Kerala NewsLatest News

പത്ത് വര്‍ഷം കണ്‍മുന്നിലുണ്ടായിട്ടും കണ്ടില്ല; ഒടുവില്‍ സജിതയെ കണ്‍നിറയെ കാണാന്‍ മാതാപിതാക്കള്‍ എത്തി

പാലക്കാട്: പത്ത് വര്‍ഷമായി കണ്‍മുന്നിലുണ്ടായിട്ടും കാണാന്‍ കഴിയാതിരുന്ന മകളെ കണ്‍നിറയെ കാണാന്‍ മാതാപിതാക്കള്‍ എത്തി. സജിതയുടെ മാതാപിതാക്കളായ ശാന്തയും വേലായുധനുമാണ് വാടകവീട്ടില്‍ എത്തി മകളെ കണ്ടത്.

മകള്‍ ഒരുവിളിക്കപ്പുറം ഉണ്ടായിരുന്നിട്ടും കാണാന്‍ കഴിയാതെ, എവിടെപ്പോയെന്ന ചിന്തയില്‍ ഉരുകി ജീവിച്ചിരുന്ന ശാന്തയും വേലായുധനും ഇന്ന് രാവിലെയാണ് സജിതയുടെ വാടകവീട്ടിലെത്തിയത്.

അയിലൂര്‍ സ്വദേശി റഹ്മാനാണ് കാമുകിയെ സ്വന്തം മുറിക്കുള്ളിച്ചില്‍ ഒളിപ്പിച്ച്‌ താമസിപ്പിച്ചത്.10 വര്‍ഷം മുന്‍പ് മകളെ കാണാതായെന്ന് മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു.

കഴിഞ്ഞ ദിവസമാണ് മകള്‍ ജീവിച്ചിരിപ്പുണ്ടെന്ന് മാതാപിതാക്കള്‍ അറിഞ്ഞത്. തുടര്‍ന്നാണ് കൂടിക്കാഴ്ച. മൂന്നുമാസം മുന്‍പാണ് സജിതയും റഹ്മാനും ഇവിടേക്ക് താമസം മാറിയത്. ഇതിനു പിന്നാലെ മാതാപിതാക്കള്‍ തന്നെ ഫോണില്‍ വിളിച്ചിരുന്നതായും സജിത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മൂന്നു മാസം മുമ്ബ് വീട് വിട്ടിറങ്ങിയ റഹ്മാനെ കഴിഞ്ഞ ദിവസം സഹോദരന്‍ യാദൃശ്ചികമായി കണ്ടെത്തിയതാണ് സംഭവത്തില്‍ നിര്‍ണായകമായത്. തുടര്‍ന്ന് റഹ്മാന്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിയ പൊലീസ് സംഘം കണ്ടത് 10 വര്‍ഷം മുമ്ബ് കാണാതായ സജിത എന്ന യുവതിയെയായിരുന്നു.

തങ്ങള്‍ പ്രണയത്തിലാണെന്നും 10 വര്‍ഷം യുവതിയെ സ്വന്തം വീട്ടില്‍ ആരുമറിയാതെ താമസിപ്പിച്ചെന്നും റഹ്മാന്‍ വെളിപ്പെടുത്തിയപ്പോള്‍ പൊലീസിന് പോലും ആദ്യം വിശ്വസിക്കാനായില്ല.

എന്നാല്‍, ഇവരുടെ മൊഴികളനുസരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ ഇവര്‍ പറഞ്ഞതൊന്നും അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു.

റഹ്മാനും സജിതയുമായുള്ള ബന്ധം തുടങ്ങുന്നത് 2010 ഫെബ്രുവരി രണ്ടിനാണ്. റഹ്മാന്റെ സഹോദരിയുടെ കൂട്ടുകാരിയാണ് സജിത. സഹോദരിയെ കാണാനും സംസാരിക്കാനുമായി സജിത വീട്ടിലെത്തുന്നത് പതിവായിരുന്നു.

ഈ സൗഹൃദം വളര്‍ന്ന് പ്രണയമായപ്പോഴാണ് റഹ്മാനൊപ്പം ജീവിക്കാന്‍ 18 വയസ്സുകാരിയായ സജിത വീടുവിട്ടിറങ്ങിയത്. ഇലക്‌ട്രിക്കല്‍ ജോലിയും പെയിന്റിങ്ങും ചെയ്ത് കഴിയുകയായിരുന്നു റഹ്മാന്‍.

തനിക്കൊപ്പം ഇറങ്ങിത്തിരിച്ച സജിതയെ റഹ്മാന്‍ ആരുമറിയാതെ സ്വന്തം വീട്ടിലെത്തിച്ചു. കഷ്ടിച്ച്‌ രണ്ടാള്‍ക്ക് മാത്രം കിടക്കാന്‍ കഴിയുന്ന ചെറുമുറിയില്‍ വീട്ടുകാര്‍ പോലും അറിയാതെ ഇരുവരും ജീവിതം ആരംഭിക്കുകയും ചെയ്യുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button