Local News

വിശ്വാസിന്റെ നവീകരിച്ച ഓഫീസും കൗണ്‍സിലിംഗ് റൂമും തുറന്നു.

കുറ്റകൃത്യങ്ങള്‍ക്ക് ഇരയായവരുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ‘വിശ്വാസി’ (വിക്ടിംസ് ഇന്‍ഫര്‍മേഷന്‍, സെന്‍സിറ്റൈസേഷന്‍, വെല്‍ഫെയര്‍ ആന്റ് അസിസ്റ്റന്‍സ് സൊസൈറ്റി)ന്റെ പാലക്കാട് സിവില്‍ സ്റ്റേഷനിലുള്ള നവീകരിച്ച ഓഫീസും കൗണ്‍സിലിംഗ് റൂമും വി. കെ. ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്തു. നിയമപരമായി മാത്രമല്ല, മനുഷ്യത്വപരമായും സാമൂഹിക പ്രതിബദ്ധതയോടെയും ഓരോ കാര്യങ്ങളിലും ഇടപെടുന്ന വിശ്വാസിന്റെ സേവനം അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. അസി. കലക്ടര്‍ ഡി. ധര്‍മ്മലശ്രീ അധ്യക്ഷയായിരുന്നു.

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മാനസിക സമ്മര്‍ദ്ദം നേരിടുന്നവര്‍ക്കും കുറ്റകൃത്യങ്ങള്‍ക്ക് ഇരയായ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള വിഭാഗത്തിനും പരാതികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിശദീകരണം ബോധിപ്പിക്കാനും കൗണ്‍സിലിംഗിനും പുതിയ വിശ്വാസ് ഓഫീസില്‍ സൗകര്യമുണ്ടാവും. കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള സ്നേഹിത പദ്ധതിയുമായി സഹകരിച്ചാണ് സൗജന്യമായി കൗണ്‍സിലിംഗ് ഒരുക്കിയിരിക്കുന്നത്. എല്ലാ വെള്ളിയാഴ്ച്ചകളിലും വിശ്വാസ് ഓഫീസില്‍ ശാസ്ത്രീയ കൗണ്‍സിലിംഗ് പരിശീലനം ലഭിച്ച കൗണ്‍സിലര്‍മാരുടെ സേവനം ഉണ്ടായിരിക്കും. ഈശ്വര്‍ ചാരിറ്റബിള്‍ ട്രസ്റ്റും ലീഡ് കോളേജ് ഓഫ് മാനേജ്മെന്റും കടമ്പഴിപ്പുറം കൈരളി പുരുഷ സ്വയം സഹായ സംഘവുമാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. വിശ്വാസ് ഓഫീസില്‍ നടന്ന പരിപാടിയില്‍ വിശ്വാസ് വൈസ് പ്രസിഡന്റ് അഡ്വ. എസ്. ശാന്താദേവി, സെക്രട്ടറിമാരായ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. പ്രേംനാഥ്, അഡ്വ. ആര്‍. ദേവികൃപ, മറ്റ് അംഗങ്ങള്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button