രാജ്യദ്രോഹക്കേസ്: മുൻകൂർ ജാമ്യം തേടി ആയിഷ സുൽത്താന ഹൈക്കോടതിയെ സമീപിച്ചു
കൊച്ചി: രാജ്യദ്രോഹക്കേസ് എടുത്തതിനെതിരെ ചലച്ചിത്ര പ്രവർത്തക ആയിഷ സുൽത്താന ഹൈക്കോടതിയെ സമീപിച്ചു. മുൻകൂർ ജാമ്യം തേടിയാണ് ആയിഷ കോടതിയെ സമീപിച്ചത്. കൊച്ചിയിലെ മുതിർന്ന അഭിഭാഷകൻ മുഖേനയാണ് ആയിഷ കോടതിയിൽ ഹർജി നൽകിയത്. ആയിഷ സുൽത്താനയുടെ ഹർജി കോടതി നാളെ പരിഗണിക്കും.
ഒരു ടെലിവിഷൻ ചർച്ചയിൽ ഭരണകൂട നടപടികളെ വിമർശിച്ചതിനാണ് ചലച്ചിത്ര പ്രവർത്തകയും എഴുത്തുകാരിയുമായ ആയിഷ സുൽത്താനക്കെതിരെ രാജ്യദ്രോഹക്കേസ് എടുത്തത്. 124 എ, 153 ബി എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെ ചാനൽ ചർച്ചയ്ക്കിടെ ‘ജൈവായുധം’ എന്ന് വിശേഷിപ്പിച്ചതിന് എതിരെ ബിജെപി ലക്ഷദ്വീപ് അധ്യക്ഷൻ നൽകിയ പരാതിയിലാണ് കേസെടുത്തത്. ‘ചൈന മറ്റ് രാജ്യങ്ങൾക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പൺ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സർക്കാർ ലക്ഷദ്വീപിന് നേരെ പ്രഫുൽ പട്ടേലെന്ന ബയോവെപ്പൺ ഉപയോഗിച്ചത്’ എന്നായിരുന്നു പരാമർശം.