Kerala NewsLatest NewsUncategorized

ബിജെപി കുഴല്‍പ്പണക്കവര്‍ച്ച കേസ്: അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്ന് ഹൈക്കോടതിയില്‍ ഹരജി

കൊച്ചി: കൊടകര കുഴല്‍പ്പണക്കേസിന്‍റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ഹ്യൂമന്‍ റൈറ്റ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ്‌ ഐസക് വര്‍ഗീസാണ് ഹൈക്കോടതിയെ സമീപിച്ചത്.

ലോക്കല്‍ പൊലീസ് നടത്തുന്ന അന്വേഷണം ഫലപ്രദമല്ലെന്നും ശാസ്ത്രീയമായ തരത്തില്‍ അന്വേഷണം നടത്തുന്നതില്‍ ലോക്കല്‍ പൊലീസ് പരാജയപ്പെട്ടുവെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു.

ഹെലികോപ്റ്റര്‍ മാര്‍ഗം പണം കടത്തി എന്നതടക്കമുള്ള ആരോപണങ്ങള്‍ അന്വേഷിക്കണമെന്നാണ് ആവശ്യം. അന്തര്‍ സംസ്ഥാന കള്ളപ്പണ ഇടപാടിനെ കുറിച്ച്‌ ഫലപ്രദമായ അന്വേഷണം നടത്തണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.

അതേസമയം, കുഴല്‍പ്പണക്കേസിലെ അന്വേഷണ പുരോഗതി നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചു. പ്രതിപക്ഷം നല്‍കിയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കേസില്‍ അന്വേഷണം തുടരുകയാണ്. പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. തൃശ്ശൂര്‍ റേഞ്ച് ഡിഐജിയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. 20 പ്രതികളെ ഇതിനകം അറസ്റ്റ് ചെയ്തുവെന്ന കാര്യം മുഖ്യമന്ത്രി സഭയെ അറിയിച്ചു.1.12 കോടി രൂപയും സ്വര്‍ണവും ഇതിനകം പിടികൂടിയിട്ടുണ്ട്. 96 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button