മലയാളി യുവതിയെ പീഡിപ്പിച്ച കേസ്; അന്വേഷണത്തിനായി പ്രത്യേക സംഘം
പഴനിയില്‍ മലയാളി യുവതിയെ ആക്രമിച്ച കേസില്‍ വിശദമായ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു. കഴിഞ്ഞ മാസം ജൂണ്‍ 19 നാണ് കണ്ണൂര്‍ സ്വദേശിനിയായ യുവതിയെ പഴനിയില്‍ വച്ച് ക്രൂരമായി പീഡിപ്പിച്ചത്.
കേസില്‍ പഴനി പോലീസിന്റെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും അതിനാല്‍ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കേരള ഡിജിപി അനില്‍കാന്ത് തമിഴ്‌നാട് ഡിജിപി സി. ശൈലേന്ദ്രബാബുവിനു കത്തെഴുതിയിരുന്നു. ഇതിന്റെ ഭാദമായാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചത്. ഡിണ്ടിഗല്‍ എസ്പി രമണിപ്രിയയുടെ നേതൃത്വത്തിലാണു സംഘം രൂപീകരിച്ചത്.
തീര്‍ഥാടനത്തിനായി പഴനിയിലേക്ക് ഭര്‍ത്താവിനോടൊപ്പം പോയ യുവതിയെ ഭര്‍ത്താവിന്റെ കണ്‍മുന്‍പില്‍ വച്ച് തന്നെ ലോഡ്ജ് ഉടമയും കൂട്ടാളികളും പീഡിപ്പിക്കുകയും യുവതിയുടെ ശരീരഭാഗങ്ങളില്‍ ബിയര്‍ കുപ്പി ഉപയോഗിച്ച് പരിക്കേല്‍പ്പിക്കുകയുമാണ് ചെയ്തത്. യുവതി ഇപ്പോള്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.
ഭക്ഷണം വാങ്ങാന്‍ ലോഡ്ജില്‍ നിന്ന് പുറത്തിറങ്ങാന്‍ തുടങ്ങുമ്പോള്‍ ലോഡ്ജ് ഉടമയുടെ നേതൃത്വത്തില്‍ ഒരു സംഘം തന്നെ ബലം പ്രയോഗിച്ച് തടഞ്ഞു. ഭാര്യയെ അടുത്ത മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി രാത്രി മുഴുവനും ഉപദ്രവിച്ചു. പഴനി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും പൊലീസ് ഇടപെട്ടില്ലെന്നാണ് തമിഴ്‌നാട്-കേരള മുഖ്യമന്ത്രിമാര്‍ക്കും ഡിജിപിക്കും അയച്ച പരാതിയില്‍ ഭര്‍ത്താവ് പറഞ്ഞിരുന്നത്.
സംഭവ സ്ഥലം സന്ദര്‍ശിച്ച പ്രത്യേക സംഘം ഹോട്ടല്‍ അധികൃതര്‍, ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍, കടയുടമകള്‍ തുടങ്ങിയവരില്‍നിന്നു മൊഴി രേഖപ്പെടുത്തി. സിസിടിവി ദൃശ്യങ്ങളും സംഘം ശേഖരിക്കുന്നുണ്ട്. തട്ടിക്കൊണ്ടു പോകല്‍, കൂട്ടബലാല്‍സംഗം എന്നീ വകുപ്പുകളിലാണു കേസെടുത്തിരിക്കുന്നത്. വനിതാ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം പരാതിയില്‍ കൂടുതല്‍ വിശദമായി അന്വേഷണം നടത്തും