പണം പിരിക്കാന്‍ ആളില്ല; വാളയാര്‍ ടോള്‍ പ്ലാസ ഇനി ഓട്ടോമാറ്റിക് സിസ്റ്റം
വാളയാര്‍: വാളയാര്‍ ടോള്‍ പ്ലാസയില്‍ പണം പിരിക്കാന്‍ ഉദ്യോഗസ്ഥരുണ്ടാവില്ല. സമ്പൂര്‍ണ്ണ ഓട്ടോമാറ്റിക് സിസ്റ്റത്തില്‍ പ്രവര്‍ത്തിച്ച് ടോള്‍ പ്ലാസ. അതേസമയം ഫാസ്ടാഗ് സംവിധാനം എടുക്കാത്ത വാഹനങ്ങളില്‍ നിന്നും ഇരട്ടി പണം പിരിക്കാന്‍ കൗണ്ടറുകളില്‍ ഉദ്യോഗസ്ഥരുണ്ടാകും.
വാളയാര്‍ ടോള്‍ പ്ലാസയിലൂടെ കടന്ന് പോകുന്ന 95 ശതമാനം വാഹനങ്ങളും ഫാസ് ടാഗ് സംവിധാനത്തിലേക്ക് മാറിയതോടെയാണ് ഓട്ടോമാറ്റിക് ടോള്‍ സംവിധാനത്തിലേക്ക് മാറാന്‍ തീരുമാനിച്ചത്. ടോള്‍ ബൂത്തിലെ കൗണ്ടറില്‍ പണം പിരിക്കാനും, വാഹനങ്ങള്‍ തടയുന്നതിനുളള ബാര്‍ ഉയര്‍ത്തുന്നതിനും, താഴ്ത്തുന്നതിനും ഇനി മുതല്‍ ആളുണ്ടാവില്ല.
ഫെബ്രുവരി 15 നാണ് രാജ്യത്തുടനീളം ഫാസ് ടാഗ് സംവിധാനം നിര്‍ബന്ധമാക്കിയത്. ഫാസ് ടാഗ് സ്‌കാന്‍ ചെയ്ത് വാഹനങ്ങള്‍ ഇതുവഴി കടത്തി വിടും. ഫാസ് ടാഗ് എടുക്കാത്ത വാഹനങ്ങളിലുള്ളവര്‍ക്ക് ഇരട്ടി പണം നല്‍കി ക്യാഷ് ലൈനിലൂടെ കടന്ന് പോകാം.
വി.ഐ.പി യാത്രക്കാര്‍ ഉള്‍പ്പടെ ഉള്ള മുന്‍ഗണന അര്‍ഹിക്കുന്ന വാഹനങ്ങള്‍ക്ക് പ്രത്യേക പാസ് ഏര്‍പെടുത്തും. ഈ യാത്രക്കാര്‍ക്ക് 285 രൂപക്ക് ഒരു മാസം എത്രതവണ വേണമെങ്കിലും ടോള്‍ പ്ലാസ വഴി കടന്ന് പോകാം. ആംബുലന്‍സ്, ഓട്ടോ റിക്ഷ, ഇരുചക്ര വാഹനങ്ങള്‍ എന്നിവക്കുള്ള പ്രത്യേക ലൈന്‍ നിലനിര്‍ത്തും.