ഡാനിഷ് സിദ്ദീഖിയുടെ മൃതദേഹം താലിബാന്‍ റെഡ്ക്രോസിന് കൈമാറി; നാട്ടിലെത്തിക്കാനുള്ള ശ്രമവുമായി ഇന്ത്യന്‍ എംബസി
കാബൂള്‍: അഫ്ഗാനിസ്താനില്‍ സര്‍ക്കാര്‍ സേനയും താലിബാനും തമ്മിലുള്ള േപാരാട്ടത്തിനിടെ കൊല്ലപ്പെട്ട റോയിേട്ടഴ്സിന്റെ പുലിറ്റ്സര്‍ ജേതാവായ ഇന്ത്യന്‍ ഫോട്ടോജേണലിസ്റ്റ് ദാനിഷ് സിദ്ദീഖിയുടെ മൃതദേഹം റെഡ്ക്രോസിന് കൈമാറി. ഡാനിഷ് കൊല്ലപ്പെട്ട കാണ്ഡഹാര്‍ പ്രവിശ്യയുടെ അധികാരം പിടിച്ച താലിബാനാണ് കൈമാറിയത്. അഫ്ഗാന് സേനക്കൊപ്പം പാക് അതിര്‍ത്തിയോടു ചേര്‍ന്ന സ്പിന്‍ ബോള്‍ഡക് ജില്ലയില്‍ റിപ്പോര്‍ട്ടിങ്ങിനിടെയാണ് സുരക്ഷ സേനയും താലിബാനുമായി ആക്രമണമുണ്ടാകുന്നത്.
ദാനിഷ് സിദ്ദീഖിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ അഫ്ഗാന് അധികൃതരുമായി ബന്ധപ്പെട്ടുവരികയാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.
ടെലിവിഷന്‍ രംഗത്ത് മാധ്യമ പ്രവര്‍ത്തനം ആരംഭിച്ച ദാനിഷ് സിദ്ദീഖി ഫോട്ടോ ജേണലിസത്തിലേക്ക് തിരിയുകയായിരുന്നു. ഇന്ത്യയിലും അയല്‍രാജ്യങ്ങളിലുമായി അദ്ദേഹമെടുത്ത ചിത്രങ്ങള്‍ രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റി. അഫ്ഗാനില്‍ യു.എസ് സൈനിക പിന്‍മാറ്റത്തിനു പിന്നാലെ താലിബാന്‍ നീക്കങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു.
ദാനിഷ് സിദ്ദീഖി കൊല്ലപ്പെട്ട സംഭവത്തില്‍ താലിബാന്‍ മാപ്പുപറഞ്ഞു. ആക്രമണം നടക്കുന്ന സ്ഥലത്ത് എത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ നേരത്തെ അറിയിക്കേണ്ടിയിരുന്നുവെന്നും അദ്ദേഹത്തിന്‍റെ കാര്യത്തില്‍ അത് സംഭവിച്ചില്ലെന്നും താലിബാന്‍ വക്താവ് സബീഉല്ല മുജാഹിദ് പറഞ്ഞു. താലിബാനില്‍നിന്ന് സ്പിന്‍ ബോള്‍ഡക് പ്രദേശം തിരിച്ചുപിടിക്കാന്‍ സുരക്ഷ സേന നടത്തിയ നീക്കമാണ് ദാനിഷ് സിദ്ദീഖിയുടെ ജീവനെടുത്തത്. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനും നീക്കത്തില്‍ കൊല്ലപ്പെട്ടിരുന്നു.