പ്രപഞ്ചത്തില്‍ നമ്മള്‍ മാത്രമായിരിക്കില്ലെന്ന് ആവര്‍ത്തിച്ച് നാസ മേധാവി.
ഭൂമിയിലെ ജീവജാലങ്ങള്‍ മാത്രമായിരിക്കില്ല പ്രപഞ്ചത്തില്ലെന്ന് വീണ്ടും ആവര്‍ത്തിച്ച് പറയുകയാണ് നാസ മേധാവി ബില്‍ നെല്‍സണ്‍. പ്രപഞ്ചത്തിന് 1350 കോടി വര്‍ഷങ്ങളുടെ പ്രായമുണ്ടാകാം എന്നാണ് നിലവിലെ കണക്കുകള്‍. അതേസമയം സൂര്യനെ പോലെ മറ്റൊരു നക്ഷത്രവും ഭൂമിയെ പോലെ മറ്റു ഗ്രഹങ്ങളും ഉണ്ടാവാനുള്ള സാധ്യതയുണ്ടാവാം എന്ന ഉത്തരത്തില്‍ ഉറച്ചു നില്‍ക്കുകയാണ് അദ്ദേഹം.
അന്യഗ്രഹ ജീവികള്‍ എന്ന ആശയം സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം വീണ്ടും പരാമര്‍ശിച്ചത്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ ഇവയെ കുറിച്ച് കൂടുതല്‍ പരിശോധിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സൂര്യനു സമാനമായ നക്ഷത്രങ്ങളെക്കുറിച്ചും വാസയോഗ്യമായ ഗ്രഹങ്ങളെക്കുറിച്ചും അന്യഗ്രഹ ജീവനെക്കുറിച്ചുമായി വര്‍ഷങ്ങളായി നാസ ഗവേഷണം നടത്തി വരികയാണ്.
തങ്ങളുടെ ചരിത്ര നേട്ടവും അഭിമുഖത്തില്‍ അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ചൊവ്വയില്‍ ഒമ്പതാമത്തെ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ചെറു ഹെലിക്കോപ്റ്റര്‍ ഇന്‍ജെന്യൂയിറ്റിയെക്കുറിച്ചാണ് വിശദീകരിച്ചത്. സെക്കന്റില്‍ അഞ്ച് മീറ്റര്‍ വരെ വേഗത്തിലായി 166.4 സെക്കന്റുകള്‍ കൊണ്ടാണ് ചൊവ്വയില്‍ ഇന്‍ജെന്യൂയിറ്റിയുടെ പറക്കല്‍.
മണലില്‍ പൂഴ്ന്നുപോവുമോ എന്നറിയാനുള്ള പരീക്ഷണം കൂടി ഇതിന്റെ ഭാഗമായതിനാല്‍ ചൊവ്വയിലെ മണല്‍ നിറഞ്ഞ ഭാഗത്തായിരുന്നു ഇന്‍ജെന്യൂയിറ്റി ഇത്തവണ പറന്നിറങ്ങിയത്. ആ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതായും അദ്ദേഹം കൂട്ടിചേര്‍ത്തു.