കോവിഡില്‍ മരിച്ചവരുടെ പട്ടിക എന്തിന് മറച്ചുവച്ചു? മറുപടി പറയണം; ആരോഗ്യമന്ത്രിയോട് പ്രതിപക്ഷം
കൊച്ചി: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ പട്ടിക സര്‍ക്കാര്‍ മറച്ചുവച്ചു എന്ന ചോദ്യത്തിന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. ഐസിഎംആറിന്റെ മാര്‍ഗരേഖ ഉയര്‍ത്തിപ്പിടിച്ച് സംസാരിക്കുന്ന മന്ത്രി എപ്പോഴെങ്കിലും അത് വായിച്ചുനോക്കാന്‍ തയ്യാറാകണമെന്നും കോവിഡ് മരണത്തില്‍ സര്‍ക്കാരിന്റെ കയ്യിലുള്ള കണക്ക് പരാതി കിട്ടിയാലെ പരിശോധിക്കൂ എന്ന് പറയുന്നതിലെ ന്യായം എന്താണെന്നും അദ്ദേഹം ചോദിച്ചു.
കോവിഡിന്റെ ആഘാതത്താലുണ്ടായ മറ്റ് അസുഖങ്ങളാല്‍ മരണപ്പെട്ടവര്‍ ഈ ലിസ്റ്റില്‍ പെടാന്‍ ആര്‍ക്കാണ് പരാതി കൊടുക്കേണ്ടത് ? പരാതിയുമായി ചെല്ലുന്ന ആളുകളോട് തെളിവുകള്‍ ഹാജരാക്കാന്‍ പറഞ്ഞാല്‍ സര്‍ക്കാരിന്റെ കയ്യിലുള്ള വിവരങ്ങള്‍ അവര്‍ എങ്ങനെ നല്‍കും ? തുടങ്ങി വിവിധ ചോദ്യങ്ങള്‍ അദ്ദേഹം സര്‍ക്കാരിന് നേരെ ഉയര്‍ത്തി. ഡോക്ടറാണ് മരണകാരണം നിര്‍ണയിക്കേണ്ടതെന്ന ഐസിഎംആര്‍ നിര്‍ദ്ദേശമിരിക്കെ അതിനെ മറികടന്ന് തിരുവനന്തപുരത്തെ വിദഗ്ത സമിതി മരണ ലിസ്റ്റുകള്‍ വെട്ടിക്കുറയ്ക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ഇതിനിടെ ബിജെപിക്കെതിരെയും പ്രതിപക്ഷ നേതാവ് വിമര്‍ശനം ഉന്നയിച്ചു. കേരള സര്‍ക്കാരും ബിജെപിയും തമ്മില്‍ ഇപ്പോള്‍ നടക്കുന്നത് സര്‍ക്കസിലെ തള്ളാണെന്ന് വിഡി സതീശന്‍ പറഞ്ഞു. ഒച്ച മാത്രമേ കേള്‍ക്കു ആര്‍ക്കും പരിക്ക് പറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു അന്വേഷണ ഏജന്‍സി നോട്ടീസ് നല്‍കിയാല്‍ ഹാജരാവുകയെന്നതും നാട്ടിലെ നിയമം അനുസരിക്കുകയെന്നതും എല്ലാ പൗരന്മാരുടെയും ബാധ്യതയാണ്. സംഭവം നടന്ന് മൂന്ന് മാസം കഴിഞ്ഞാണ് ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയത്. കൊടകര കുഴല്‍പ്പണവും സ്വര്‍ണ്ണക്കള്ളക്കടത്തും ഒത്തുതീര്‍പ്പാക്കാന്‍ നോക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.