സംസ്ഥാനത്ത് മുഴുവന്‍ ജില്ലകളിലും സ്ത്രീധന നിരോധന ഉദ്യോഗസ്ഥരെ നിയമിക്കും.
തിരുവനന്തപുരം: സ്ത്രീധന നിരോധന നിയമങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി വരുത്തിയതായി ആരോഗ്യ- വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും ചട്ട പ്രകാരം സ്ത്രീധന നിരോധന ഓഫീസര്‍മാരെ നിയമിച്ചിരിക്കുകയാണ്. ജില്ലാതലത്തിലെ സ്ത്രീധന നിരോധന ഓഫീസര്‍മാരുടെ ആദ്യഘട്ട പരിശീലനം പൂര്‍ത്തിയായതായും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സ്ത്രീധനവുമായി ബന്ധപ്പെട്ട് നിരവധി കൊലപാതകങ്ങളും ചര്‍ച്ചകളും പ്രതിഷേധ പ്രകടനവും കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വരെ ഉണ്ടായിരുന്നു.
ബന്ധപ്പെട്ട പരാതികളില്‍ സ്ത്രീകളെ സഹായിക്കുന്നതിനായി വിവിധ സന്നദ്ധ സംഘടനകള്‍ താല്‍പര്യമറിയിച്ച് രംഗത്തുവന്നിട്ടുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. കേരളത്തില്‍ 14 ജില്ലകളിലും ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാരെ നിയമിച്ചുകൊണ്ടുള്ളതാണ് പുതിയ നിയമഭേദഗതി.
സര്‍ക്കാര്‍ ഭേദഗതിക്ക് മുന്‍പ് സംസ്ഥാനത്ത് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ മേഖലാ ഓഫീസുകളില്‍ മാത്രമാണ് സ്ത്രീധന നിരോധന ഓഫീസര്‍മാര്‍ ഉണ്ടായിരുന്നുള്ളു. പുതുതായി രൂപീകരിച്ച കേരള സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലാണ് ഈ ഉദ്യോഗസ്ഥര്‍ വരിക. എന്നാല്‍ വകുപ്പിന്റെ രൂപീകരണം പൂര്‍ത്തിയായിട്ടില്ല. വകുപ്പിലെ ബന്ധപ്പെട്ട ഓഫീസര്‍ക്ക് അധികചുമതല നല്‍കി തസ്തിക പുനര്‍നാമകരണം ചെയ്യുന്നത് അവസാന ഘട്ടത്തിലാണ്.
സ്ത്രീധന നിരോധന നിയമം കാലങ്ങളായി കേരളത്തില്‍ നിലവിലുണ്ടെങ്കിലും പരാതി നല്‍കാന്‍ ആരും തയ്യാറാവുന്നില്ല.നിയമം അനുസരിച്ച് സ്ത്രീധനം വാങ്ങുന്നവരും കൊടുക്കുന്നവരും ഒരുപോലെ കുറ്റക്കാരാകും എന്നതിനാലാകാം ഇത്. ആരെങ്കിലും കൊല്ലപ്പെടുമ്പോഴോ കടുത്ത പീഡനം മൂലം വീട് വിട്ടിറങ്ങേണ്ടി വരുമ്പോഴോ മാത്രമാണ് കേസുണ്ടാകുന്നത്. സ്ത്രീധനവവുമായി ബന്ധപ്പെട്ട് റീജിയണല്‍ ഓഫീസര്‍മാര്‍ക്ക് മുമ്പില്‍ വളരെ വിരളമായേ പരാതി വരുന്നുള്ളു എന്നാണ് റിപ്പോര്‍ട്ടുകള്‍.