Latest NewsWorld

മ്യാൻമറിൽ സൈനിക വിമാനം തകർന്ന് ആറ് ബുദ്ധ സന്യാസിമാർ ഉൾപ്പടെ 12 പേർ മരിച്ചു

നയ്പിഡാവ്: മ്യാൻമറിൽ സൈനിക വിമാനം തകർന്ന് 12 പേർ മരിച്ചു. മരണപ്പെട്ടവരിൽ ആറ് പേർ സൈനികരും ആറ് പേർ ബുദ്ധ സന്യാസിമാരുമാണ്. ഇന്ന് രാവിലെ മ്യാൻമറിലെ മണ്ടാലെയ്ക്ക് സമീപത്താണ് വിമാനം തകർന്നുവീണത്. അപകടത്തിൽ പൈലറ്റും ഒരു യാത്രക്കാരനും പരുക്കേറ്റിട്ടുണ്ട്.

തലസ്ഥാനമായ നയ്പിഡാവിൽ നിന്ന് പൈൻ ഓ എൽവിൻ പട്ടണത്തിലേക്ക് പറക്കുകയായിരുന്ന വിമാനമാണ് അപകടത്തിൽ പെട്ടത്. പ്രാദേശിക സമയം രാവിലെ എട്ടോടെയാണ് വിമാനം തകർന്ന് വീണത്. അപകട സമയത്ത് 984 അടി ഉയരത്തിലാണ് സഞ്ചരിച്ചിരുന്നതെന്ന് സൈനിക ഉടമസ്ഥതയിലുള്ള മ്യവാഡി ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.

ബുദ്ധവിഹാരത്തിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാനിരുന്ന സൈനികരും സന്യാസിമാരുമാണ് മരിച്ചത്. വിമാനം മൈതാനത്ത് തകർന്ന് വീണതിനാൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2020 ഫെബ്രുവരി മുതൽ ആങ് സാൻ സൂകിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ സൈനിക അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ടത് മുതൽ മ്യാൻമർ കഴിഞ്ഞ അഞ്ച് വർഷമായി പ്രക്ഷുബ്ധമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button