ഗൂഗിള്‍ മാപ്പ് ചതിച്ചു; 18 ചക്രമുള്ള ട്രെയ്ലര്‍ ലോറി വഴിയില്‍ കുടുങ്ങി
ഗൂഗിള്‍ മാപ്പിന്റെ നിര്‍ദേശം പിന്തുടര്‍ന്ന 18 ചക്രമുള്ള ട്രെയ്ലര്‍ ലോറി വഴിയില്‍ കുടുങ്ങി . ആലപ്പുഴ മധുര ദേശീയ പാതയുടെ ഭാഗമായ വണ്ണപ്പുറം ചേലച്ചുവട് റോഡില്‍ നാല്‍പതേക്കറില്‍ ലോഡ് കയറ്റി വന്ന 18 ചക്രമുള്ള ട്രെയ്ലര്‍ ലോറിയാണ് കയറ്റം കയറാനാവാതെ വഴിയില്‍ കുടുങ്ങിയത് . കഴിഞ്ഞ ദിവസം പുലര്‍ച്ചെ ആയിരുന്നു സംഭവം. ഗൂഗിള്‍ മാപ്പ് നോക്കി ഡ്രൈവര്‍ റോഡ് തിരഞ്ഞെടുത്തതാണ് കുഴപ്പിച്ചത് . വാഴത്തോപ്പില്‍ വൈദ്യുതി ബോര്‍ഡിന്റെ ആവശ്യത്തിലേക്ക് 30 ടണ്‍ തൂക്കമുള്ള വൈദ്യുതി കമ്പികളുമായി രാജസ്ഥാനിലെ അജ്മീറില്‍ നിന്നു വന്ന ട്രെയ്ലര്‍ ആണ് കയറ്റം കയറാനാവാതെ വഴിയില്‍ പെട്ട് പോയത് .
കയറ്റം കയറുന്നതിനിടെ മുന്നോട്ടും പിന്നോട്ടും പോകാനാവാതെ വഴിയില്‍ ലോറി കുടുങ്ങി . പിന്നീട് ഹൈവേ പൊലീസിന്റെ സഹായത്തോടെയാണ് വാഹനം അര കിലോ മീറ്ററിലേറെ ദൂരം പിറകോട്ട് എടുത്ത് പെട്രോള്‍ പമ്പില്‍ എത്തിക്കുന്നതും തിരിക്കുന്നതും . ഇതോടെയാണ് റോഡിലെ ഗതാഗത തടസ്സം നീക്കിയത്. ഒരാഴ്ച മുന്‍പ് ആജ്മീറില്‍ നിന്ന് ലോഡുമായി പോന്ന ലോറിയില്‍ ഒരു ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്.
സഹ ഡ്രൈവറും ക്ലീനറും ഇല്ലാതെ രാപകല്‍ ലോറി ഓടിക്കുന്നത് വലിയ അപകടത്തിന് ഇടയാക്കുമെന്ന് പൊലീസ് പറഞ്ഞു. ശേഷം വേറെ ഡ്രൈവറെ വിളിച്ച് ലോറി കൊണ്ടു പോയാല്‍ മതിയെന്ന് പൊലീസുകാര്‍ ആവശ്യപ്പെട്ടു . സംസ്ഥാനത്ത് വലിയ കയറ്റവും കൊടും വളവുകളും നിറഞ്ഞ റോഡില്‍ ഉണ്ടാകുന്ന വാഹന അപകടങ്ങള്‍ നിരവധിയാണ് . വണ്ണപ്പുറം ചേലച്ചുവട് റോഡിലൂടെ വലിയ വാഹനങ്ങള്‍ പോകുന്നത് അപകടത്തിന് ഇടയാക്കും. എന്നാല്‍ ഇതൊന്നും അറിയാതെ ഗൂഗിള്‍ മാപ്പ് നോക്കി വാഹനങ്ങള്‍ വരുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് വഴി വെക്കുന്നത് .
ഏതാനും വര്‍ഷം മുന്‍പ് രാത്രി നാല്‍പതേക്കര്‍ ഭാഗത്ത് കമ്പി കയറ്റി വന്ന ലോറി കയറ്റം കയറാതെ വന്നതിനെ തുടര്‍ന്ന് തിരിച്ച് ഇറക്കുന്നതിനിടെ നിയന്ത്രണം വിട്ട് വീടിനു മുകളിലേക്ക് മറിഞ്ഞ് വീട്ടില്‍ ഉറങ്ങി കിടന്ന വീട്ടമ്മയും ലോറി ഡ്രൈവറും മരണപ്പെട്ടിരുന്നു . റോഡിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് ബോര്‍ഡുകളോ, മറ്റ് നിയന്ത്രണങ്ങളോ ഇല്ലാത്തതിനാല്‍ പുറത്തു നിന്നുള്ള ഡ്രൈവര്‍മാര്‍ ഗൂഗിള്‍ മാപ്പ് നോക്കി ഇതുവഴി ഇത്തരത്തില്‍ ഭാര വാഹനങ്ങളുമായി വരുന്നത് ഉണ്ടാക്കുന്നത് വലിയ അപകടങ്ങളാണ് എന്നതാണ് വസ്തുത