വാഹനാപകടത്തിനു ശേഷം പൊലീസ് സ്റ്റേഷനിലുണ്ടായ മോശം അനുഭവത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ്
വാഹനം അപകടത്തില്‍പ്പെട്ടതിന് പിന്നാലെ പൊലീസ് സ്റ്റേഷനില്‍ നിന്നുണ്ടായ മോശം അനുഭവത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് സജി ചാക്കോ രംഗത്ത്. ജിഡി രേഖപ്പെടുത്താനായി പോലീസ് സ്‌റ്റേഷനില്‍ ചെന്നപ്പോഴുണ്ടായ അനുഭവമാണ് പത്തനംതിട്ട ഡിസിസി ജനറല്‍ സെക്രട്ടറി സജി ചാക്കോ പറയുന്നത്.
വിവാഹ ആവശ്യത്തിനായി തിരുവനന്തപുരത്ത് എത്തിയപ്പോഴായിരുന്നു കാറില്‍ ബൈക്ക് ഇടിച്ചത്. ബൈക്ക് യാത്രക്കാരനെ ആശുപത്രിയിലാക്കിയ ശേഷം പ്രാഥമിക ചികിത്സ ഉറപ്പാക്കിയതിന് പിന്നാലെ ജിഡി രജിസ്റ്റര്‍ ചെയ്യാനായി മണ്ണന്തല പൊലീസ് സ്റ്റേഷനില്‍ ചെന്നപ്പോഴുണ്ടായ ദുരനുഭവമാണ് അദ്ദേഹം പങ്കുവെച്ചത്.
ജി ഡി എന്‍ട്രി ആവശ്യവുമായി മകനായിരുന്നു സ്റ്റേഷനിലെത്തിയത്. അനാവശ്യ കാലതാമസം വരുത്തുകയും മകനെ അപമാനിക്കുന്ന രീതിയില്‍ മണ്ണന്തല പൊലീസ് സ്റ്റേഷനിലെ എസ് ഐ പെരുമാറിയെന്നും സജി ചാക്കോ ആരോപിച്ചു. വിവാഹ ആവശ്യത്തിനായി തിരുവനന്തപുരത്ത് എത്തിയ സജി ചാക്കോയ്ക്കും കുടുംബത്തിനും തിരികെ വീട്ടിലെത്തുന്നതില്‍ കാലതാമസം സൃഷ്ടിക്കുന്ന രീതിയിലായിരുന്നു പൊലീസില്‍ നിന്നുള്ള പെരുമാറ്റമെന്നും അദ്ദേഹം ആരോപിച്ചു.കേസില്‍ ഭാവിയില്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാവരുതെന്ന് കരുതിയാണ് ഇരുഭാഗത്തിനും പരാതിയില്ലാതിരുന്നിട്ടും ജിഡി രജിസ്റ്റര്‍ ചെയ്യാനെത്തിയതെന്നും സജി ചാക്കോ പറഞ്ഞു.
ഒന്‍പതാം തിയതി സംഭവിച്ച അപകടത്തിന് തമ്പാനൂര്‍ എസിപി ഇടപെട്ടതിന് പിന്നാലെ 12-ാം തിയതിയാണ് ജിഡി ഒപ്പിട്ട് നല്‍കിയതെന്നും സജി ചാക്കോ പറഞ്ഞു. ഡ്രൈവറെ കൂട്ടി ചെറുപ്പക്കാരന്‍ ചെന്നതിനാലും ആഡംബര കാറായതിനാലും പണം പ്രതിക്ഷിച്ചാവും പൊലീസുകാരന്‍ ഇങ്ങനെ പെരുമാറിയതെന്ന സംശയവും അദ്ദേഹം പങ്കുവച്ചു. കോണ്‍ഗ്രസുകാരനായിട്ടും കാര്യം എളുപ്പത്തില്‍ ചെയ്തുതന്നില്ല എന്നുളള പരാതിയല്ലെന്നും ഒരു സാധാരണക്കാരനെന്ന നിലയില്‍ പൊലീസില്‍ നിന്ന് കുറച്ചു കൂടി നീതി പൂര്‍വ്വമായ പ്രതികരണം ലഭിക്കാതിരുന്നെന്ന പരാതിയാണുളളതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ അനവാശ്യമായി കാലതാമസം വരുത്തിയിട്ടില്ലെന്നാണ് മണ്ണന്തല എസ്‌ഐ പ്രതികരിച്ചത്. ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് ക്ലെയിം കിട്ടാനായി പലപ്പോഴും ഇത്തരം വ്യാജമായ പരാതികളുമായി പലരും എത്താറുണ്ടെന്നും മറ്റ് പല സ്ഥലങ്ങളിലും നടന്ന സംഭവം ഇത്തരത്തില്‍ ഈ സ്റ്റേഷന്‍ പരിധിയിലാണെന്ന് പറഞ്ഞ് വന്ന് പൊലീസുകാരെ കബളിപ്പിക്കാറുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.