വിഎച്ച്‌പി പ്രതിഷേധം; പള്ളി ഇമാമുമാര്‍ക്കുള്ള കോവിഡ് ധനസഹായം കര്‍ണാടക സര്‍ക്കാര്‍ പിന്‍വലിച്ചു
ഇമാമുമാര്‍ക്കും മദ്രസ അധ്യാപകര്‍ക്കും കോവിഡ് ധനസഹായം നല്‍കാനുള്ള തീരുമാനം കര്‍ണാടക സര്‍ക്കാര്‍ പിന്‍വലിച്ചു. വിശ്വഹിന്ദു പരിഷത്ത് പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി.
കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ മതപുരോഹിതന്മാര്‍ക്ക് ധനസഹായം നല്‍കാന്‍ ഭരണകൂടം തീരുമാനിച്ചിരുന്നു. ‘സി’ കാറ്റഗറിയില്‍ വരുന്ന ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ക്ക് 3,000 രൂപ വീതം ധനസഹായം നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. ഇതോടൊപ്പം ദക്ഷിണ കന്നഡയിലെ 41 പള്ളികളിലെയും മദ്രസകളിലെയും ഇമാമുമാര്‍ക്കും അധ്യാപകര്‍ക്കും ധനസഹായം നല്‍കാനും തീരുമാനമുണ്ടായിരുന്നു. എന്നാല്‍, ഇതിനെതിരെ വിഎച്ച്‌പി പ്രതിഷേധവുമായി രംഗത്തെത്തിയതോടെ തീരുമാനം പിന്‍വലിക്കുകയായിരുന്നു.
ഹിന്ദു മത ധര്‍മവിനിയോഗ വകുപ്പില്‍നിന്നുള്ള ഫണ്ടില്‍നിന്നാണ് ഇതിനായി പണം വകയിരുത്തിയിരുന്നത്. എന്നാല്‍, ക്ഷേത്രങ്ങളില്‍നിന്നു ലഭിച്ച പണം ക്ഷേത്രങ്ങള്‍ക്കു വേണ്ടിയും ഹിന്ദു സമുദായത്തിന്റെ ക്ഷേമത്തിനും വേണ്ടിയും മാത്രമേ ഉപയോഗിക്കാവൂവെന്ന് വിഎച്ച്‌പി വകുപ്പു മന്ത്രിക്കു പരാതി നല്‍കുകയായിരുന്നു. ഹിന്ദു വകുപ്പിന്റെ പണം മറ്റു മതങ്ങള്‍ക്കായി ഉപയോഗിക്കന്‍ പാടില്ലെന്ന് വിഎച്ച്‌പി നേതാവ് പ്രദീപ് ശര്‍മ വകുപ്പുമന്ത്രിയായ കോട്ട ശ്രീനിവാസ് പൂജാരിയോട് ആവശ്യപ്പെട്ടു.
ഇതേതുടര്‍ന്ന് തീരുമാനം പിന്‍വലിച്ച മന്ത്രി ക്ഷേത്രത്തിന്റെ നയാപൈസ മറ്റു മതങ്ങള്‍ക്കു നല്‍കില്ലെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കുകയും ചെയ്തു. ഹിന്ദു ഭക്തരുടെ പണം ഹിന്ദു ക്ഷേത്രങ്ങളുടെ വികസനത്തിനുവേണ്ടി മാത്രമേ ഉപയോഗിക്കൂവെന്നും മന്ത്രി സംഘടനയ്ക്ക് ഉറപ്പുനല്‍കി. അതേസമയം, സംഭവം വിവാദമാക്കിയ വിഎച്ച്‌പി നടപടിയെ കോണ്‍ഗ്രസ് ആക്ഷേപിച്ചു. കോണ്‍ഗ്രസോ മുസ്ലിംകളോ ധനസഹായത്തിന് ആവശ്യപ്പെട്ടിട്ടില്ലെന്നും ബിജെപി തന്നെയാണ് സഹായം പ്രഖ്യാപിച്ചതെന്നും കോണ്‍ഗ്രസ് എംഎല്‍എ രിസ്‌വാന്‍ അര്‍ഷദ് പ്രതികരിച്ചു.