പി എസ് സി സമരവേദിയില്‍ പൊട്ടിക്കരഞ്ഞ യുവതിയെ തേടി സര്‍കാര്‍ നിയമന ഉത്തരവ്
സെക്രടേറിയറ്റിനു മുന്നിലെ പിഎസ്സി സമരവേദിയില്‍ പൊട്ടിക്കരഞ്ഞ യുവതിയെ തേടി സര്‍കാര്‍ നിയമന ഉത്തരവ്. തൃശൂര്‍ എരുമപ്പെട്ടി സ്വദേശി ഡെന്‍സി ടിഡിയ്ക്ക് ലാസ്റ്റ് ഗ്രേഡ് സര്‍വന്റായാണ് ഉത്തരവ് ലഭിച്ചത്. എന്നാല്‍, സമരത്തിനൊപ്പം ഉണ്ടായിരുന്ന മറ്റെല്ലാവര്‍ക്കും ജോലി കിട്ടിയാലാണ് കൂടുതല്‍ സന്തോഷമെന്നാണ് ഡെന്‍സി പറയുന്നത്.
‘ജോലി ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. ലാന്റ് റവന്യു കമീഷനിലാണ് നിയമനം. അപോയ്ന്മെന്റ് വന്നിട്ടില്ല. അത് വന്നാലേ കൂടുതല്‍ വിവരങ്ങള്‍ അറിയൂ എന്നും ഡെന്‍സി പറഞ്ഞു.
സെക്രടേറിയറ്റിന് മുന്നില്‍ പി എസ് സി റാങ്ക് ഹോള്‍ഡര്‍മാരുടെ സമരവേദിയില്‍ കെട്ടി പിടിച്ച് പൊട്ടിക്കരഞ്ഞ രണ്ടു യുവതികളെ ഇന്നും ആരും മറന്നു കാണില്ല. സമര നേതാവ് ലയ രാജേഷിനൊപ്പം ഉണ്ടായിരുന്ന യുവതിയാണ് ഡെന്‍സി. റാങ്ക് ലിസ്റ്റില്‍ 497 സ്ഥാനത്തുണ്ടായിരുന്ന ഡെന്‍സിയ്ക്ക് ബുധനാഴ്ചയാണ് നിയമന ഉത്തരവ് ലഭിച്ചത്.
ജോലി ലഭിച്ചതില്‍ സന്തോഷമുണ്ടെങ്കിലും ഒപ്പം സമരം ചെയ്ത ലയ രാജേഷ് ഉള്പെടെയുള്ളര്ക്ക് നിയമനം ലഭിക്കാത്തത് ഡെന്‍സിയെ കൂടുതല്‍ ആശങ്കയിലാക്കുന്നുണ്ട്. ഇപ്പോള്‍ നാല് മാസം ഗര്‍ഭിണിയാണ് ഡെന്‍സി. അതിനാല്‍ പ്രത്യേക അപേക്ഷ പ്രകാരം വീടിനടുത്തുള്ള താലൂക്ക് ഓഫീസില്‍ തന്നെ നിയമനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.