Kerala NewsLatest News

സ്ത്രീധനം;മക്കള്‍ വില്പനച്ചരക്കുകള്‍ അല്ല,വിലപറഞ്ഞെത്തുന്ന ഏമ്പോക്കികളെ ആട്ടിയോടിക്കണം !

സമൂഹത്തില്‍ ഇപ്പോള്‍ ചര്‍ച്ചയാവുകയാണ് സ്ത്രീധന വിഷയം .പലരും പ്രതികരണവുമായി രംഗത് വന്നിരുന്നു .ഇപ്പോഴിതാ സ്ത്രീധനത്തിനെതിരേ മുന്‍മന്ത്രി കെ.ടി. ജലീലും രംഗത്ത് വന്നിരിക്കുകയാണ് . മക്കള്‍ വില്‍പ്പനച്ചരക്കുകളല്ലെന്നും വിലപറഞ്ഞെത്തുന്ന ഏമ്പോക്കികളെ ആട്ടിയോടിക്കണമെന്നും അദ്ദേഹം പറയുന്നു. രക്ഷിതാക്കള്‍ പെണ്‍മക്കള്‍ക്ക് വരന്‍മാരെ തേടുമ്പോള്‍ മനുഷ്യത്വമുള്ള സല്‍സ്വഭാവികളെയാണ് അന്വേഷിക്കേണ്ടത്.

പണത്തിന്റെയും പ്രതാപത്തിന്റെയും സ്വത്തുവകകളുടെയും പിന്നാലെപോയി കുട്ടികളുടെ ഭാവി നശിപ്പിക്കരുത്. ഭാര്യവീട്ടുകാരുടെ ചെലവില്‍ മകന്‍ ജീവിക്കണമെന്ന് ആഗ്രഹിക്കാത്ത കുടുംബത്തിനാകണം മുന്‍ഗണന നല്‍കേണ്ടതെന്നും അദ്ദേഹം പറയുന്നുണ്ട് . രണ്ട് പെണ്‍കുട്ടികളുടെ പിതാവ് കൂടിയായ കെ.ടി. ജലീല്‍ മൂത്തമകളുടെ വിവാഹം സംബന്ധിച്ച അനുഭവതേക്കുറിച്ചും പറയുന്നുണ്ട് .ഫേസ്ബുക് കുറിപ്പിലൂടെയാണ് തന്റെ നിലപാട് അദ്ദേഹം അറിയിച്ചിരിക്കുന്നത് .

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം .

വിവാഹം കച്ചവടമല്ല:
പെണ്‍മക്കള്‍ വില്‍പനച്ചരക്കുമല്ല.
രക്ഷിതാക്കള്‍ പെണ്‍കുട്ടികള്‍ക്ക് കൊടുത്ത സ്വര്‍ണ്ണവും പണവും കാറും വേണ്ടത്ര ആയില്ലെന്ന പരാതിയും അതേ തുടര്‍ന്ന് ഭര്‍തൃ വീട്ടില്‍ പീഡനം ഏറ്റുവാങ്ങേണ്ടി വരുന്ന പെണ്‍കുട്ടികളുടെ കദനകഥകളുമാണ് നാനാ ദിക്കുകളില്‍ നിന്നും കേള്‍ക്കുന്നത്. അവസാനം സഹികെട്ട് ഒരു കഷ്ണം കയറിലോ തീനാളങ്ങള്‍ക്ക് നക്കിത്തുടക്കാന്‍ നിന്ന് കൊടുത്തോ ജീവിതം ചാമ്പലാക്കപ്പെടുന്ന പെണ്‍മക്കളുടെ നിലവിളി കേരളീയാന്തരീക്ഷത്തില്‍ അലയൊലി കൊള്ളുമ്പോള്‍ വ്യക്തിപരമായി എനിക്കുണ്ടായ വേറിട്ടൊരനുഭവം പങ്കുവെക്കുന്നതില്‍ അതിയായ അഭിമാനമുണ്ട്.
മന്ത്രിയായ സമയത്ത് പഴയ കാര്‍ ഞാന്‍ വിറ്റിരുന്നു.

നാലാമതും MLA യായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഒരു കാര്‍ വാങ്ങല്‍ നിര്‍ബന്ധമായി. പുതിയതൊന്ന് വാങ്ങാന്‍ ഭീമമായ തുക വരും. വീട്ടില്‍ ഞങ്ങള്‍ കൂടിയാലോചിച്ചു. അധികം ഓടാത്ത രണ്ടോ മൂന്നോ വര്‍ഷം പഴക്കമുള്ള വാഹനം വാങ്ങലാണ് നമ്മുടെ ധനസ്ഥിതി അനുസരിച്ച് അഭികാമ്യം എന്ന നിഗമനത്തിലാണ് ഒടുവില്‍ എത്തിയത്. വിവരം എന്റെ നാട്ടുകാരനും സെകനെന്റ് കാറുകളുടെ വില്‍പനക്കാരനുമായ ബാപ്പുട്ടിയോടും കുറ്റിപ്പുറത്തെ എന്റെ സുഹൃത്ത് റീന ബാബുവിനോടും പങ്കുവെച്ചു. ഇരുവരും അത്തരമൊരു വാഹനത്തിനായുള്ള അന്വേഷണത്തില്‍ വ്യാപൃതരായി. മഹാരാഷ്ട്ര റജിസ്‌ട്രേഷനുള്ള കുറഞ്ഞ കിലോമീറ്റര്‍ മാത്രം ഓടിയ കാര്‍ ഉണ്ടെന്നറിഞ്ഞ് അവര്‍ വിവരം അറിയിച്ചു. ബോംബെയില്‍ പോയി വാഹനം നേരിട്ട് കണ്ട് പരിശോധിച്ച് വിലയും മറ്റുകാര്യങ്ങളും ബാപ്പുട്ടിയാണ് വിളിച്ചു പറത്തത്; ”2018 മോഡല്‍ 31,000 കിലോമീറ്റര്‍ ഓടിയ ഇന്നോവ ക്രിസ്റ്റ കാര്‍. 12 ലക്ഷം രൂപ കാര്‍ സോണ്‍ എന്ന കമ്പനിക്ക് നല്‍കേണ്ടിവരും.

നാട്ടില്‍ കൊണ്ടുവന്ന് റീ റജിസ്‌ട്രേഷന്‍ നടത്താനും ടാക്‌സ് അടക്കാനുമുള്ള സംഖ്യ ഇതുകൂടാതെയും കാണേണ്ടി വരും. എല്ലാറ്റിനുംകൂടി ഏകദേശം 14.50 ലക്ഷം രൂപ’.
10 ലക്ഷം രൂപ നിയമസഭയില്‍ നിന്ന് സ്വന്തമായി വാഹനം ഇല്ലാത്ത സാമാജികര്‍ക്ക് കുറഞ്ഞ പലിശക്ക് ലോണ്‍ കിട്ടും. അഞ്ചുവര്‍ഷം കൊണ്ട് അടച്ചു തീര്‍ത്താല്‍ മതി. അക്കാര്യം സൂചിപ്പിച്ചപ്പോഴാണ് അമേരിക്കയില്‍ റിസര്‍ച്ച് സയന്റിസ്റ്റായി ജോലി ചെയ്യുന്ന മകള്‍ അസ്മ 10 ലക്ഷം രൂപ നല്‍കാമെന്നും ലോണ്‍ എടുത്ത് ബാദ്ധ്യതയാക്കേണ്ടെന്നും പറഞ്ഞത്. ഞാനും ഭാര്യയും അതിനോട് വിയോജിച്ചു. അസ്മയുടെ നിര്‍ബന്ധത്തിന് ഒടുവില്‍ വഴങ്ങേണ്ടി വന്നു. രണ്ട് ദിവസത്തിനുള്ളില്‍ തന്നെ കാര്‍ സോണ്‍ എന്ന കമ്പനിയുടെ അക്കൗണ്ടിലേക്ക് അവളുടെ നാട്ടിലെ അക്കൗണ്ടില്‍ നിന്ന് ആദ്യം ആയിരം രൂപയും അത് കിട്ടിയെന്ന് ഉറപ്പുവരുത്തിയ ശേഷം 9,99000 രൂപയും ട്രാന്‍സ്ഫര്‍ ചെയ്തു. രണ്ട് ലക്ഷം രൂപ ബാപ്പുട്ടി ബോംബെയിലേക്ക് പോകുമ്പോള്‍ എന്റെ കയ്യില്‍ കൊടുക്കാനില്ലാതിരുന്നതിനാല്‍ സുഹൃത്ത് ചെറാല ഗഫൂറിനോട് തല്‍ക്കാലം അഡ്ജസ്റ്റ് ചെയ്യാന്‍ പറഞ്ഞു.

തൊട്ടടുത്ത ദിവസംതന്നെ ഗഫൂറിന്റെ പേരില്‍ എന്റെ നല്ലപാതി രണ്ടു ലക്ഷത്തിന്റെ ചെക്കും നല്‍കി. അവനത് വൈകാതെ ക്യാഷ് ചെയ്യുകയും ചെയ്തു. റൊക്കം പണം നല്‍കി വണ്ടി റിലീസാക്കി ബാപ്പുട്ടി തന്നെ ഡ്രൈവ് ചെയ്ത് നാട്ടിലെത്തിച്ച് പോളീഷ് ചെയ്ത് നല്ല കുട്ടപ്പനാക്കി എനിക്ക് കൈമാറി. എന്റെ ഡ്രൈവര്‍ മുനീര്‍, വണ്ടി കേരള റജിസ്‌ട്രേഷനിലേക്ക് മാറ്റാനും ടാക്‌സ് അടക്കാനും കൊണ്ടുപോയിട്ടുണ്ട്. രണ്ട് ദിവസത്തിനകം കാര്‍ റോഡിലിറക്കാനാകും എന്നാണ് കരുതുന്നത്.
എന്റെ മകള്‍ അസ്മാ ബീവിക്ക് 28 വയസ്സേ ആയിട്ടുള്ളൂ. അവള്‍ ജീവിതത്തില്‍ സ്വര്‍ണ്ണം ഉപയോഗിച്ചിട്ടേയില്ല. ഒരു തരി സ്വര്‍ണ്ണവും ഒരു രൂപയും നല്‍കാതെയായിരുന്നു അവളുടെ വിവാഹം. മങ്കട സ്വദേശി ഇലിക്കോട്ടില്‍ അജീഷാണ് അവളുടെ ഭര്‍ത്താവ്. കോഴിക്കോട് NIT യില്‍ നിന്ന് നല്ല മാര്‍ക്കോടെ പാസ്സായ അവള്‍ കഠിനാദ്ധ്വാനം ചെയ്ത് അമേരിക്കയിലെ അറ്റ്‌ലാന്റയിലുള്ള ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ എം.എസ്സിന് പ്രവേശനം നേടി. അവിടെ കോഴ്‌സ്

പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കവെയാണ് ”Intel’ ല്‍ റിസര്‍ച്ച് സയന്റിസ്‌ററായി പ്ലേസ്‌മെന്റ് കിട്ടിയത്. അമേരിക്കയില്‍ പോയി ഉപരിപഠനം നടത്തണമെന്നും അവിടെ നല്ലൊരു സ്ഥാപനത്തില്‍ ജോലി ചെയ്യണമെന്നുമുള്ള പൊതുവിദ്യാലയത്തില്‍ പഠിച്ച ഒരു നാട്ടിന്‍പുറത്തുകാരി പെണ്‍കുട്ടിയുടെ ചെറുപ്പം മുതല്‍ക്കുള്ള ആഗ്രഹം അങ്ങിനെ സഫലമായി. അതിനെല്ലാ പിന്തുണയും നല്‍കിയത് മരുമകന്‍ അജീഷാണ്. മങ്കട വേരുമ്പിലാക്കല്‍ സലാം സാഹിബിന്റെയും മുന്‍ ജില്ലാ പഞ്ചായത്ത് അംഗം ഫാത്തിമക്കുട്ടി ടീച്ചറുടെയും മകനാണ് അജീഷ്. അവനും കോഴിക്കോട് NIT യില്‍ പഠിച്ച് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി.ടെക് കരസ്ഥമാക്കി ന്യൂയോര്‍ക്ക് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.എസ്സ് പൂര്‍ത്തിയാക്കി സില്‍ക്കണ്‍വാലിയില്‍ തന്നെ ‘apple’ ല്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി ജോലിചെയ്യുന്നു. വിവാഹ സമയത്ത് വിശുദ്ധ ഖുര്‍ആന്റെ കോപ്പിയാണ് അജീഷ് വിവാഹമൂല്യമായി അസ്മക്ക് നല്‍കിയിരുന്നത്.
രക്ഷിതാക്കള്‍ പെണ്‍മക്കള്‍ക്ക് വരന്‍മാരെ തേടുമ്പോള്‍ മനുഷ്യത്വമുള്ള സല്‍സ്വഭാവികളെയാണ് അന്വേഷിക്കേണ്ടത്. പണത്തിന്റെയും പ്രതാപത്തിന്റെയും സ്വത്തുവഹകളുടെയും പിന്നാലെപ്പോയി കുട്ടികളുടെ ഭാവി നശിപ്പിക്കരുത്. ഭാര്യവീട്ടുകാരുടെ ചെലവില്‍ മകന്‍ ജീവിക്കണമെന്ന് ആഗ്രഹിക്കാത്ത കുടുംബത്തിനാകണം മുന്‍ഗണന നല്‍കേണ്ടത്. നമ്മള്‍ ശ്രദ്ധിച്ചാല്‍ ”വിസ്മയമാര്‍’ ഇനിമേല്‍ നാട്ടിലുണ്ടാവില്ല. ഞങ്ങളുടെ മകന്റെ വിവാഹവും രണ്ടാമത്തെ മകളുടെ വിവാഹവും മൂത്തമകള്‍ അസ്മയുടെ വിവാഹം പോലെത്തന്നെ നടത്തണമെന്നാണ് ആഗ്രഹം. ധനമോഹികളെ കല്യാണം കഴിക്കില്ലെന്ന് അവസാന വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനികൂടിയായ മകള്‍ സുമയ്യാ ബീഗം കട്ടായം പറഞ്ഞത് കളിവാക്കായിട്ടല്ല, അവളുടെ സുചിന്തിത നിലപാട് എന്ന നിലക്കു തന്നെയാണ്. ഞങ്ങളുടെ താല്‍പര്യം പോലെത്തന്നെ ഒരു വിവാഹക്കാര്യം അവള്‍ക്ക് ശരിയായിട്ടുമുണ്ട്. നിക്കാഹ് കഴിയാത്തത് കൊണ്ട് വരനെ സംബന്ധിക്കുന്ന വിവരങ്ങള്‍ ഇവിടെ കുറിക്കുന്നില്ല.

നമ്മുടെ മക്കള്‍ വില്‍പ്പനച്ചരുക്ക കളല്ല. അവര്‍ നമ്മുടെ കരളിന്റെ കഷ്ണങ്ങളാണ്. മക്കള്‍ക്കുവേണ്ടിയാണ് രക്ഷിതാക്കള്‍ ജീവിക്കുന്നത്. മരിച്ച് പോകുമ്പോള്‍ ആരും ഒന്നും കൊണ്ടുപോകുന്നില്ലല്ലോ? എന്തെങ്കിലും ഉണ്ടെങ്കില്‍ അതെല്ലാം അനന്തരാവകാശികള്‍ക്കായി ഭൂമിയില്‍ വിട്ടേച്ചാണ് ഓരോ മനുഷ്യനും ഇഹലോകവാസം വെടിയുന്നത്. നാല്‍ക്കാലിച്ചന്തകളില്‍ ആടുമാടുകള്‍ക്ക് വിലപേശുന്നവരെപ്പോലെ സ്വര്‍ണ്ണത്തിന്റെയും പണത്തിന്റെയും കണക്കു പറഞ്ഞ് മക്കള്‍ക്ക് വില പറഞ്ഞെത്തുന്ന ഏമ്പോക്കികളെ വീട്ടില്‍ നിന്ന് ആട്ടിയോടിക്കണം. വിലപേശുന്നവര്‍ക്ക് പെണ്‍മക്കളെ കൊടുക്കില്ലെന്ന് ഓരോ രക്ഷിതാവും തീരുമാനിച്ചാല്‍ ആകാശത്തുനിന്ന് ആരും പെണ്‍കുട്ടികളെ കല്യാണം കഴിച്ച് കൊണ്ടുവരില്ല. സ്ത്രീധനത്തോട് ”NO’ പറയാന്‍ ഇനിയും അമാന്തിക്കരുത്.
സ്ത്രീധനം പണമായോ സ്വര്‍ണ്ണമായോ വസ്തുവായോ പറയുന്നതും വാങ്ങുന്നതും കൊടുക്കുന്നതും പാപമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button