CovidHealthLatest News

മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകള്‍ മൂന്ന് മാസം കൂടി തുടരുമെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധന വര്‍ധിപ്പിക്കാന്‍ സജ്ജമാക്കിയ കൊവിഡ് മൊബൈല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് ലാബുകള്‍ അടുത്ത മൂന്ന് മാസം കൂടി തുടരാന്‍ ഉത്തരവായെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ മാര്‍ച്ച്‌ മാസം മുതല്‍ 10 മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകളാണ് സജ്ജമാക്കിയത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മൊബൈല്‍ ലാബ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കൊവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തിലും മൂന്നാം തരംഗത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനുമാണ് ഈ മൊബൈല്‍ ടെസ്റ്റ് ലാബുകള്‍ 3 മാസം കൂടി നീട്ടിയത്. ഇതുകൂടാതെ 4 മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകള്‍ കൂടി തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. അവയുടെ എന്‍.എ.ബി.എല്‍ ഓഡിറ്റ് നടന്ന് വരികയാണ്. ഈ മാസം 15ന് മുമ്ബായി ഇവയുടെ പ്രവര്‍ത്തനമാരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ നടത്തുന്നതിനായി 26 സര്‍ക്കാര്‍ ലാബുകളുണ്ടെങ്കിലും ഉയര്‍ന്നു വരുന്ന കൊവിഡ് കേസുകളുടെ എണ്ണം കണക്കിലെടുത്ത് പ്രതിദിന ടെസ്റ്റുകളുടെ എണ്ണം ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു മൊബൈല്‍ ലാബുകള്‍. കെ.എം.എസ്.സി.എല്‍. ആണ് ഈ പദ്ധതിയുടെ നടത്തിപ്പുകാര്‍. സാമ്ബിള്‍ കലക്‌ട് ചെയ്ത് ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് നടത്തി റിസള്‍റ്റ് നല്‍കുന്നതിന് 448.20 രൂപയാണ് ഈടാക്കുന്നത്.

ഓരോ മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍. ലാബുകള്‍ക്കും പ്രതിദിനം 2000 ടെസ്റ്റുകള്‍ വരെ നടത്തുന്നതിനുള്ള സജ്ജീകരണങ്ങളുണ്ട്. ഓരോ ലാബും അതാത് ജില്ലയിലെ ജില്ലാ സര്‍വയലന്‍സ് ഓഫിസറുടെ (ഡി.എസ്.ഒ.) നിയന്ത്രണത്തിലാണ്. ഡി.എസ്.ഒ. നല്‍കുന്ന നിര്‍ദ്ദേശത്തിനനുസരിച്ച്‌ ജില്ലയിലെ നിശ്ചിത സ്ഥലങ്ങളില്‍ ഈ മൊബൈല്‍ ലാബുകള്‍ പ്രവര്‍ത്തിപ്പിച്ചുവരുന്നു. ഇതുവരെ 6,02,063 ടെസ്റ്റുകള്‍ ഈ മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍. ലാബുകള്‍ വഴി നടത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button