CovidLatest NewsNationalUncategorized

മൂന്നാം തരംഗം നേരിടാൻ ഒരുക്കം തുടങ്ങി ; കുട്ടികളിൽ കൊവാക്‌സിൻ പരീക്ഷണത്തിന് എയിംസ്

ന്യൂഡെൽഹി: കുട്ടികളിൽ കൊറോണയ്ക്ക് എതിരായ വാക്‌സിൻ കൊവാക്സിൻ ഫലപ്രദമാണോ എന്നറിയുന്നതിനുള്ള പരീക്ഷണങ്ങൾക്ക് തയ്യാറെടുത്ത് ഡെൽഹി എയിംസ്. രണ്ട് വയസിനും 18 വയസിനുമിടയിലുള്ള കുട്ടികളിൽ കൊറോണ വാക്സിൻ കുത്തിവയ്പ് ഫലപ്രദവും സുരക്ഷിതവും ആണോ എന്നാണ് പരീക്ഷിക്കുന്നത്.

പാട്‌നയിലെ എയിംസിലും സമാനമായ പരീക്ഷണങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. കുട്ടികൾക്ക് കൊറോണ വാക്‌സിൻ പരീക്ഷണം നടത്താൻ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ മെയ് 11 നാണ് അനുമതി നൽകിയത് .

മൂന്നാം തരംഗത്തെ കുറിച്ചുള്ള മുന്നറിയിപ്പുകൾ വന്നതിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷണം. മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കുമെന്നും നിരീക്ഷണമുണ്ട്. കൊറോണ മൂന്നാം തരംഗം രണ്ടാം തരംഗത്തോളമോ അതിനെക്കാൾ ഏറെയോ ആകുമെന്നാണ് ആരോഗ്യവിദഗ്ധർ വ്യക്തമാക്കിയിരിക്കുന്നത്.

അതിനാൽ മൂന്നാം തരംഗത്തിന് മുൻപ് പരമാവധി പേരിൽ വാക്‌സിൻ എത്തിക്കുകയാണ് പ്രധാനമായും സ്വീകരിക്കേണ്ട മുൻകരുതലെന്ന് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ ഇന്ത്യയിൽ നിലവിൽ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുള്ള കൊവാക്സിൻ, കൊവിഷീൽഡ്, സ്പുട്നിക് വി എന്നിവ കുട്ടികളിൽ കുത്തിവെയ്ക്കാനുള്ള അനുമതി നേടിയിട്ടില്ല. അതിനായുള്ള പരീകഷണങ്ങളാണ് നിലവിൽ നടക്കുന്നത്.

രണ്ടിനും പതിനെട്ട് വയസിനും ഇടയിലുള്ള കുട്ടികളിൽ കൊറോണ വാക്സിന്റെ രണ്ട് – മൂന്ന് ഘട്ടങ്ങളുടെ പരിശോധന നടത്തുമെന്നു നീതി ആയോഗ് അംഗമായ ഡോ. വി കെ പോൾ കഴിഞ്ഞ മാസം അറിയിച്ചിരുന്നു.

നിലവിൽ ചില രാജ്യങ്ങളിൽ മാത്രമാണ് കുട്ടികളിൽ കൊറോണ വാക്സിൻ കുത്തിവെയ്പ്പ് നടത്തുന്നത്. അമേരിക്കയും കാനഡയും ഫൈസർ വാക്സിൻ ചില പ്രായത്തിലുള്ള കുട്ടികൾക്കിടയിൽ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button