Latest NewsNationalWorld

‘പരിചയപ്പെട്ടത് രാജ് എന്ന പേര് പറഞ്ഞ്, വ്യാജ രത്നമോതിരവും ബ്രേസ്‌ലറ്റും നല്‍കി അയാള്‍ എന്നെയും പറ്റിച്ചു’; ചോക്‌സിയുടെ ആരോപണങ്ങളെ തള‌ളി വിവാദ യുവതി

ന്യൂഡല്‍ഹി: തന്നെ തട്ടിക്കൊണ്ടുവരികയും മ‌ര്‍ദ്ദിക്കുകയും ചെയ്‌തുവെന്നും സൗഹൃദം നടിച്ച പെണ്‍കുട്ടി അതിന് കൂട്ടുനിന്നെന്നുമുള‌ള ഡൊമിനിക്കയില്‍ ജയിലില്‍ കഴിയുന്ന വജ്രവ്യാപാരി മെഹുല്‍ ചോക്‌സിയുടെ വാദം തള‌ളി യുവതി. ചോക്‌സിയെ തട്ടിക്കൊണ്ട് പോയതിലോ അയാള്‍ ജയിലിലായതിലോ തനിക്ക് യാതൊരു പങ്കുമില്ലെന്നും ബാര്‍ബറ ജബറീക്ക അഭിപ്രായപ്പെട്ടു.

ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബാര്‍ബറ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ‘ചോക്‌സിയുടെ ഒരു സുഹൃത്തായിരുന്നു ഞാന്‍. എന്നോട് രാജ് എന്ന പേര് പറഞ്ഞാണ് പരിചയപ്പെട്ടത്. ആദ്യം സൗഹാര്‍ദ്ദത്തോടെ പെരുമാറിയ ഇയാള്‍ പിന്നീട് തന്നോട് ശൃംഗരിക്കാന്‍ തുടങ്ങി. ചോക്‌സി സമ്മാനിച്ച വജ്ര മോതിരങ്ങളും ബ്രേസ്‌ലറ്റും വ്യാജമായിരുന്നു. ബാര്‍ബറ പറയുന്നു.

പ്രശ്‌നത്തില്‍ തന്റെ പേര് വലിച്ചിഴച്ചത് ചോക്‌സിയുടെ കുടുംബാംഗങ്ങളും അഭിഭാഷകരുമാണ്. തട്ടിക്കൊണ്ട് പോയതുമായി തനിക്കൊരു ബന്ധവുമില്ലെന്നും ബാര്‍ബറ ആവര്‍ത്തിച്ചു. നേരത്തെ ആന്റിഗ്വ പൊലീസിനുള‌ള കത്തിലാണ് ചോക്‌സി ബാര്‍ബറയുടെ വീട്ടില്‍ നിന്ന് പത്തോളം കരുത്തരായ ആളുകള്‍ ആന്റിഗ്വ പൊലീസ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് തന്നെ മര്‍ദ്ദിക്കുകയും തട്ടിക്കൊണ്ട് പോകുകയും ചെയ്‌തെന്ന് ചോക്‌സി ആരോപിച്ചത്.

സ്‌നേഹം നടിച്ച്‌ ബാര്‍ബറ തന്റെയൊപ്പം നടക്കാന്‍ കൂടിയാണ് സൗഹൃദം സ്ഥാപിച്ചതെന്നും കത്തില്‍ ചോക്‌സി ആരോപിച്ചിരുന്നു. തന്നെ മര്‍ദ്ദിക്കുമ്ബോഴും രക്ഷപ്പെടുത്താന്‍ ബാര്‍ബറ ശ്രമിച്ചില്ലെന്നും ചോക്‌സി കത്തില്‍ കു‌റ്റപ്പെടുത്തിയിരുന്നു. ഇതിനാണ് ബാര്‍ബറ ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്. അനധികൃതമായി രാജ്യത്ത് കടന്നുകയറിയതിന് മേയ് 24 മുതല്‍ ചോക്‌സി ഡൊമിനിക്കയില്‍ തടവിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button