200 ബി.ജെ.പി പ്രവര്‍ത്തകര്‍ തൃണമൂലില്‍ ; തല മൊട്ടയടിച്ച് പ്രായശ്ചിത്തo
കൊല്‍ക്കത്ത: തെരഞ്ഞെടുപ്പിലെ മമത ബാനര്‍ജിയുടെ വിജയത്തിന് പിന്നാലെ ബംഗാള്‍ ബി.ജെ.പിയില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസിലേക്കുള്ള ഒഴുക്ക് തുടരുന്നു. ഹൂഗ്ലി ജില്ലയിലെ200 ഓളം ബി.ജെ.പി പ്രവര്‍ത്തകരാണ് ചൊവ്വാഴ്ച തൃണമൂലിലേക്ക് മടങ്ങിയെത്തിയത് .അപരുപ പൊഡ്ഡാര്‍ എം.പിയുടെ സാന്നിധ്യത്തിലാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ തൃണമൂലില്‍ തിരിച്ചെത്തിയത്.
വര്‍ഗീയതയും വിദ്വേഷവും മാത്രം പടര്‍ത്തുന്ന കാവി രാഷ്ട്രീയം മടുത്തെന്ന് പ്രവര്‍ത്തകര്‍ വാര്‍ത്ത സമ്മേളനത്തില്‍ പ്രതികരിച്ചു. നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയില്‍ പ്രവര്‍ത്തിച്ച പാപത്തിന് പ്രായശ്ചിത്തമായി എട്ടു പ്രവര്‍ത്തകര്‍ തലമൊട്ടയടിച്ചിട്ടുണ്ട്. തൃണമൂലില്‍ നിന്നും ബി.ജെ.പിയിലേക്ക് കൂടു മാറിയവര്‍ക്ക് മടങ്ങിവരാമെന്ന് മമത ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു.
പശ്ചിമ ബംഗാളിലെ ബി.ജെ.പിയുടെ പരാജയത്തിന് പിന്നാലെ തൃണമൂല്‍ വിട്ട മുകുള്‍ റോയ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ തൃണമൂലിലേക്ക് തിരികെയെത്തിയിരുന്നു. അതേ സമയം ഇതെല്ലാം നാടകമാണെന്നാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പരിഹസിക്കുന്നത് .