നിമിഷ ഫാത്തിമയെ നാട്ടിലെത്തിക്കാന്‍ ഹേബിയസ് കോര്‍പ്പസ്; പരിഗണിക്കാതെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്; ഹര്‍ജി പിന്‍വലിച്ച് മാതാവ് ബിന്ദു
കൊച്ചി: ഭീകസംഘടന ഐഎസില്‍ ചേരുകയും പിന്നീട് അഫ്ഗാനിസ്ഥാനില്‍ കീഴടങ്ങുകയും ചെയ്ത തിരുവനന്തപുരം സ്വദേശിനി നിമിഷ ഫാത്തിമയേയും കുഞ്ഞിനേയും നാട്ടിലെത്തിക്കാന്‍ മാതാവ് ബിന്ദു സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചില്ല. ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഡിവിഷന്‍ ബെഞ്ചിലല്ല സിംഗിള്‍ ബെഞ്ചില്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്ന് ഹര്‍ജി ബിന്ദു പിന്‍വലിച്ചു. നിമിഷ ഫാത്തിമയേയും കുട്ടിയേയും നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി.
തിരുവനന്തപുരം സ്വദേശിനി നിമിഷ ഫാത്തിമ, കാസര്‍കോട് സ്വദേശിനി അയിഷ എന്ന സോണിയ സെബാസ്റ്റ്യന്‍, നബീസ, മറിയം എന്നിവരാണ് കാബൂളിലെ തടവിലുള്ളത്. ഇവരുടെ ജിഹാദികളായ ഭര്‍ത്താക്കന്മാര്‍ വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യയിലേയ്ക്ക് മടങ്ങിവരണമെന്നാണ് ഇവരുടെ ആവശ്യമെങ്കിലും ഇവര്‍ ഭീകര ബന്ധം കൈവെടിഞ്ഞിട്ടില്ലെന്നാണ് ചോദ്യം ചെയ്യലില്‍ തെളിഞ്ഞത്. അതിനാല്‍, ഇവരെ മടക്കിക്കൊണ്ടുവരുന്നത് രാജ്യത്തിനും പൊതുസമൂഹത്തിനും ആപത്താകുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികളും എന്‍ഐഎയും വ്യക്തമാക്കിയിരുന്നു.
2019 നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ നൂറുകണക്കിന് ഐഎസ് ഭീകരരാണ് അഫ്ഗാന്‍ അധികൃതര്‍ക്കു മുന്‍പാകെ കീഴടങ്ങിയത്. ഇവരില്‍ മലയാളി സ്ത്രീകളും ഉള്‍പ്പെടുന്നു. 13 രാജ്യങ്ങളില്‍ നിന്നുള്ള 408 ഐഎസ് ഭീകരരെ അഫ്ഗാന്‍ ജയിലുകളില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്ന് ദേശീയ സുരക്ഷാ ഡയറക്ടറേറ്റ് മേധാവി അഹ്മദ് സിയ സരജ് പറഞ്ഞു. ഇതില്‍ പത്തോളം ഇന്ത്യക്കാരും 16 ചൈനക്കാരും 299 പാക്കിസ്ഥാനികളും രണ്ട് ബംഗ്ലാദേശികളും രണ്ട് മാലദ്വീപുകാരുമുണ്ട്.