മരംമുറിക്കേസ്: ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയെന്ന് എ.കെ ശശീന്ദ്രന്‍
കോഴിക്കോട്: മരംമുറിക്കേസില്‍ ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരേ ഉടന്‍ നടപടി ഉണ്ടാകുമെന്ന്്് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍. ‘മരംമുറിക്കേസില്‍ വകുപ്പുതല അന്വേഷണം പൂര്‍ത്തിയായതായും, ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയിട്ടുണ്ടെന്നും ഐ.എഫ്.എസ്. റാങ്കിലുളളവര്‍ക്കെതിരായ നടപടി സംബന്ധിച്ചുളള തീരുമാനം മുഖ്യമന്ത്രി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വയനാട്ടില്‍ നിന്ന് മരം മുറിച്ചാല്‍ അത് കടത്തിക്കൊണ്ടുവരുന്നതിനുളള ഒരു വഴി ലക്കിടി ചെക്പോസ്റ്റാണ്. എന്നാല്‍ മരംകടത്തി എന്നു പറയുന്ന ദിവസങ്ങളില്‍ ലക്കിടി ചെക്പോസ്റ്റില്‍ പരിശോധനകള്‍ നടന്നതായി റെക്കോഡുകളില്‍ കാണുന്നില്ല. അന്ന് ഡ്യൂട്ടിയിലുണ്ടായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
‘ഐഎഫ്എസ് ഉദ്യോഗസ്ഥര്‍ക്കുളള ശിക്ഷാ നടപടികള്‍ വനംവകുപ്പിന് ചെയ്യാന്‍ സാധിക്കില്ല. ശിക്ഷാനടപടികള്‍ സംബന്ധിച്ച വകുപ്പിന്റെ ശുപാര്‍ശ വനംവകുപ്പ് മന്ത്രി കണ്ടതിന് ശേഷം ചീഫ് സെക്രട്ടറിക്ക് അയക്കണം. അവിടെ നിന്ന് മുഖ്യമന്ത്രിക്ക് പോയാല്‍ മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കൂ എന്നും അതുകൊണ്ടാണ് നടപടികള്‍ വൈകുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സമാനമായ രീതിയിലുളള സംഭവമാണ് അടിമാലിയിലും ഉണ്ടായത്. അവിടെയുളള ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ഉദ്യോഗസ്ഥന്മാര്‍ പരസ്പരം ഭീഷണിപ്പെടുത്തിയെന്നാണ് മറ്റൊന്ന്. അത് അന്വേഷിച്ച് നേരത്തേ തന്നെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുളളതാണ് അതില്‍ വനം വകുപ്പ് നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.