Kerala NewsLatest NewsPoliticsUncategorized

ബിജെപി നേതാക്കളെ വേട്ടയാടുന്നത് അവസാനിപ്പിക്കണം; കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷനെയും നേതാക്കളെയും വേട്ടയാടുന്നത് അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് ബിജെപി കോർകമ്മിറ്റി അംഗങ്ങൾ പാളയം രക്തസാക്ഷി മണ്ഡപത്തിൽ സത്യാഗ്രഹ സമരം നടത്തി. കൊടകര കേസിൽ ബിജെപിയെ ഉൾപ്പെടുത്താൻ ശ്രമിച്ച് നാണംകെട്ട പൊലീസ് മഞ്ചേശ്വരം കേസിൽ കെ.സുരേന്ദ്രനെ കുടുക്കാൻ ശ്രമിക്കുകയാണെന്ന് സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത മുൻസംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. സത്യവാങ്മൂലം നൽകി പത്രിക പിൻവിലിച്ച സുന്ദരയെ കൊണ്ട് രണ്ടുമാസത്തിന് ശേഷം കേസ് കൊടുപ്പിക്കുന്നത് സിപിഎമ്മിന് ബിജെപിയോട് നേർക്ക് നേരെ പോരാടാൻ ശേഷിയില്ലാത്തത് കൊണ്ടാണ്. ബിജെപിക്കെതിരെ സിപിഎം ഒളിയുദ്ധമാണ് നടത്തുന്നത്. മരങ്ങൾ മുറിച്ച് കടത്തിയ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് മറിച്ചുവെക്കാനാണ് ഇടതുപക്ഷം ബിജെപിക്കെതിരെ നിഴൽ യുദ്ധം നടത്തുന്നത്. വരുമാനം കണ്ടെത്താൻ പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യുകയാണ് സംസ്ഥാന സർക്കാർ. കേരളത്തിൽ സിപിഎമ്മുകാർക്ക് എന്തും ചെയ്യാമെന്ന അവസ്ഥയാണുള്ളത്. ജനാധിപത്യരീതിയിൽ പ്രവർത്തിക്കുന്ന ബിജെപിയെ ഇല്ലായ്മ ചെയ്യുവാനാണ് സർക്കാരിന്റെ ശ്രമം. അഴിമതിക്കും തട്ടിപ്പിനുമെതിരെ പ്രതികരിക്കാൻ കോൺഗ്രസിന് കഴിയില്ലെന്നും ബിജെപിയാണ് തങ്ങളുടെ എതിരാളിയെന്നും സിപിഎമ്മിനറിയാം. മരം മുറിച്ച സ്ഥലങ്ങൾ ഒരു മന്ത്രി പോലും സന്ദർശിക്കാത്തത് എന്താണെന്നും കുമ്മനം രാജശേഖരൻ ചോദിച്ചു.

കേരളത്തിൽ മുഖ്യമന്ത്രി പിണറായിയുടെ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് സത്യാഗ്രഹത്തിൽ അദ്ധ്യക്ഷത വഹിച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ എഎൻ രാധാകൃഷ്ണൻ പറഞ്ഞു. മാന്യമായി പൊതുപ്രവർത്തനം നടത്തുന്നവരെ അവഹേളിക്കുകയും മാദ്ധ്യമവേട്ടക്ക് എറിഞ്ഞു കൊടുക്കുകയും ചെയ്യുകയാണ്. കൊടകരയിലെ സംഭവത്തിൽ ബിജെപിയെ കുടുക്കാൻ പിണറായിയുടെ പൊലീസ് ഗൂഢാലോചന നടത്തി. കേരളത്തിലെ ജനാധിപത്യ വിശ്വാസികളെയാണ് പിണറായി വിജയൻ വെല്ലുവിളിക്കുന്നത്. കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് പിണറായി മനസിലാക്കണമെന്നും രാധാകൃഷ്ണൻ പറഞ്ഞു. പിണറായി സർക്കാരിന്റെ ഫാസിസത്തിനെതിരെ മുട്ടുമടക്കില്ലെന്ന് ദേശീയ നിർവാഹകസമിതി അംഗം പികെ കൃഷ്ണദാസ് പറഞ്ഞു. സുരേന്ദ്രനെ വേട്ടയാടാൻ സിപിഎമ്മിനെ അനുവദിക്കില്ല. ബിജെപി വിരുദ്ധതയുടെ പേരിൽ രാജ്യദ്രോഹത്തെ പോലും അനുകൂലിക്കുന്നതിലേക്ക് ഇടതു-വലത് മുന്നണികൾ തരംതാണു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. മുൻ എംഎൽഎ ഒ.രാജഗോപാൽ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എംടി രമേശ്, സി.കൃഷ്ണകുമാർ, ജോർജ് കുര്യൻ, പി.സുധീർ എന്നിവർ സത്യാഗ്രഹത്തിൽ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് വിവി രാജേഷ് സ്വാഗതം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button