വൈദ്യകുലപതിക്ക് വിട
ലോകത്തിന്റെ നെറുകയിലേക്ക് ആയുര്‍വേദത്തെ വളര്‍ത്തിയെടുത്ത മഹാവൈദ്യനും കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയുമായ ഡോ. പി.കെ വാരിയര്‍(100) അന്തരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് സ്വന്തം വസതിയായ കൈലാസ മന്ദിരത്തിലായിരുന്നു അന്ത്യം. കഴിഞ്ഞ മാസം ജൂണ്‍ എട്ടിനായിരുന്നു അദ്ദേഹം നൂറാം ജന്മദിനം ആഘോഷിച്ചത്. മാനവികതയുടെ മുഖമായി വൈദ്യത്തെ കാണുകയും ലോകത്തിന്റെ നെറുകയിലേക്ക് ആ വൈദ്യത്തെ എത്തിക്കുവാനും അദ്ദേഹത്തിന്‍ കഴിഞ്ഞിട്ടുണ്ട്. 1999 ല്‍ പത്മശ്രീയും 2011 ല്‍ പത്മഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ജീവിതത്തില്‍ അദ്ദേഹം നല്‍കിയ സംഭാവനകളും പ്രവര്‍ത്തനങ്ങളും മാനിച്ച് 1933ല്‍ വൈദ്യരത്നം സ്ഥാനം നല്‍കി ആദരിച്ചിരുന്നു.
എത്ര കുറുക്കിയാലും ഒറ്റക്കുറിപ്പടിയില്‍ തീരുന്നതായിരുന്നില്ല പി.കെ.വാരിയരുടെ ജീവിതാനുഭവങ്ങള്‍. യൗവനത്തില്‍ പഠനമുപേക്ഷിച്ച വിപ്ലവകാരിയായി, കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ സാധാരണക്കാരനായ ഫാക്ടറി മാനേജറായി, പിന്നീട് ആര്യവൈദ്യശാലയെ ചരിത്രനേട്ടങ്ങളിലേക്കു കൊണ്ടെത്തിച്ച അമരക്കാരനായി. 1997ല്‍ ഓള്‍ ഇന്ത്യ ആയുര്‍വേദിക് കോണ്‍ഫറന്‍സ് ‘ആയുര്‍വേദ മഹര്‍ഷി’ സ്ഥാനം അദ്ദേഹത്തിനു സമര്‍പ്പിച്ചിരുന്നു. ധന്വന്തരി പുരസ്‌കാരം, സംസ്ഥാന സര്‍ക്കാരിന്റെ അഷ്ടാംഗരത്‌നം പുരസ്‌കാരം, ഡോ.പൗലോസ് മാര്‍ ഗ്രിഗോറിയോസ് അവാര്‍ഡ്, പതഞ്ജലി പുരസ്‌കാരം, സി.അച്യുതമേനോന്‍ അവാര്‍ഡ്, കാലിക്കറ്റ്, എംജി സര്‍വകലാശാലകളുടെ ഓണററി ഡോക്ടറേറ്റ് എന്നിവ പി.കെ.വാരിയരെത്തേടിയ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. കേരള ആയുര്‍വേദ മണ്ഡലം, അഖിലേന്ത്യാ ആയുര്‍വേദ കോണ്‍ഗ്രസ് എന്നിവയുടെ അധ്യക്ഷനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്മൃതിപര്‍വമെന്ന പേരില്‍ രചിച്ച ആത്മകഥ സംസ്ഥാന സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹമായി.
മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലില്‍ ഒരു സാധാരണ കുടുംബത്തില്‍ 1921 ജൂണ്‍ 5 നാണ് പന്ന്യംപിള്ളി കൃഷ്ണന്‍കുട്ടി വാരിയര്‍ എന്ന പി.കെ വാര്യര്‍ ജനിച്ചത്. അച്ഛന്‍ ശ്രീധരന്‍ നമ്പൂതിരിയും അമ്മ പന്ന്യംപള്ളി കുഞ്ഞിവാരസ്യാരുമായിരുന്നു. കോട്ടക്കല്‍ രാജാസ് ഹൈസ്‌കൂളില്‍ ആണ് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. വൈദ്യപഠനം പൂര്‍ത്തിയാക്കിയത് വൈദ്യരത്നം പി.എസ് വാരിയര്‍ ആയുര്‍വേദ കോളേജിലായിരുന്നു. ആര്യ വൈദ്യപാഠശാലയായാണ് ഈ സ്ഥാപനം അറിയപ്പെട്ടത്. സ്വാതന്ത്ര്യ സമരത്തില്‍ ആകൃഷ്ടനായിരുന്ന അദ്ദേഹം 1942 ല്‍ അതിന്റെ ഭാഗമമാകുകയും ചെയ്തു. പരേതയായ കവി മാധവിക്കുട്ടി വാരസ്യാരാണ് ഭാര്യ. മക്കള്‍: ഡോ. കെ.ബാലചന്ദ്രന്‍ വാരിയര്‍, പരേതനായ കെ.വിജയന്‍ വാരിയര്‍, സുഭദ്ര രാമചന്ദ്രന്‍. മരുമക്കള്‍: രാജലക്ഷ്മി, രതി വിജയന്‍ വാരിയര്‍, കെ.വി.രാമചന്ദ്രന്‍ വാരിയര്‍.
പി.എസ് വാരിയര്‍ സ്ഥാപിച്ച കോട്ടയ്ക്കല്‍ ആര്യവൈദ്യശാല എന്നത് മലപ്പുറം ജില്ലയുടെ പേരും പെരുമയും വാനോളം ഉയര്‍ത്തിയിട്ടുണ്ട്. അര ദശാബ്ദക്കാലത്തിലേറെയായി ആര്യവൈദ്യശാലയുടെ നെടുംതൂണായത് ഡോ.പി.കെ വാരിയര്‍ തന്നെയായിരുന്നു. നിരവധി വിദേശ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതില്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ ചികിത്സാരീതികള്‍ക്ക് വ്യക്തമായ പങ്കുണ്ടായിരുന്നു. പല രാജ്യങ്ങളില്‍ നിന്നായി ചികിത്സ, പഠനം എന്നീ ആവശ്യങ്ങള്‍ക്കായി പലരും ഇവിടെയെത്തിച്ചേര്‍ന്നു. പി.കെ വാര്യര്‍ ആയുര്‍വേദത്തിലെ ഭാരതീയ ചികിത്സാ സമ്പ്രദായത്തിന് നല്‍കിയ സംഭാവനകള്‍ക്ക് ആദരമായി കണ്ണൂര്‍ ജില്ലയിലെ ആറളം വനപ്രദേശത്തു കണ്ടെത്തിയ പുതിയ ഇനം സസ്യത്തിന് പി.കെ വാര്യരുടെ പേര് നല്‍കിയിട്ടുണ്ട്.