അധികൃതരുടെ അനാസ്ഥ മൂലം ശവപ്പറമ്പിന് സമാനമായി വിഴിഞ്ഞം ബസ് ഡിപ്പോ
തിരുവനന്തപുരം : ഏതു നിമിഷവും തകര്‍ന്ന് വീഴുന്ന അവസ്ഥയില്‍ തീരദേശ മേഖലയിലെ ഏറ്റവും പഴക്കമുളള വിഴിഞ്ഞം ബസ് ഡിപ്പോ . യാത്രക്കാര്‍ക്ക് ഭീഷണിയായിയാണ് ഈ ഡിപ്പോ ഇപ്പോള്‍ നിലകൊള്ളുന്നത്. തീരദേശത്തെ പേരുകേട്ട വിഴിഞ്ഞം ഡിപ്പോ ഇന്ന് അധികൃതരുടെ അനാസ്ഥ കാരണം ശവപ്പറമ്പിന് സമാനമായിരിക്കുകയാണ് . യാത്രക്കാര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാതെയാണ് ഈ കെഎസ്ആര്‍ടിസി ഡിപ്പോ ഇന്ന് നിലനില്‍ക്കുന്നത്.ബസ് ഡിപ്പോയുടെ പ്രവേശന കവാടത്തിലെ റോഡ് പൊട്ടിപ്പൊളിഞ്ഞ് വലിയ ഗര്‍ത്തങ്ങളായി മാറി.
ഇവയ്ക്ക് പുറമെ അസി. ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അടക്കമുളള ജീവനക്കാര്‍ ജോലി ചെയുന്ന കെട്ടിട സമുച്ചയത്തിന്റെ പലഭാഗങ്ങളും വിളളലുകള്‍ വീണിട്ടുണ്ട്. മാത്രമല്ല ഏതു സമയവും ഈ ഇരുനില കെട്ടിടം തകരാവുന്ന സ്ഥിതിയിലാണ്. ജീവനക്കാര്‍ പേടിയോടെയാണ് കെട്ടിടത്തില്‍ ജോലിയെടുക്കുന്നത്.
കാലുകളൊടിഞ്ഞ എഴുത്ത് മേശകള്‍,ഒടിഞ്ഞ് തൂങ്ങിയ കസേരകള്‍, വെളളപൂശിയിട്ട് വര്‍ഷങ്ങളായ ചുമരുകളെല്ലാം മാറാലയടിഞ്ഞിരിക്കുകയാണ് .
കാലപ്പഴക്കംകൊണ്ട് ഷോക്കേല്‍ക്കാവുന്ന തരത്തിലുളള ഇലക്ട്രിക് വയറിങ് സംവിധാനം , കാലപ്പഴക്കംകൊണ്ട് പൊട്ടിയും ഉപയോഗ ശൂന്യമായ ശൗചാലയങ്ങള്‍ ഇങ്ങനെ നീണ്ടുപോകുന്ന വിഴിഞ്ഞം ഡിപ്പോയുടെ ശോച്യാവസ്ഥ. സാധാരക്കാളുള്‍പ്പെട്ടവരുടെ ആശ്രയമാണ് വിഴിഞ്ഞം ഡിപ്പോ. ക്യഷിക്കാര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ഏറെ പ്രയോജനമുളള ബസ് റൂട്ടുകളാണ് ഇവിടെ നിന്ന് നടത്തുന്നത്. നഗരത്തിലേക്കും അന്തര്‍ ജില്ലകളിലേക്കും തമിഴ്നാട്ടിലേക്കും ബസ് സര്‍വ്വീസുകള്‍ പുലര്‍ച്ചെ മുതല്‍ ഇവിടെ നിന്ന് നടത്തുന്നതാണ് .
ഇന്നത്തെ സാഹചര്യത്തില്‍ സമയബന്ധിതമായി ഇവിടെ സര്‍വ്വീസുകള്‍ നടത്താനായി സാധിക്കുന്നില്ല.ഇതിന് പുറമെ സാങ്കേതിക തകരാരുണ്ടായാല്‍ അവ പരിഹരിക്കുന്നതിന് ആവശ്യമായ സ്പെയര്‍ പാര്‍ട്ട്സുകള്‍ കിട്ടാറില്ല. ഇതേ തുടര്‍ന്ന് മിക്ക ബസുകളും കട്ടപ്പുറത്താകുന്ന സ്ഥിതിയിലുമാണ് .തീര്‍ത്തും മോശപ്പെട്ട അവസ്ഥയിലാണ് ഇന്ന് ഈ കെഎസ്ആര്‍ടിസി ഡിപ്പോ ഉള്ളത്.