അച്ഛന്‍ മര്‍ദിച്ച ഏഴുവയസ്സുകാരി ഗുരുതര നിലയില്‍
കായംകുളം: മദ്യ ലഹരിയില്‍ അച്ഛന്‍ മര്‍ദിച്ച് കാലില്‍ തൂക്കിയെറിഞ്ഞ ഏഴുവയസ്സുകാരി ഗുരുതരനിലയില്‍. തലയ്ക്കുസാരമായി പരിക്കേറ്റ കുട്ടി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തലയോട്ടിക്കു പൊട്ടലുണ്ട്. കുട്ടി ന്യൂറോ സര്‍ജറി വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. സംഭവത്തെ തുടര്‍ന്ന് രക്ഷപ്പെട്ട അച്ഛന്‍ പത്തിയൂര്‍ തോട്ടംഭാഗം രാജേഷ ്ഭവനത്തില്‍ രാജേഷിനെ അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. രാജേഷ് സ്ഥിരമായി മദ്യപിച്ചെത്തി ഭാര്യ ഷംനയുമായി വഴക്കിടാറുണ്ടെന്നു പോലീസ് പറഞ്ഞു. ഇവര്‍ക്കു മൂന്നുമക്കളാണ്. മൂന്നാമത്തെ കുട്ടിയാണു പരിക്കേറ്റ അനര്‍ഷ (ദേവൂട്ടി).
വെള്ളിയാഴ്ച രാജേഷ് ഭാര്യയുമായി വഴക്കുണ്ടാകുകയും രാജേഷ് ഷംനയെ മര്‍ദിക്കുകയും ചെയ്യുന്നത് കണ്ട് മൂത്ത രണ്ടു കുട്ടികള്‍ പേടിച്ച് അടുത്ത പറമ്പില്‍ ഓടിയൊളിച്ചു. ഷംനയെ കഴുത്തില്‍ ഷാളിട്ടു മുറുക്കുന്നതു കണ്ട് തടയാന്‍ ശ്രമിച്ച അനര്‍ഷയെയും തല്ലി. തുടര്‍ന്ന് കാലില്‍ തൂക്കി എറിയുകയായിരുന്നു. തലയ്ക്കു സാരമായി പരിക്കേറ്റ കുട്ടിയുടെ ബോധം നഷ്ടപ്പെടുകയും തുടര്‍ന്ന് ബഹളംകേട്ട് നാട്ടുകാരെത്തി കുട്ടിയെ പത്തിയൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
ഡോക്ടര്‍ ഇല്ലാത്തതിനാല്‍ തിരിച്ചു വീട്ടില്‍ കൊണ്ടു വന്നു. വിവരമറിഞ്ഞെത്തിയ വാര്‍ഡ് അംഗം അമ്പിളി ഷാജിയും നാട്ടുകാരും ചേര്‍ന്നാണ് കുട്ടിയെ താലൂക്കാശുപത്രിയില്‍ എത്തിച്ചത്. നില ഗുരുതരമായതിനാല്‍ വണ്ടാനം മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആറാട്ടുപുഴ സ്‌കൂളിലെ വിദ്യാര്‍ഥിയാണ് അനര്‍ഷ. കുട്ടിയുടെ രണ്ടു സഹോദരന്‍മാരെ ശിശുസംരക്ഷണ സമിതി ഏറ്റെടുത്തു. ഷംന മകളോടൊപ്പം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.
സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി. മനോജ്കുമാര്‍ അനര്‍ഷയെ സന്ദര്‍ശിച്ചു. ആലപ്പുഴ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. ജലജാ ചന്ദ്രന്‍, അംഗം നാജ, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ടി.വി. മിനിമോള്‍, എ.എസ്. അനഘ എന്നിവരും സന്ദര്‍ശിച്ചു. രാജേഷ് രക്ഷപ്പെട്ടെങ്കിലും ഓച്ചിറയില്‍ നിന്ന് പോലീസ് പിടികൂടി. കരീലക്കുളങ്ങര സി.ഐ. എസ്. സുധി ലാലിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം സംഭവസ്ഥലത്തെത്തിയിരുന്നു.