ഗുസ്തി താരം സുശീൽ കുമാറിന് ജയിലിൽ പ്രത്യേക ഭക്ഷണം നൽകാൻ കോടതി ഉത്തരവ്
കൊലപാതക കേസിൽ അറസ്റ്റിലായ ഗുസ്തി താരം സുശീൽ കുമാറിന് ജയിലിൽ പ്രത്യേക ഭക്ഷണം നൽകാൻ കോടതി ഉത്തരവ്. പ്രോട്ടീൻ കൂടിയ ഭക്ഷണവും സപ്ലിമെൻററി ഫുഡും നൽകാനാണ് കോടതിയുടെ അനുമതി. സുശീലിൻറെ അഭിഭാഷകൻ പ്രദീപ് റാണയാണ് ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് സത്‌വീർ സിങ് ലാംബ മുമ്ബാകെ ഇതുസംബന്ധിച്ച് പ്രത്യേക അപേക്ഷ നൽകിയത്.
മുൻ ജൂനിയർ ദേശീയ ഗുസ്തി ചാമ്ബ്യൻ സാഗർ റാണയുടെ കൊലപാതക കേസിൽ മേയ് 22നാണ് സുശീൽ കുമാർ പൊലീസ് കസ്റ്റഡിയിലാകുന്നത്. 23കാരനായ സാഗർ ധൻഖഡ് എന്ന സാഗർ റാണയെ ന്യൂഡൽഹിയിലെ ചത്രസാൽ സ്‌റ്റേഡിയത്തിൻറെ പാർക്കിങ് ഏരിയയിൽ വെച്ച് മർദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മേയ് നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
തുടർന്ന്, ഒളിവിൽ പോയ സുശീൽ കുമാറിനു വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് സുശീലിനെതിരെ ചുമത്തിയിരിക്കുന്നത്.