Kerala NewsLatest NewsPolitics

സ്വര്‍ണക്കടത്ത് അന്വേഷണം എത്തുന്നത് ഡിവൈഎഫ്‌ഐ ഓഫിസില്‍: വി മുരളീധരന്‍

ചെന്നൈ: തിരുവനന്തപുരം സ്വര്‍ണക്കടത്ത് അന്വേഷണം ചെന്നെത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിലാണെങ്കില്‍ കരിപ്പൂര്‍ സ്വര്‍ണക്കടത്തിന്റെ അന്വേഷണം ചെന്നെത്തുന്നത് ഡിവൈഎഫ്‌ഐയുടെ ഓഫിസിലാണെന്നു കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. കേരളത്തില്‍ നടക്കുന്ന മുഴുവന്‍ സ്വര്‍ണക്കടത്തിനും സംരക്ഷണം കൊടുക്കുന്നത് സിപിഎമ്മും അതിന്റെ പോഷക സംഘടനകളുമാണ്. അവരാണ് രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് എന്നത് ഇതിലൂടെ വ്യക്തമാവുകയാണെന്നും മുരളീധരന്‍ പറഞ്ഞു.

ക്രിമിനല്‍ സംഘങ്ങളുടേയും മാഫിയകളുടേയും പിന്തുണയില്ലാതെ സിപിഎമ്മിന് നിലനില്‍ക്കാന്‍ കഴിയില്ലെന്നാണ് വ്യക്തമാവുന്നത്. ക്വട്ടേഷന്‍ സംഘങ്ങള്‍ സിപിഎം നേതൃത്വത്തെ ഭീഷണിപ്പെടുത്തുന്നു എന്നതാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദരേഖയിലൂടെ വ്യക്തമാക്കുന്നത്. ക്വട്ടേഷന്‍ സംഘങ്ങളുടെ കൈവശം ഇത്തരത്തിലുള്ള നിരവധി ശബ്ദരേഖകള്‍ ഉണ്ടെന്നാണ് മനസ്സിലാക്കുന്നത്.

നാളെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഇതിനു പിന്നാലെ അന്വേഷണവുമായി എത്തുമ്ബോള്‍ ഞങ്ങളെ വേട്ടയാടുന്നുവെന്ന് പറഞ്ഞ് ഇരവാദം ഉന്നയിക്കുന്നതാണ് സിപിഎമ്മിന്റെ സമീപനം. സംഭവങ്ങളുടെ യാഥാര്‍ത്ഥ്യം ഈ ശബ്ദരേഖയിലൂടെ ജനങ്ങള്‍ക്ക് വ്യക്തമായെന്നും മുരളീധരന്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button