വിസ്മയ കേസ്: മൊഴികളും ശാസ്ത്രീയ തെളിവുകളും ശേഖരിച്ചു; കുറ്റപത്രം ഉടന്‍ നല്‍കാന്‍ പോലീസ്
ശാസ്താംകോട്ട: വിസ്മയ ഭര്‍ത്തൃവീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കിരണ്‍ കുമാറിനെതിരേയുള്ള കുറ്റപത്രം ഉടന്‍ നല്‍കാന്‍ തയ്യാറെടുത്ത് പോലീസ്. കേസന്വേഷണത്തിലും കുറ്റപത്രത്തിലും നിര്‍ണായകമായവരുടെ മെഴികള്‍ ശേഖരിച്ചു കഴിഞ്ഞു. കിരണിന്റെ ഏറ്റവുമടുത്ത സുഹൃത്തായ ശാസ്താംകോട്ട സ്വദേശിയെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി വിവരങ്ങള്‍ ശേഖരിച്ചു. ഫോണ്‍ വിവരങ്ങളും പരിശോധിച്ചു. വിസ്മയയുടെ സഹപാഠികള്‍, സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്ന് മൊഴികള്‍ ശേഖരിച്ചു. ഇവരുടെയെല്ലാം മൊഴികള്‍ കേസന്വേഷണത്തിലും കുറ്റപത്രത്തിലും നിര്‍ണായകമാണ്.
90 ദിവസത്തിനു മുന്‍പുതന്നെ കുറ്റപത്രം സമര്‍പ്പിച്ച് ഇയാളുടെ ജാമ്യം തടയുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ഇതിനായി ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിച്ചു കഴിഞ്ഞു. പരമാവധി തെളിവുകള്‍ ശേഖരിച്ച സ്ഥിതിക്ക് കിരണിനെ പോലീസ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ സാധ്യതയില്ലെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.
നിലവില്‍ സ്ത്രീധന പീഡന മരണവുമായി ബന്ധപ്പെട്ട 304 ബി. വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ഇതനുസരിച്ചുള്ള കുറ്റപത്രമാകും ആദ്യം സമര്‍പ്പിക്കുക. അതോടൊപ്പം ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് അനുബന്ധ കുറ്റപത്രവും സമര്‍പ്പിക്കും. സ്ഥലംമാറ്റം ലഭിച്ച ശാസ്താംകോട്ട ഡിവൈ.എസ്.പി. രാജ്കുമാറിനെ അന്വേഷണത്തില്‍ കാലതാമസമുണ്ടാകാതിരിക്കാന്‍ തിരികെ നിയമിക്കുകയും ചെയ്തു.
ശാസ്താംകോട്ട കോടതി കഴിഞ്ഞ ദിവസം കിരണിന്റെ ജാമ്യം നിഷേധിച്ചു. തുടര്‍ന്ന് സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തെറ്റു തിരുത്തി നല്‍കുന്നതിന് വെള്ളിയാഴ്ച തിരികെ നല്‍കി. 26-ന് ഹര്‍ജി വീണ്ടും പരിഗണിക്കും. കോവിഡ് പോസിറ്റീവ് ആയതിനാല്‍ ഒരാഴ്ചയായി നെയ്യാറ്റിന്‍കര സബ് ജയിലിലാണ് ഇയാള്‍.