ഇതൊക്കെ നിസ്സാരം;15 കോടിയുടെ റെയില്‍പാള വേലി തവിടു പൊടി,നാടിളക്കി കാട്ടാനകള്‍ !
വയനാട് ജില്ലയില്‍ കാട്ടാനകളുടെ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കര്‍ഷകര്‍ ഏറെ ആശ്വാസകാര്യമാണെന്ന് വിലയിരുത്തിയ റെയില്‍പാള വേലിയും കാട്ടാന ഇളക്കി മാറ്റി.ശേഷം കൃഷിയിടത്തില്‍ കടന്നു നാശങ്ങള്‍ വിതച്ചു . വാകേരി തേന്‍കുഴി അബ്ബാസ്‌കൊല്ലി ഭാഗത്താണു കഴിഞ്ഞ ദിവസം രാത്രി കാട്ടാനകള്‍ റെയില്‍പാള വേലി തകര്‍ത്തത്. തുടര്‍ച്ചയായി ഇളക്കുകയും തള്ളുകയും അടിക്കുകയും ചെയ്തതോടെ പാളങ്ങള്‍ ഉറപ്പിച്ചിരുന്ന നട്ടും ബോള്‍ട്ടും ഇളകി വീഴുകയാണ്ടുണ്ടായതെന്നാണു നിഗമനം .
ശക്തമായി കുലുക്കിയപ്പോള്‍ നട്ടും ബോള്‍ട്ടും ഇളകിപ്പോയതോടെ രണ്ടു തൂണുകള്‍ക്കിടയിലുള്ള പാളം താഴേക്കു വീണു അതുവഴി കാട്ടാനകള്‍ കൃഷിയിടത്തിലേക്കും കടക്കുകയും ചെയ്തു . കൃഷിയിടങ്ങളില്‍ കാട്ടാനയിറങ്ങാതിക്കാന്‍ കേരളത്തില്‍ ആദ്യമായി സ്ഥാപിച്ച വേലി കൂടിയാണിതെന്നതാണ് രസകരമായ കാര്യം . സംസ്ഥാനത്തെ ഒരേയൊരു റെയില്‍പാള വേലിയും ഇതാണ്. ബത്തേരി സത്രം കുന്ന് മുതല്‍ മൂടക്കൊല്ലി വരെ 10 കിലോമീറ്റര്‍ ദൂരത്തില്‍ 15 കോടി രൂപ മുടക്കിയാണ് റെയില്‍പാള വേലിയുടെ പണി കഴിപ്പിച്ചത് .
അതേസമയം കാട്ടാനകള്‍ വേലി തകര്‍ത്തതിന് കുറച്ചു ദൂരെയായി വാലി എസ്റ്റേറ്റിനടുത്ത് കൂറ്റന്‍ മരം വീണും വേലിക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു . സ്വകാര്യ റിസോര്‍ട്ടിലും ഒട്ടേറെ പേരുടെ കൃഷിയിടങ്ങളിലും കാട്ടാനകള്‍ വന്‍ നാശ നഷ്ടം വരുത്തി . ഇറങ്ങിയ വഴി തന്നെ കാട്ടാനകള്‍ കാട്ടിലേക്കു തിരികെ പോവുകയും ചെയ്തു. വളരെ വിരളമായി മാത്രമേ ഇത്തരം സംഭവങ്ങള്‍ നടക്കുന്നുള്ളൂ .വേലിയില്ലാത്ത ഭാഗത്തു കൂടി രണ്ടു മാസം മുന്‍പ് കാട്ടനകള്‍ നാട്ടിലിറങ്ങി പ്രശ്‌നമുണ്ടാക്കിയപ്പോള്‍ പാളങ്ങള്‍ അഴിച്ചു മാറ്റിയാണ് തിരികെ കയറ്റിയത് .
അവശ്യ സന്ദര്‍ഭങ്ങളില്‍ ഇത്തരത്തില്‍ തുറക്കുന്നതിനായി വേലിയില്‍ സൗകര്യം ഉള്‍പ്പെടുത്തിയിട്ടുണ്ട് . മുന്‍ മാതൃകകളില്ലാതെ സ്ഥാപിച്ച കര്‍ണാടകയിലേക്കാള്‍ ഇവിടെ വിജയമാണെന്നാണ് പൊതുവെയുള്ള അഭിപ്രായം , പോരായ്മകള്‍ പരിഹരിച്ചാവും അടുത്ത ഘട്ടത്തില്‍ വേലികള്‍ പണിയുക .നിലവില്‍ പൊളിഞ്ഞു പോയ ഭാഗം താല്‍കാലികമായി അടച്ചിട്ടുണ്ട് .എന്നാല്‍ വാഹനം ചെല്ലാന്‍ ബുദ്ധിമുട്ടള്ള സ്ഥലത്ത് ജനറേറ്ററും മറ്റും എത്തിച്ചു വേണം ഇനി വെല്‍ഡിങ് ജോലികള്‍ പൂര്‍ത്തിയാക്കാന്‍. ഇന്നത്തോടെ പഴയ സ്ഥിതിയില്‍ വേലി ഉറപ്പിക്കാന്‍ കഴിയുമെന്നാണ് കുറിച്യാട് റേഞ്ച് അധികൃതരുടെ വെളിപ്പെടുത്തല്‍