മുന്‍ കേന്ദ്രമന്ത്രിയുടെ ഭാര്യ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍; അലക്കുകാരന് പൊലീസ് കസ്റ്റഡിയില്‍
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി രംഗരാജന് കുമാരമംഗലത്തിന്റെ ഭാര്യ കിറ്റി കുമാരമംഗലം കൊല്ലപ്പെട്ടു. ന്യൂഡല്‍ഹി വസന്ത് വിഹാറിലെ വീട്ടിലാണ് കിറ്റിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കവര്‍ച്ച ലക്ഷ്യമിട്ട് കയറിയ സംഘം കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ രാത്രി ഒമ്ബതു മണിയോടെയാണ് കൊലപാതകികള്‍ വീട്ടിനകത്ത് കയറിയതെന്ന് പൊലീസ് വ്യക്തമാക്കി. സ്ഥിരമായി എത്താറുള്ള അലക്കുകാരനാണ് ആദ്യം വീട്ടിലെത്തിയത്. ഇയാള്‍ കോളിംഗ് ബെല്ലടിച്ചപ്പോള്‍ വീട്ടുജോലിക്കാരി വാതില്‍ തുറന്നു. വീട്ടുജോലിക്കാരിയെ ഇയാള്‍ കെട്ടിയിട്ടു. തുടര്‍ന്നാണ് സംഘത്തിലെ മറ്റ് രണ്ടുപേര്‍ വീട്ടില്‍ കയറിയത്. ഇവര്‍ കിറ്റിയെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മൂന്നുപേരും തിരിച്ചുപോയ ശേഷം വീട്ടുജോലിക്കാരി തന്റെ കെട്ടഴിക്കുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. പതിനൊന്ന് മണിയോടെയാണ് വിവരം അറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയിലായിട്ടുണ്ട്. വസന്തവിഹാര്‍ സ്വദേശിയായ അലക്കുകാരനെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.
അലക്കുകാരന് കൂടെയുളള രണ്ട് പേരും ആരൊക്കെയാണെന്ന് പൊലീസിനോട് പറഞ്ഞിട്ടുണ്ട്. തങ്ങള്‍ വീട്ടിലേക്കെത്തുമ്ബോള് ബ്രീഫ്കേസുകളടക്കം തുറന്നനിലയിലായിരുന്നുവെന്നാണ് പൊലീസുകാര്‍ പറയുന്നത്. നരസിംഹ റാവു മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന രംഗരാജന് കുമാരമംഗലം പിന്നീട് കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേരുകയായിരുന്നു. വാജ്പേയ് സര്‍ക്കാരിലും ഇദ്ദേഹം മന്ത്രിയായിരുന്നു.