Latest NewsNational

ജമ്മു എയര്‍ ഫോഴ്‌സ് സ്റ്റേഷനിലെ ഇരട്ട സ്‌ഫോടനം: ഭീകരാക്രമണമെന്ന് സംശയം

ശ്രീനഗര്‍: ജമ്മുവിലെ എയര്‍ ഫോഴ്‌സ് സ്‌റ്റേഷനിലുണ്ടായ ഇരട്ട സ്‌ഫോടനം ഭീകരാക്രമണമെന്ന് സംശയം. ഐഇഡി സ്‌ഫോടനമാണ് നടന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി ഡ്രോണ്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

പാകിസ്താന്‍ അതിര്‍ത്തിയില്‍ നിന്നും 14 കിലോ മീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന എയര്‍ ഫോഴ്‌സ് സ്‌റ്റേഷനിലാണ് സ്‌ഫോടനം നടന്നിരിക്കുന്നത്. ഡ്രോണ്‍ ഉപയോഗിച്ച്‌ ഇന്ത്യയുടെ അതിര്‍ത്തിയില്‍ നിന്നും 12 കിലോ മീറ്റര്‍ ഉള്ളിലേയ്ക്ക് ആയുധങ്ങള്‍ എത്തിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഭീകരാക്രമണത്തിനുള്ള സാധ്യത സുരക്ഷാ ഏജന്‍സികള്‍ പരിശോധിക്കുന്നത്. ഇതിനിടെ, ഇന്ന് രാവിലെ ജമ്മുവില്‍ നിന്നും രണ്ട് ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് സ്‌ഫോടനവുമായി ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിച്ചുവരികയാണ്.

നിലവില്‍ എന്‍എസ്ജിയുടെ ബോംബ് ഡേറ്റ ടീമും ദേശീയ അന്വേഷണ ഏജന്‍സിയുടെ പ്രത്യേക സംഘവും ജമ്മുവിലേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എയര്‍ ചീഫ് മാര്‍ഷല്‍ എച്ച്‌.എസ് അറോറയുമായി ചര്‍ച്ച നടത്തി. സാഹചര്യം വിലയിരുത്താനായി എയര്‍ മാര്‍ഷല്‍ വിക്രം സിംഗ് ജമ്മുവിലേയ്ക്ക് അല്‍പ്പ സമയത്തിനകം എത്തിച്ചേരുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button