ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ ലക്ഷ്യം വച്ച് പാക്കിസ്ഥാന്‍ ഹാക്കര്‍മാര്‍
ന്യൂഡല്‍ഹി: സര്‍ക്കാര്‍ സ്ഥാപനങ്ങളുടേത് അടക്കം ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ ലക്ഷ്യം വച്ച് ഹാക്ക് ചെയ്യാന്‍ പാക്കിസ്ഥാന്‍ ഹാക്കര്‍മാര്‍ ശ്രമം നടത്തിയതായി കണ്ടെത്തി. രാജ്യത്തെ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട ഒന്നിലേറെ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യാന്‍ ശ്രമം നടത്തിയതായാണ് കണ്ടെത്തിയത്.
ലൂമന്‍ ടെക്‌നോളജീസിന്റെ സൈബര്‍ കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കുന്ന വിഭാഗമായ, അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബ്‌ളാക്ക് ലോട്ടസ് ലാബ് ആണ് ഇത് കണ്ടെത്തിയത്്. ദൂരെ നിന്നും നിയന്ത്രിക്കാന്‍ സാധിക്കുന്ന ട്രോജന്‍ വൈറസിനെ ഹാക്കര്‍മാര്‍ ഈ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റിലേക്ക് കടത്തിയിട്ടുണ്ടെന്ന് ബ്ലാക്ക് ലോട്ടസിന്റെ വൈസ് പ്രസിഡന്റ് മൈക്കല്‍ ബെഞ്ചമിന്‍ ഒരു ദേശീയ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
രാജ്യത്തിനു വെളിയില്‍ ഇരുന്നു കൊണ്ട് ഒരു കമ്പ്യൂട്ടറിനെ നിയന്ത്രിക്കുവാന്‍ ഇത്തരം വൈറസുകളിലൂടെ സാധിക്കും. ട്രോജന്‍ വൈറസുകള്‍ റാറ്റ് എന്ന ചുരുക്കപേരിലാണ് അറിയപ്പെടുന്നത്. ട്രോജന്‍ വൈറസുകള്‍ കമ്പ്യൂട്ടറുകളില്‍ വ്യാപകമാണെങ്കിലും ഇത്തരം വൈറസുകള്‍ അധികം കണ്ടെത്തിയിട്ടില്ല. പാകിസ്ഥാനില്‍ ഇരുന്ന് കൊണ്ട് ഇന്ത്യയിലെ സുരക്ഷാ സംവിധാനങ്ങള്‍ കുറഞ്ഞ വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചാണ് ഹാക്കര്‍മാര്‍ ട്രോജന്‍ വൈറസിനെ കമ്പനി വെബ്‌സൈറ്റുകളിലേക്ക് കടത്തിവിട്ടതെന്ന് കണ്ടെത്തിയതായി ബെഞ്ചമിന്‍ പറഞ്ഞു.
വെബ്‌സൈറ്റ് ഹാക്ക് ചെയ്യുന്നതിനായി ഉപയോഗിച്ച പാകിസ്ഥാന്‍ നെറ്റ്വര്‍ക്കായ സോങ്ങ് 4 ജി, ചൈനയിലെ മൊബൈല്‍ നെറ്റ്വര്‍ക്കായ ചൈന മൊബൈല്‍ കമ്മ്യൂണിക്കേഷന്‍സ് കോര്‍പ്പറേഷന്റെ തന്നെ ഉടമസ്ഥതയിലുള്ളതാണ്. ഹാക്കര്‍മാര്‍ക്ക് ചൈനയുടെ സഹായം ലഭിച്ചിരിക്കാന്‍ സാദ്ധ്യതയുള്ളതായി സംശയിക്കപ്പെടുന്നുണ്ട്. ഇതാണ് ചൈനയ്ക്ക് ഈ സംഭവത്തിലുള്ള പങ്കിനെകുറിച്ച് സംശയങ്ങള്‍ക്ക് വഴിയൊരുക്കിയത്.