കോവിഡ് മൂന്നാം തരംഗം രണ്ടു മാസത്തിനകമെന്ന മുന്നറിയിപ്പുമായി ‘എയിംസ്’ മേധാവി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് മൂന്നാം തരംഗം ഒഴിച്ചുകൂടാനാവാത്തതാണെന്നും ആറു മുതല്‍ എട്ടാഴ്ച വരെ സമയത്തിനുള്ളില്‍ അത് സംഭവിക്കുമെന്നും മുന്നറിയിപ്പ് നല്കി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. ദേശീയ ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് മുന്നറിയിപ്പ്.
‘രാജ്യം വീണ്ടും തുറന്നതോടെ കോവിഡ് മുന്‍കരുതല്‍ കുറഞ്ഞതാണ് വില്ലനാകുന്നത്. ഒന്നാം തരംഗം കഴിഞ്ഞുള്ള ഇടവേളയില്‍ നിന്ന് നാം പാഠമുള്ക്കാണ്ടില്ല. ജനം കൂട്ടമായി ചേര്‍ന്നുനിന്ന് കാര്യങ്ങള്‍ ചെയ്യുന്നു. ദേശീയതലത്തില്‍ അക്കങ്ങള്‍ പെരുകാന്‍ സമയമെടുക്കുമെങ്കിലും രോഗവ്യാപനം എട്ടാഴ്ചക്കുള്ളില്‍ ഉണ്ടാകും”- ഡോ.ഗുലേറിയ മുന്നറിയിപ്പ് നല്കുന്നു.
രാജ്യത്തെ ശരിക്കും നിശ്ചലമാക്കിയ രണ്ടാം തരംഗം പിടിമുറുക്കിയ ഘട്ടത്തില്‍ ആശുപത്രി ബെഡുകളില്ലാതെയും ഓക്സിജന്‍ ലഭിക്കാതെയും ആയിരങ്ങള്‍ പിടഞ്ഞുവീണിരുന്നു. മരുന്നു ക്ഷാമവും വിവിധ സംസ്ഥാനങ്ങളെ തളര്‍ത്തി. പതിനായിരങ്ങളാണ് ആഴ്ചകള്‍ക്കുള്ളില്‍ മരണം പുല്കിയത്. സമൂഹ മാധ്യമങ്ങള്‍ വഴി സഹായ സന്ദേശങ്ങള്‍ പറന്നുനടന്നതോടെ ലോകത്തുടനീളം വിവിധ രാജ്യങ്ങള്‍ സഹായവുമായി എത്തി.
രണ്ടാം തരംഗം അപകടകരമായ ഘട്ടം പിന്നിട്ടതോടെ രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും നിയന്ത്രണങ്ങളില്‍ അയവു ചെയ്തിരുന്നു.