ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ പരാതി നല്‍കി ഐഎഎസ് ഓഫീസര്‍
പാറ്റ്‌ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ പരാതി നല്‍കി ഐഎഎസ് ഓഫീസര്‍. സുധീര്‍ കുമാര്‍ എന്ന 1987 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് ഗാര്‍ഡാനിബാഗ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. മുഖ്യമന്ത്രിക്കും ചില ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരെയാണ് സുധീര്‍ കുമാര്‍ പരാതി നല്‍കിയത്.
പരാതി നല്‍കാന്‍ എത്തിയ തന്നെ നാലുമണിക്കൂര്‍ സ്റ്റേഷനില്‍ ഇരുത്തിയ ശേഷമാണ് പരാതി സ്വീകരിച്ചത് എന്ന് ഇയാള്‍ പറഞ്ഞു.
2014 ല്‍ ബിഹാര്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ ആയിരുന്നു സുധീര്‍ കുമാര്‍. അഴിമതി കേസുമായി ബന്ധപ്പെട്ട് സുധീര്‍ മൂന്ന് വര്‍ഷം ജയിലില്‍ റിമാന്റ് തടവില്‍ കിടന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇദ്ദേഹത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ഇയാള്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്.
ബീഹാര്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ ആയിരുന്നപ്പോള്‍ ചോദ്യപേപ്പര്‍ ചോര്‍ത്തി എന്ന കേസില്‍ ഇയാള്‍ ആരോപണ വിധേയനായി 2017 ല്‍ ഈ കേസില്‍ അറസ്റ്റിലായി. പിന്നീട് മൂന്നു വര്‍ഷത്തോളം ജയിലില്‍ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ നല്‍കിയ പരാതിയുടെ ഉള്ളടക്കം വ്യക്തമാക്കാന്‍ സുധീര്‍ കുമാര്‍ തയ്യാറായില്ല. എന്നാല്‍ തട്ടിപ്പും വ്യാജരേഖ ചമയ്ക്കല്‍ അടക്കമുള്ള കാര്യങ്ങള്‍ പരാതിയിലുണ്ടെന്നും, പല പ്രമുഖരുടെയും പേര് പരാതിയില്‍ ഉണ്ടെന്നും ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഡിഐജി റാങ്കിലുള്ള ഐപിഎസ് ഉദ്യോഗസ്ഥന്‍ മനു മഹാരാജിന്റെ പേരും പരാതിയിലുണ്ട്.
അതേ സമയം പരാതി ലഭിച്ചിട്ടുണ്ടെന്നും, പരാതിയില്‍ എഫ്‌ഐആര്‍ ഇട്ടിട്ടില്ലെന്നുമാണ് പോലീസ് പറഞ്ഞത്. എന്നാല്‍ പരാതിയില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് രംഗത്തെത്തിയിരുന്നു.