ഡിജിറ്റൽ പരസ്യ മേഖലയിലെ മാനദണ്ഡങ്ങൾ ലംഘിച്ചു; ഗൂഗിളിന് ഭീമൻ തുക പിഴയീടാക്കി ഫ്രഞ്ച് അധികൃതർ
പാരിസ്: ഡിജിറ്റൽ പരസ്യ മേഖലയിലെ മാനദണ്ഡങ്ങൾ ലംഘിച്ചതിൻ്റെ പേരിൽ ഗൂഗിളിന് ഭീമൻ തുക പിഴയീടാക്കി ഫ്രഞ്ച് അധികൃതർ. ഫ്രഞ്ച് കോംപറ്റീഷൻ അതോറിറ്റി 26.8 കോടി ഡോളറാണ് ( 1950 കോടി രൂപയോളം) ഗൂഗിളിന് പിഴയിട്ടത്. എതിരാളികളെ ബാധിക്കുന്ന വിധം ഗൂഗിൾ സ്വന്തം പരസ്യ പ്ലാറ്റ്ഫോമുകൾക്ക് ആനുപാതികമല്ലാത്ത മുൻഗണന നൽകിയെന്നാണ് കണ്ടെത്തൽ.
മറ്റ് പ്ലാറ്റ്ഫോമുകളിലെ റേറ്റ് അനുസരിച്ച് ഗൂഗിളിൻ്റെ പരസ്യ പ്ലാറ്റ്ഫോമുകൾ കമീഷനിൽ വ്യത്യാസം വരുത്തുന്നുണ്ടായിരുന്നു എന്നും കോംപറ്റീഷൻ അതോറിറ്റി കണ്ടെത്തിയിട്ടുണ്ട്. ഡിജിറ്റൽ പരസ്യ രംഗത്തുള്ള ആധിപത്യം ഗൂഗിൾ ദുരുപയോഗം ചെയ്തെന്ന് കാട്ടി 2019ൽ റൂപർട് മർഡോക്കിൻ്റെ കീഴിലുള്ള ന്യൂസ് കോർപ്, ഫ്രഞ്ച് പത്രമായ ലെ-ഫിഗരോ, ബെൽജിയൻ മാധ്യമ സ്ഥാപനമായ റൊസൽ എന്നിവർ ചേർന്ന് നൽകിയ പരാതിയിലാണ് നടപടി.
ഗൂഗിൾ സ്വന്തം പരസ്യ പ്ലാറ്റ്ഫോമുകളായ ആഡ്-എക്സിനും ഡബിൾക്ലിക്ക് ആഡ് എക്സ്‌ചെയ്ഞ്ചിനും പരിധിയിലധികം മുൻഗണന നൽകി മാർക്കറ്റിൽ അവർക്കുള്ള സ്ഥാനം ദുരുപയോഗം ചെയ്യുന്നതായും കമ്പനികൾ ആരോപിക്കുന്നു. അതുവഴി വൻ തുക മുടക്കി മാധ്യമങ്ങളുടെ വെബ് സൈറ്റുകളിലും മറ്റ് ആപ്പുകളിലും നൽകിവരുന്ന പരസ്യങ്ങളും വാർത്തകളും ഗൂഗിൾ മറയ്ക്കുന്നതായും മത്സര രംഗത്തുള്ള മറ്റ് കമ്പനികളിൽ നിന്ന് ആരോപണമുണ്ട്. എന്നാൽ പരസ്യസേവനങ്ങളിൽ മാറ്റം വരുത്താൻ തയ്യാറാണെന്ന് ഗൂഗിൾ അറിയിച്ചു. മുമ്പും ഫ്രാൻസിൽ ഗൂഗിളിന് പിഴയിട്ടിരുന്നു. 2019 ഡിസംബറിൽ സമാനമായ കേസിൽ 150 മില്യൻ യൂറോയാണ് ഗൂഗിന് പിഴയൊടുക്കേണ്ടിവന്നത്.