ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം; മക്കളെ പിരിഞ്ഞ് അയല്‍സംസ്ഥാനത്ത് അഭയം തേടി അധ്യാപിക
ആലപ്പുഴ: കേരളത്തില്‍ ഭര്‍തൃ പീഡനങ്ങളുടെ പരമ്പര തുടര്‍ന്നു വരികയാണ്. അത്തരത്തില്‍ ഭര്‍ത്താവിന്റെ ക്രൂരപീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്ന യുവതിയുടെ ദുരനുഭവമാണ് പുറത്തു വരുന്നത്. ആലപ്പുഴയിലാണ് സംഭവം. ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം പേടിച്ച് അയല്‍ സംസ്ഥാനത്ത് ജോലി ചെയ്തു വരികയാണ് അധ്യാപികയായ സുചിത്ര എസ്.നായര്‍.
12 കൊല്ലം മുന്‍പാണ് ആലപ്പുഴ സ്വദേശിയായ വിശാലുമായി സുചിത്രയുടെ വിവാഹം നടന്നത്. വിവാഹത്തിന് സുചിത്രയുടെ വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ ഉപയോഗിച്ച് പണയത്തിന് വീടെടുത്തു താമസിച്ചു വരികയാണ് സുചിത്രയുടെ ഭര്‍ത്താവ്.സുചിത്രയുടെ അമ്മയും രണ്ടു മക്കളും കഴിയുന്നതും ഇവിടെ തന്നെ.
ഭര്‍ത്താവിനെ പേടിച്ച് നാട്ടിലെ ജോലി ഉപേക്ഷിച്ച് അയല്‍ സംസ്ഥാനത്ത് പോയി അധ്യാപനം ചെയ്യുകയാണെന്നാണ് സുചിത്ര പറയുന്നത്. കല്ല്യാണം കഴിഞ്ഞ് കുറച്ചു നാളായപ്പോള്‍ തന്നെ കടുത്ത മദ്യപാനിയായ ഭര്‍ത്താവ് ദേഹോപദ്രവം നടത്തുകയായിരുന്നു. തിളച്ച പാല്‍ ചെവിയിലൊഴിച്ചും തലയ്ക്കടിച്ചുമായിരുന്നു അയാള്‍ ലഹരിക്കണ്ടെത്തിയിരുന്നത്. പീഡനത്തില്‍ തല്ലി ഒടിച്ച വിരല്‍ ഇപ്പോഴും പൂര്‍വ്വ സ്ഥിതിയിലേക്ക് മാറിയിട്ടില്ല. സുചിത്രയെ ഭര്‍ത്താവ് ഉപദ്രവിക്കുന്നത് കണ്ട് ചോദ്യം ചെയ്ത സുചിത്രയുടെ അച്ഛനേയും ഇയാള്‍ ഉപദ്രവിച്ചു.
ക്രൂര മര്‍ദ്ദനം സഹിക്കവയ്യാതെ 2017 മുതല്‍ ആലപ്പുഴ നോര്‍ത്ത് സ്റ്റേഷനിലും ഡിവൈഎസ്പിക്കും ജില്ലാ പൊലീസ് മേധാവിക്കുമായി നിരവധി പരാതികള്‍ നല്‍കിയിട്ടും ഭര്‍ത്താവിന് താക്കീത് ചെയ്തു വിടുന്നതെല്ലാതെ മറ്റു നടപടികളൊന്നും പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ഭര്‍ത്താവിനെ ഭയന്ന് അന്യ ദേശത്ത് ജോലി ചെയ്തു വരുന്ന സുചിത്ര നാട്ടിലെത്തിയാല്‍ ഭര്‍ത്താവിനെ ഭയന്ന് പുറത്തേക്കിറങ്ങാറില്ല.
അതേസമയം ഗാര്‍ഹിക പീഡനത്തില്‍നിന്ന് സംരക്ഷണം നല്‍കണമെന്ന കോടതി ഉത്തരവും ഇതുവരെ പാലിക്കപ്പെട്ടില്ല. ജീവന്‍ പേടിച്ച് അധികാരികളോട് നിയമപരിരക്ഷ ആവശ്യപ്പെട്ടിട്ടും യാതൊരു വിധത്തിലും നടപടി സ്വീകരിച്ചില്ലെന്നാണ് സുചിത്ര പറയുന്നത്.