Kerala NewsLatest NewsNews

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക്ക വൈറസ്; 5 പേരുടെ ഫലം നെഗറ്റീവ്

തിരുവനന്തപുരം: കേരളത്തില്‍ ഒരാള്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. 73 വയസുകാരിക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് 19 പേര്‍ക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം എന്‍.ഐ.വി. ആലപ്പുഴയില്‍ അയച്ച 5 സാമ്പിളുകളുടെ ഫലം നെഗറ്റീവായി.

തലസ്ഥാനത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ നിന്നും കോയമ്പത്തൂര്‍ ലാബില്‍ അയച്ച സാമ്പിളിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഈ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ 73 വയസുകാരിയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് സിക്ക സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൊതുകിന്റെ ഉറവിടം കണ്ടെത്തി നശിപ്പിക്കുന്നതിന് കൂടുതല്‍ പരിഗണന നല്‍കണമെന്ന് കേന്ദ്ര സംഘം അറിയിച്ചിരുന്നു. സിക്ക വൈറസ് ആക്ഷന്‍ പ്ലാനും പ്രതിരോധ മാര്‍ഗ്ഗങ്ങളും ആരോഗ്യവകുപ്പ് പ്രതിനിധികളുമായി കേന്ദ്ര സംഘം ചര്‍ച്ച ചെയ്തു. ഈഡിസ് കൊതുകുകള്‍ വൈറസ് വാഹകരായതിനാല്‍ കൊതുകുകളുടെ ഉറവിടം കണ്ടെത്തി നിശിപ്പിക്കുന്നതിനാകണം സംസ്ഥാനം പ്രാധാന്യം നല്‍കേണ്ടത്.

സിക്കയ്ക്ക് സമാന ലക്ഷണങ്ങള്‍ മറ്റ് ജില്ലകളിലുള്ളവരിലും കാണിച്ചിരുന്നതായും ആരോഗ്യവകുപ്പ് അധികൃതര്‍ കേന്ദ്ര സംഘത്തെ അറിയിച്ചു. കേന്ദ്രത്തില്‍ നിന്നുള്ള ആറ് അംഗ സംഘമാണ് കേരളം സന്ദര്‍ശിക്കുന്നത്. സിക ബാധിത മേഖലകളായ കിംസ് ആശുപത്രി, പാറശാല എന്നിവിടങ്ങളില്‍ കേന്ദ്ര സംഘം സന്ദര്‍ശനം നടത്തി.
സിക്ക ബാധിത മേഖലകള്‍ സംഘം സന്ദര്‍ശിച്ചു. ഗര്‍ഭിണികളിലെ വൈറസ് ബാധ വേഗത്തില്‍ കണ്ടെത്തണമെന്നും, പനി രോഗലക്ഷണങ്ങളുമായി എത്തുന്നവരില്‍ പരിശോധിക്കുന്ന മറ്റ് രോഗങ്ങളുടെ പട്ടികയില്‍ സികയും ഉള്‍പ്പെടുത്തണമെന്നും എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും സിക്ക വൈറസ് പരിശോധന, ചികിത്സ മാര്‍ഗരേഖ നല്‍കാനും കേന്ദ്ര സംഘം നിര്‍ദ്ദേശം നല്‍കി.

4 മെഡിക്കല്‍ കോളേജുകള്‍ക്ക് നിലവില്‍ 2100 പരിശോധനാ കിറ്റുകളെത്തിച്ചു. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍, ആലപ്പുഴ എന്‍.ഐ.വി. യൂണിറ്റ് എന്നിവിടങ്ങളിലാണ് ആദ്യഘട്ടമായി സിക്ക വൈറസ് പരിശോധന നടത്തുന്നത്. സംസ്ഥാനത്ത് കൂടുതല്‍ പരിശോധന കേന്ദ്രങ്ങള്‍ ഉടന്‍ ആരംഭിക്കണമെന്നും കേന്ദ്ര സംഘം നിര്‍ദ്ദേശം നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button