേസ് അന്വേഷിക്കുന്നത് ബിജെപി അല്ലെന്നും പൊലീസിന്റെ ചുമതലയാണ് അതെന്നും കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു. കൊടകര കുഴല്‍പ്പണക്കേസിലെ പരാതിക്കാരനായ ധര്‍മ്മജന് ബിജെപിയുമായി ബന്ധമുണ്ടെന്നും കുമ്മനം രാജശേഖരനും വി മുരളീധരനും കെ സുരേന്ദ്രനും സമ്മതിച്ചു. ധര്‍മ്മജന്‍ ബിജെപിക്കാരന്‍ തന്നെയാണെന്നും നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ധര്‍മ്മരാജന് പോസ്റ്ററുകള്‍ എത്തിക്കുന്നതടക്കമുള്ള ജോലികള്‍ ഏല്‍പ്പിച്ചിരുന്നെന്നും കുമ്മനം വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിച്ചു.

കുറെ നാളുകളായി സിപിഐഎമ്മും കോണ്‍ഗ്രസും മാധ്യമങ്ങളും ബിജെപിയെ കൊത്തിക്കീറുകയാണെന്നും വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നു കുമ്മനം പറഞ്ഞു. ”കൊടകര കേസിലെ പ്രതികള്‍ സിപിഐഎം സിപിഐ പ്രവര്‍ത്തകരാണ്. ധര്‍മരാജനെ ഫോണില്‍ ബന്ധപ്പെട്ടവരെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. എന്നാല്‍ കേസില്‍ അറസ്റ്റിലായവരുമായി ബന്ധപ്പെട്ടവരെ ചോദ്യം ചെയ്യുന്നില്ല.

സിപിഐയുടെ ഉന്നത നേതാക്കളുമായി ബന്ധമുള്ളവരാണ് പ്രതികള്‍. ബിജെപിയെ അവഹേളിക്കാനും ഒറ്റപ്പെടുത്തി നശിപ്പിക്കാനുമാണ് സിപിഐഎം ശ്രമിക്കുന്നത്. പാര്‍ട്ടിയെ പൊതുസമൂഹത്തില്‍ പരിഹാസ്യപാത്രമാക്കി മാറ്റാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതൊന്നും വില പോവില്ല. പാര്‍ട്ടി ഒറ്റക്കെട്ടാണ്. നേതാക്കന്മാരെ ആക്രമിച്ച്‌ അപകീര്‍ത്തി പെടുത്തി ബിജെപിയെ നശിപ്പിക്കാമെന്ന് കരുതേണ്ട. മാധ്യമവിചാരണ ബിജെപി അതിജീവിക്കും. സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് ബിജെപിയെ ഒഴിക്കാനുള്ള കരുനീക്കങ്ങളാണ് നടക്കുന്നത്.”കുമ്മനം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button