കരിപ്പൂര്‍ സ്വര്‍ണക്കടത്ത് ; അര്‍ജുന്‍ ആയങ്കിയെ പൂട്ടാന്‍ കസ്റ്റംസ് ; ഭാര്യയെ ഇന്ന് ചോദ്യം ചെയ്യും
കണ്ണൂര്‍ : കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയുടെ ഭാര്യയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ ഹാജരാകാനാണ് അമലയ്ക്ക് കസ്റ്റംസ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നിലവില്‍ അര്‍ജുന്‍ ആയങ്കി കസ്റ്റംസ് കസ്റ്റഡിയിലാണ്.
ഹാജരാകാന്‍ ആവശ്യപ്പെട്ട് വെള്ളിയാഴ്ചയായിരുന്നു അമലയ്ക്ക് നോട്ടീസ് നല്‍കിയത്. സ്വര്‍ണക്കടത്തിനെക്കുറിച്ച് അമലയ്ക്ക് അറിവുണ്ടായിരുന്നുവെന്നാണ് കസ്റ്റംസിന്റെ നിഗമനം. ഇത് കൂടാതെ അര്‍ജുന്‍ നയിച്ചിരുന്നത് ആഢംബര ജീവിതമാണെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് അമലയെ ചോദ്യം ചെയ്യുന്നത്. അര്‍ജുന്റെ സാമ്ബത്തിക ഇടപാടുകളെക്കുറിച്ചും ഭാര്യയോട് ചോദിച്ചറിയും. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധയിടങ്ങളിലായി നടത്തിയ പരിശോധനയില്‍ അര്‍ജുനെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചോദിച്ചറിയും.
അതേസമയം കരിപ്പൂര്‍വഴി സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായ മുഹമ്മദ് ഷഫീഖിന്റെ കസ്റ്റഡി ഇന്ന് അവസാനിക്കും. ഈ സാഹചര്യത്തില്‍ ഷഫീഖിനെ കോടതിയില്‍ ഹാജരാക്കും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘം ഇന്ന് കോടതിയെ അറിയിക്കും.