ഇരുചക്ര വാഹനത്തിന് രൂപമാറ്റം വരുത്തി: 17,000 രൂപ പിഴ
പാറശ്ശാല: ഇരുചക്ര വാഹനത്തിന്് രൂപമാറ്റം വരുത്തിയതിന് 17,000 രൂപ പിഴയീടാക്കി. അതിര്‍ത്തി പ്രദേശത്ത് പാറശ്ശാല മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് മാസങ്ങളായി രജിസ്ട്രേഷന് നടത്താതെ ഉപയോഗിച്ച ഇരുചക്രവാഹനവും, രൂപമാറ്റം വരുത്തിയ ഇരുചക്ര വാഹനങ്ങളും പിടികൂടിയത്.
ഇരുചക്രവാഹനത്തിന്റെ മുന്‍ഭാഗത്തെ ഫൈബര്‍ ഷീറ്റുകള്‍ ഇളക്കി മാറ്റുകയും, അമിതശബ്ദം പുറപ്പെടുവിക്കുന്നതിന് സൈലന്‍സറില്‍ രൂപമാറ്റം വരുത്തുകയും, കറുപ്പു പ്രതലത്തില്‍ വെള്ള അക്ഷരങ്ങളിലുള്ള നമ്പര്‍ പ്ലേറ്റ് സ്ഥാപിക്കുകയും ചെയ്ത ഇരുചക്ര വാഹനങ്ങള്‍ പിടികൂടി പിഴ ഈടാക്കുകയായിരുന്നു.
മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ ഇരുചക്ര വാഹനം പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. ഉദ്യോഗസ്ഥര്‍ പിന്തുടരുന്നത് കണ്ടപ്പോള്‍ നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനം ഉടമ റോഡരികിലെ ഒരുവീടിനു മുന്നില്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.
തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ വാഹനത്തിന്റെ ചെയ്സ് നമ്പര്‍ വെച്ച് നടത്തിയ പരിശോധനയിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന്് കണ്ടെത്തിയത്. അനധികൃതമായി രൂപമാറ്റം വരുത്തി ഉപയോഗിച്ച മുള്ളുവിള സ്വദേശിയുടെ ഇരുചക്ര വാഹനമാണ് പിടികൂടി പിഴയീടാക്കിയത്.