പ്രതിപക്ഷ നേതാവ് പറയുന്നതല്ല ലീഗ് പറയുന്നത്; ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ ഐക്യമില്ലാതെ യുഡിഎഫ്
തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ ഘടക വിരുദ്ധമായ അഭിപ്രായവുമായി പ്രതിപക്ഷ നേതാവും മുസ്ളീം ലീഗും. മുസ്‌ളീം സമുദായത്തിന് നഷ്‌ടമുണ്ടായില്ലെന്ന് സര്‍ക്കാര്‍ വാദത്തിന് തുല്യമായ അഭിപ്രായമാണ് ഇന്ന് കോട്ടയത്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അഭിപ്രായപ്പെട്ടത്. നഷ്‌ടമുണ്ടായില്ലെന്നാണ് വി.ഡി സതീശന്‍ പറയുന്നതെങ്കില്‍ അത് തെറ്റാണെന്നും 80:20 അനുപാതം എടുത്ത് കളഞ്ഞതോടെ സച്ചാര്‍ കമ്മീഷന്റെ ശുപാര്‍ശയാണ് ഇല്ലാതായതെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി രൂക്ഷമായി പ്രതികരിച്ചു.
ഇതോടെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ ഐക്യജനാധിപത്യ മുന്നണിയിലെ ഭിന്നസ്വരം പുറത്ത് വന്നിരിക്കുകയാണ്. 100 ശതമാനവും മുസ്ളീം വിഭാഗത്തിന് ലഭിക്കേണ്ട സ്‌കോളര്‍ഷിപ്പാണിതെന്നും അതിനെ 80:20 ആക്കിയ വി.എസ് സര്‍ക്കാര്‍ ചെയ്‌തതും തെറ്റാണെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു. എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമായി വിഭജിച്ച് നല്‍കിയ ആ സ്‌കോളര്‍ഷിപ്പാണ് ഇപ്പോള്‍ കോടതി തളളിയതെന്നും അദ്ദേഹം പറഞ്ഞു. സ്‌കോളര്‍ഷിപ്പ് പുനസ്ഥാപിക്കണമെന്നാണ് ലീഗിന്റെ അഭിപ്രായമെന്നും അക്കാര്യം പ്രതിപക്ഷ നേതാവ് വി.ഡി സതീശന് മനസിലാക്കാന്‍ സാധിച്ചോ എന്നറിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം ഇന്നലെ കാസര്‍കോട്ടെ വാര്‍ത്താസമ്മേളനത്തില്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ മുസ്ളീം സമുദായത്തിന് നഷ്‌ടമുണ്ടായതായി പറഞ്ഞ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഇന്ന് കോട്ടയത്ത് നഷ്‌ടമുണ്ടായില്ലെന്ന് അഭിപ്രായപ്പെട്ടു. ഇതില്‍ ലീഗ് അതൃപ്‌തി അറിയിച്ചതോടെ ലീഗിന്റെ അഭിപ്രായം മുന്നണി ചര്‍ച്ച ചെയ്യുമെന്നും ലീഗിന്റെ ആവശ്യവും പരിഗണിക്കണമെന്നും സര്‍ക്കാര്‍ പുതിയൊരു സ്‌കീമുണ്ടാക്കി ഇതര ന്യൂനപക്ഷ വിഭാഗങ്ങളെ ഉള്‍പ്പെടുത്തണമെന്നുമാണ് അഭിപ്രായമെന്നും വി.ഡി സതീശന്‍ പറഞ്ഞു. മുസ്ളീം സമുദായത്തിന് എക്സ്ക്ളൂസിവായി ഉണ്ടായിരുന്ന സ്കീമാണ് ഇല്ലാതായതെന്നും അതിനാല്‍ അവരുടെ നഷ്‌ടം വ്യക്തമാണെന്നും അദ്ദേഹം വിശദീകരിച്ചു.
സച്ചാര്‍ കമ്മിറ്റിയുടെയും പാലോളി കമ്മീഷന്റെയും ശുപാര്‍ശകളെ അട്ടിമറിക്കുന്നതാണ് പുതിയ കോടതി വിധിയെന്നാണ് ലീഗിന്റെ വാദം. എന്നാല്‍ ഇതിനോട് സിപിഎമ്മോ കോണ്‍ഗ്രസോ യോജിക്കുന്നില്ല എന്നതാണ് നേതാക്കളുടെ പ്രതികരണം വ്യക്തമാക്കുന്നത്. സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നവര്‍ക്ക് എല്ലാം ലഭിക്കുമെന്നും ആര്‍ക്കും ആനുകൂല്യം കുറയില്ലെന്നുമാണ് സിപിഎം സംസ്ഥാന ആക്‌സിങ് സെക്രട്ടറി എ.വിജയരാഘവന്‍ പറഞ്ഞത്. ഇത് തന്നെയാണ് കോണ്‍ഗ്രസിലെയും വികാരം. വിഷയത്തില്‍ ചര്‍ച്ച ചെയ്‌ത് പൊതുധാരണയുണ്ടാകേണ്ടത് യുഡിഎഫില്‍ അത്യാവശ്യമാണ്.