നിതീഷ് കുമാറിനെയും എന്‍.ഡി.എയെയും നേരിടാന്‍ ചിരാഗ് പാസ്വാന് മഹാസഖ്യത്തിലേക്ക്; ആര്.ജെ.ഡി നേതാവുമായി ചര്‍ച്ച നടത്തി
ന്യൂഡല്‍ഹി: ബിഹാറില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എയെ നേരിടാന്‍ മഹാസഖ്യത്തില്‍ അണിചേരാനൊരുങ്ങി േലാക് ജനശക്തി പാര്‍ട്ടി നേതാവ് ചിരാഗ് പാസ്വാനും. മഹാസഖ്യത്തില്‍ ചേരുന്നതിന് മുന്നോടിയായി ചിരാഗ് പാസ്വാനും ആര്.ജെ.ഡി നേതാവ് ശ്യാം രജകുമായി കൂടിക്കാഴ്ച നടത്തി. ബിഹാറില്‍ എന്‍.ഡി.എയെ നേരിടാന്‍ സഖ്യമൊരുക്കുകയാണ് കൂടിക്കാഴ്ചക്ക് പിന്നിലെ ഉദ്ദേശം. കൂടിക്കാഴ്ചക്ക് ശേഷം പാസ്വാന് ആര്.ജെ.ഡി തലവന്‍ ലാലു പ്രസാദുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തു.
ജെ.ഡി.യു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ അടുത്ത അനുയായിയായിരുന്നു രജക്. എന്നാല്‍ പിന്നീട് ജെ.ഡി.യു വിട്ട് ആര്.ജെ.ഡിയില്‍ എത്തുകയായിരുന്നു.
പാസ്വാന്റെ സന്ദര്‍ശനം വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായിരുന്നുവെന്നും എന്നാല്‍, രണ്ടു രാഷ്ട്രീയക്കാര്‍ കണ്ടുമുട്ടിയാല്‍ രാഷ്ട്രീയം സംസാരിക്കുമെന്നും രജക് പറഞ്ഞു. ദലിത്, പിന്നാക്ക വിഭാഗങ്ങളുടെ താല്പര്യം സംരക്ഷിക്കുന്നതിന് ബി.ജെ.പി വിരുദ്ധ സഖ്യം രൂപീകരിക്കേണ്ടതുണ്ടെന്നും രജക് കൂട്ടിച്ചേര്‍ത്തു.
എല്‍.ജെ.പിയില്‍ ചിരാഗിനെ അട്ടിമറിച്ച് ബന്ധുവായ പശുപതി പരസിന് കേന്ദ്രമന്ത്രിസഭയില്‍ ഇടം നല്‍കിയത് ചിരാഗ് പാസ്വാന് തിരിച്ചടിയായിരുന്നു. ഇതോടെയാണ് ചിരാഗ് ആര്.ജെ.ഡിക്കൊപ്പം സഖ്യത്തില്‍ അണിനിരക്കാന്‍ തീരുമാനമെടുത്തതെന്നാണ് വിവരം.
ചിരാഗ് പാസ്വാന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത ആര്.ജെ.ഡി ബിഹാറില്‍ എന്‍.ഡി.എക്കെതിരെ സഖ്യം രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു. നിലവില്‍ പാസ്വാനൊപ്പം എം.എല്‍.എമാര്‍ ആരുമില്ല, എങ്കിലും ബി.ജെ.പിക്കെതിരായ സഖ്യത്തില്‍ ചേരല്‍ അണികള്‍ക്ക് ആത്മവിശ്വാസമുണ്ടാക്കുമെന്നാണ് കണക്കുകൂട്ടല്‍.
പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായി ചിരാഗ് പാസ്വാന്റെ നേതൃത്വത്തില്‍ ആശിര്‍വാദ് യാത്ര നടത്താനും തീരുമാനിച്ചിരുന്നു.
എല്‍.ജെ.പിയിലെ പിളര്‍പ്പിന് കാരണം മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആണെന്ന് ചിരാഗ് പാസ്വാന് പറഞ്ഞിരുന്നു. ഈ നിലപാടും ആര്.ജെ.ഡിക്ക് ഒപ്പം പാസ്വാന് അണിനിരക്കാന്‍ കാരണമായിതീരും.