സംസ്ഥാന വ്യാപക ലോക്ക്ഡൗണ്‍ നാളെ തീരും, ഇനി പ്രാദേശിക നിയന്ത്രണം മാത്രം
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ എങ്ങനെ വേണമെന്നതില്‍ ഇന്ന് തീരുമാനം ഉണ്ടാകും. 17-ാം തീയതി മുതല്‍ മുതല്‍ സംസ്ഥാന വ്യാപകമായി ഒരേ രീതിയില്‍ ലോക്ക് ഡൗണ്‍ ഉണ്ടാകില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ തദ്ദേശ സ്ഥാപനങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. എന്തൊക്കെ ഇളവുകള്‍ വേണമെന്നതില്‍ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന അവലോകനയോഗം തീരുമാനമെടുക്കും.
ടിപിആര്‍ കുറഞ്ഞ പ്രദേശങ്ങളില്‍ ഓട്ടോ, ടാക്സി സര്‍വ്വീസുകള്‍ക്ക് അനുമതി കിട്ടാന്‍ ഇടയുണ്ട്. കെഎസ്‌ആര്‍ടിസി കൂടുതല്‍ സര്‍വ്വീസുകളുമുണ്ടാകും. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ അന്‍പത് ശതമാനത്തില്‍ കൂടുതല്‍ ജീവനക്കാരെ പ്രവേശിപ്പിക്കാനും അനുവാദം നല്‍കാനിടയുണ്ട്. തുണിത്തരങ്ങളും ചെരിപ്പുകളും കണ്ണടയും വില്‍ക്കുന്ന കടകള്‍ക്കും തുറക്കാന്‍ അനുമതിയുണ്ട്.
അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് നേരത്തേ തന്നെ തുറക്കാന്‍ അനുമതിയുണ്ടായിരുന്നു. തിയേറ്ററുകള്‍. ബാറുകള്‍, ജിം, മള്‍ട്ടിപ്ലക്സുകള്‍ എന്നിവക്ക് ഈ ‘അണ്‍ലോക്ക്’ പ്രക്രിയയിലും തുറക്കാന്‍ അനുമതി ഈ ഘട്ടത്തില്‍ നല്‍കാനിടയില്ല. അന്തര്‍ജില്ലാ യാത്രകളടക്കം വിലക്കി, പൂര്‍ണമായും അടച്ചിട്ടുള്ള ലോക്ക്ഡൗണ്‍ വ്യാഴാഴ്ചയ്ക്ക് ശേഷം മുന്നോട്ടു പോകാനാകില്ലെന്നാണ് പൊതുവികാരം. ഇതിനാല്‍ നിയന്ത്രണങ്ങള്‍ സോണുകളാക്കി തിരിച്ച് രോഗവ്യാപനം കൂടിയ മേഖലകളിലേക്ക് കേന്ദ്രീകരിക്കും. മൂന്നാംതരംഗം മുന്നില്‍ നില്‍ക്കെ അതീവശ്രദ്ധയോടെയായിരിക്കും തീരുമാനം.
രണ്ടാംതരംഗത്തിന്‍റെ ഭീഷണി ഒഴിയുന്നുവെന്ന് തന്നെയാണ് വിദഗ്ദാഭിപ്രായവും. എന്നാല്‍ പാളിച്ചയുണ്ടായാല്‍ മൂന്നാംതരംഗം ഗുരുതരമാകും, നിലവിലെ സ്ഥിതിയും വഷളാകും. ഇളവുകളുടെ ഭാഗമായി അന്തര്‍ജില്ലാ യാത്രകള്‍ക്കുള്ള വിലക്ക് നീക്കാനിടയുണ്ട്. കൂടുതല്‍ മേഖലകള്‍ തുറക്കും. കൊവിഡ് ചികിത്സയില്‍ മാത്രമായി കേന്ദ്രീകരിച്ച ആശുപത്രികള്‍ ഒഴിയുന്നതോടെ കൊവിഡ് ഇതര ചികിത്സകളും സജീവമാകും.