Kerala NewsLatest News

ശബരിമല കര്‍ക്കിടക മാസപൂജ: ദര്‍ശനാനുമതി ദിവസവും 5000 പേര്‍ക്ക്

കര്‍ക്കിടക മാസ പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി കെ ജയരാജ് പോറ്റി ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിക്കും. തുടര്‍ന്ന് തന്ത്രി വിഭൂതി പ്രസാദം വിതരണം ചെയ്യും. ശേഷം ഉപദേവതാ ക്ഷേത്ര നടകളും തുറക്കും. പിന്നീട് പതിനെട്ടാം പടിക്ക് മുന്നിലെ ആഴിയില്‍ മേല്‍ശാന്തി അഗ്നി പകരും. 17 ന് പുലര്‍ച്ചെ മുതല്‍ മാത്രമെ മലകയറി ഭക്തര്‍ ദര്‍ശനത്തിനായി എത്തിച്ചേരുകയുള്ളൂ.

ദിവസേന 5000 പേര്‍ക്ക് ദര്‍ശനം ഒരു ദിവസം 5000 ഭക്തര്‍ക്ക് വീതം ദര്‍ശനത്തിനായി അവസരം നല്‍കിയിട്ടുണ്ട്. വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് സംവിധാനത്തിലുടെ മാത്രമെ ഭക്തര്‍ക്ക് ഇക്കുറി ശബരിമല അയ്യപ്പ ദര്‍ശനത്തിനായി എത്തിച്ചേരാന്‍ സാധിക്കൂ. വെര്‍ച്വല്‍ ക്യൂ ബുക്കിംഗിലൂടെ ശബരിമല കയറാന്‍ അനുമതി ലഭിച്ചവര്‍ ഒന്നുകില്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ്- 19 ആര്‍ ടി പി സി ആര്‍ പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ കോവിഡ് പ്രതിരോധ വാക്സിന്‍ രണ്ട് ഡോസും സ്വീകരിച്ച സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം. നെയ്യഭിഷേകം, ഉദയാസ്തമന പൂജ, കളഭാഭിഷേകം, 25 കലശാഭിഷേകം, പടിപൂജ എന്നിവ കര്‍ക്കിടക മാസ പൂജകള്‍ക്കായി ക്ഷേത്രനട തുറന്നിരിക്കുന്ന 5 ദിവസങ്ങളിലും ഉണ്ടാകും. പൂജകള്‍ പൂര്‍ത്തിയാക്കി ജൂലൈ 21 ന് രാത്രി ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും.

കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കും

ശബരിമല കര്‍ക്കിടക മാസപൂജ തീര്‍ത്ഥാടനത്തിന് കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുമെന്നും ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. കര്‍ക്കിടക മാസപൂജയ്ക്കുള്ള ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ഓണ്‍ലൈനായി ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും വിവിധ പ്രതിനിധികളുടെയും യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. വെര്‍ച്വല്‍ ക്യു സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കാണ് ദര്‍ശനത്തിന് അനുമതിയുള്ളത്. നിര്‍ദേശങ്ങള്‍ പാലിച്ച്‌ പ്രതിരോധ പ്രവര്‍ത്തികള്‍ സ്വീകരിച്ചും ആരോഗ്യ പൂര്‍ണമായ തീര്‍ഥാടനം ഉറപ്പു വരുത്താന്‍ സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

മുന്നൊരുക്കവുമായി ആരോഗ്യവകുപ്പ്

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ ദിവസവും 5,000 പേര്‍ക്കാണ് ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുന്നതിനായി സന്നിധാനം, പമ്ബ, നിലയ്ക്കല്‍ ബേസ് ക്യാമ്ബ് എന്നിവിടങ്ങളില്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെയും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും റവന്യൂ വകുപ്പ് നിയോഗിച്ചിട്ടുണ്ട്.

കര്‍ക്കിടക മാസപൂജയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍. ഷീജ പറഞ്ഞു. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ തീര്‍ഥാടനം ഒഴിവാക്കേണ്ടതാണ്. തീര്‍ഥാടന സമയത്ത് മാസ്‌ക് ശരിയായ രീതിയില്‍ ധരിക്കുകയും, സുരക്ഷിതമായ ശാരീരിക അകലം പാലിക്കുകയും വേണം. ഹോട്ടലുകളിലും, കടകളിലും കൗണ്ടറുകളിലും തിരക്ക് കൂട്ടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇടയ്ക്കിടെ സാനിറ്റൈസറോ, സോപ്പോ ഉപയോഗിച്ച്‌ കൈകള്‍ വൃത്തിയാക്കണം.

എന്തെങ്കിലും രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ നിലയ്ക്കല്‍, പമ്ബ, സന്നിധാനം എന്നിവിടങ്ങളിലുള്ള സര്‍ക്കാര്‍ ആശുപത്രികളിലെത്തി ചികിത്സ തേടുക. സ്രവ പരിശോധനയില്‍ കോവിഡ് രോഗബാധിതരാണെന്ന് വ്യക്തമായാല്‍ പെരുനാട് സിഎഫ്‌എല്‍ടിസിയിലോ രോഗതീവ്രതനുസരിച്ച്‌ ആരോഗവകുപ്പ് നിര്‍ദേശിക്കുന്ന മറ്റ് സ്ഥാപനങ്ങളിലേക്കോ മാറ്റും. നിലയ്ക്കല്‍, പമ്ബ, സന്നിധാനം ആശുപത്രികളില്‍ രണ്ടുവീതം ഡോക്ടര്‍മാര്‍, നഴ്സ്, അറ്റന്‍ഡര്‍മാര്‍, ഓരോ ഫാര്‍മസിസ്റ്റ്, ലാബ് ടെക്നീഷ്യന്‍ എന്നിവരെ നിയമിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ പമ്ബയില്‍ വെന്റിലേറ്റര്‍ സംവിധാനവും പമ്ബയിലും സന്നിധാനത്തും ഓക്സിജന്‍ ലഭ്യതയും ഒരുക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് പമ്ബയില്‍ രണ്ട് ആംബുലന്‍സുകളും സജ്ജീകരിച്ചിട്ടുണ്ട്.

സിക്ക വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഫോഗിംഗ് ഉള്‍പ്പെടെയുള്ള കൊതുക് നിയന്ത്രണപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. കോവിഡ് രോഗ വ്യാപന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ തീര്‍ഥാടകര്‍ ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങളോട് സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി ദേവസ്വം ബോര്‍ഡ്

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും തീര്‍ഥാടനമെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറഞ്ഞു. പമ്ബയില്‍ നിന്ന് തീര്‍ഥാടകര്‍ക്ക് കുടിവെള്ളം കുപ്പിയില്‍ നല്‍കും. രണ്ട് സ്ഥലങ്ങളില്‍ വെള്ളം നിറയ്ക്കുന്നതിന് സൗകര്യം ഒരുക്കും. 40 സ്ഥലങ്ങളില്‍ കൈകള്‍ ശുചിയാക്കുന്നതിന് സാനിറ്റൈസര്‍ സൗകര്യം ലഭ്യമാക്കും. വലിയ നടപ്പന്തലിലും പതിനെട്ടാം പടിയിലും കാലുകള്‍ ശുചീകരിക്കുന്നതിന് സൗകര്യം ലഭ്യമാക്കും. 340 ശുചിമുറികള്‍ സജ്ജമാക്കിയിട്ടുണ്ട്. തിരുമുറ്റവും നടപ്പന്തലും കൃത്യസമയത്ത് ശുചീകരിക്കും. സന്നിധാനം, പമ്ബ, നിലയ്ക്കല്‍ ബേസ് ക്യാമ്ബ് എന്നിവിടങ്ങളില്‍ ശുചീകരണ തൊഴിലാളികളെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിയോഗിക്കും.

ഡ്യൂട്ടിക്കായി എത്തുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് സന്നിധാനം, പമ്ബ, നിലയ്ക്കല്‍ ബേസ് ക്യാമ്ബ് എന്നിവിടങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ആവശ്യമായ താമസ സൗകര്യവും, ഭക്ഷണവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
ക്രമീകരിക്കും. സന്നിധാനം, പമ്ബ, നിലയ്ക്കല്‍ ബേസ് ക്യാമ്ബ് എന്നിവിടങ്ങളില്‍ മാസ്ക് നിക്ഷേപിക്കുന്നതിനായി ദേവസ്വം ബോര്‍ഡ് ബിന്നുകള്‍ സ്ഥാപിക്കും.

സന്നിധാനം, പമ്ബ, നിലയ്ക്കല്‍ ബേസ് ക്യാമ്ബ്, എന്നിവിടങ്ങളില്‍ അഗ്നിശമനസേന തീയണക്കാനും രക്ഷാപ്രവര്‍ത്തനത്തിനും സംവിധാനം ഒരുക്കിയിട്ടുണ്ട്. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാര്‍ക്കായി കെഎസ്‌ആര്‍ടിസിയുടെ സര്‍വീസ് വ്യാഴാഴ്ച തുടങ്ങി. നിലയ്ക്കലില്‍ നിന്നു പമ്ബയിലേക്ക് ചെയിന്‍ സര്‍വീസ് നടത്തുന്നതിന് 15 ബസുകള്‍ കെഎസ്‌ആര്‍ടിസി സജ്ജമാക്കിയിട്ടുണ്ട്. അയ്യപ്പസേവാ സംഘം സ്ട്രെച്ചര്‍ സര്‍വീസ്, ഓക്സിജന്‍ പാര്‍ലര്‍, ശുചീകരണം എന്നിവയ്ക്കായി 35 വോളന്റിയര്‍മാരെ സജ്ജമാക്കിയിട്ടുണ്ട്. അയ്യപ്പസേവാ സംഘം അന്നദാനം നടത്തും. ഒരു ആംബുലന്‍സും അയ്യപ്പസേവാ സംഘം സജ്ജമാക്കിയിട്ടുണ്ട്. വനം വകുപ്പ് റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ സജ്ജമാക്കും. പമ്ബയില്‍നിന്നും സന്നിധാനത്തേക്കും തിരിച്ചും തീര്‍ഥാടകര്‍ക്ക് സഞ്ചരിക്കുന്നതിനുള്ള സുരക്ഷ വനം വകുപ്പ് ഉറപ്പാക്കും.

പമ്ബയിലും പരിസരപ്രദേശങ്ങളിലും കടകള്‍ എല്ലാ ദിവസവും തുറക്കാം

കര്‍ക്കിടമാസ പൂജകള്‍ക്കായി ശബരിമല നടതുറക്കുന്നതിനോടനുബന്ധിച്ച്‌ വടശേരിക്കര, നിലക്കല്‍, പമ്ബ, സന്നിധാനം എന്നിവിടങ്ങളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ നട അടയ്ക്കുന്നതുവരെ എല്ലാ ദിവസവും തുറക്കാന്‍ അനുമതി നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിനൊപ്പം മഴക്കാലമായതിനാല്‍ തീര്‍ഥാടകര്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്നും കളക്ടര്‍ പറഞ്ഞു.

കോവിഡ് സാഹചര്യത്തില്‍ പെരുനാട്, ളാഹ, ചാലക്കയം, നിലക്കല്‍, പമ്ബ എന്നിവടങ്ങളില്‍ പോലീസിന്റെ മേല്‍നോട്ടം ഉണ്ടാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ യോഗത്തില്‍ പറഞ്ഞു. തീര്‍ഥാടകര്‍ ഒരുമിച്ചിരുന്ന് ഭക്ഷണം, പ്രസാദം എന്നിവ കഴിക്കുന്നതും വാങ്ങുന്നതും ഒഴിവാക്കണമെന്നും ദേവസ്വം ബോര്‍ഡ്, അയ്യപ്പ സേവാ സംഘം എന്നിവര്‍ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) എ.എല്‍ ഷീജ പറഞ്ഞു.

രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ തീര്‍ഥാടനത്തിന് തയാറാകരുതെന്നും തീര്‍ഥാടകരില്‍ കോവിഡ് പോസിറ്റീവാകുന്നവര്‍ പോലീസിന്റെ കര്‍ശന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി പറഞ്ഞു. ദുരന്തനിവാരണ അതോറിട്ടി ഡെപ്യുട്ടി കളക്ടര്‍ ടി.ജി ഗോപകുമാര്‍ ,ഡി.ഡി.പി പി.ആര്‍ സുമേഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button