Kerala NewsLatest News

കുഞ്ഞിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ച സംഭവം: കാണാതായ യുവതികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

കൊല്ലം കല്ലുവാതുക്കല്‍ ഊഴായിക്കോട് കരിയിലക്കൂനയില്‍ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ ദുരുഹത വർധിക്കുന്നു. കാണാതായ യുവതികളിൽ ഒരാളുടെ മൃതദേഹം ലഭിച്ചു. ഇത്തിക്കരയാറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഉഴായിക്കോട് സ്വദേഷി ആര്യ (23) യുടെ മൃതദേഹമാണ് ലഭിച്ചത്. ആദിച്ചനല്ലൂർ മീനാട് ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കേസിൽ അറസ്റ്റിലായ രേഷ്മയുടെ ഭർത്തൃ സഹോദരൻ്റെ ഭാര്യയാണ് ആര്യ.

ഗ്രീഷ്മയ്ക്കായി തിരച്ചിൽ തുടരുന്നു.ഇന്നലെ ഉച്ചയോടെയാണ് ഇവരെ കാണാതായത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇവര്‍ക്ക് പാരിപ്പള്ളി പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. കുട്ടിയുടെ അമ്മയായ കല്ലുവാതുക്കല്‍ പേഴുവിള വീട്ടില്‍ രേഷ്മ (22) ആണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഡിഎന്‍എ പരിശോധനയിലൂടെയാണ് അമ്മയെ കണ്ടെത്തിയത്.

ഫേയ്സ്ബുക്കിൽ പരിചയപ്പെട്ട കാമുകന്റെ നിർദ്ദേശപ്രകാരമായിരുന്നു കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് രേഷ്മ പൊലീസിനോട് പറഞ്ഞത്. അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ഇതുവരെ കാണാത്ത ‘കാമുകനെ’ അവതരിപ്പിക്കുന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. യുവതി ഗർഭിണിയായതും പ്രസവിച്ച വിവരവും ഭർത്താവടക്കം ഒപ്പം താമസിച്ചിരുന്നവരാരും അറിഞ്ഞിരുന്നില്ലെന്ന് പൊലീസ് പറയുന്നു

ഈ വർഷം ജനുവരി 5ന് പുലർച്ചെയാണ് കൊല്ലം പരവൂരിനടുത്ത് ഊഴായിക്കോട്ട് സുദർശനൻ പിള്ളയുടെ വീട്ടുവളപ്പിൽ നവജാതശിശുവിനെ കരിയില കൂനയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശ്വാസകോശത്തിലടക്കം കരിയില കയറിയ കുഞ്ഞ് പിറ്റേന്ന് മരിക്കുകയും ചെയ്തു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് സുദർശനൻ പിള്ളയുടെ മകൾ രേഷ്മ തന്നെയാണ് കുഞ്ഞിനെ പ്രസവിച്ച് ഉപേക്ഷിച്ചതെന്നു പൊലീസ് കണ്ടെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button