മരിക്കാന്‍ തോന്നും; കാത്തിരിക്കണം..പ്രതീക്ഷകളില്ലെങ്കില്‍ പിന്നെന്ത് ജീവിതം !
കൊവിഡ് 19 മഹാമാരിയെ തുര്‍ന്നുള്ള ലോക്ക്ഡൗണിലും നിയന്ത്രണങ്ങളിലും മലയാള സിനിമയും ചലച്ചിത്ര പ്രവര്‍ത്തകരും നേരിടുന്നത് വളരെ വലിയ പ്രതിസന്ധിയാണ് . മാസങ്ങള്‍ കാത്തിരുന്നിട്ടും സര്‍ക്കാര്‍ ഷൂട്ടിംഗ് അനുമതി നല്‍കാത്ത സാഹചര്യത്തില്‍ നിരവധി മലയാള സിനിമകളുടെ ഷൂട്ടിംഗ് കേരളത്തിന് പുറത്താണ് നടക്കുന്നത് . മേഖലയിലെ പ്രതിസന്ധി ചലച്ചിത്ര മേഖലയില്‍ വലിയ നിരാശ പടര്‍ത്തുമ്പോള്‍ സഹപ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കുകയാണ് സംവിധായകന്‍ ജയന്‍ വന്നേരി. ഒരു സിനിമയും വെബ് സീരിസും അടക്കം തന്റെ രണ്ട് പ്രോജക്ടുകള്‍ കൊവിഡ് മൂലം പ്രതിസന്ധിയിലായെന്നും എങ്കിലും എല്ലാം ശരിയാവും എന്ന പ്രതീക്ഷയില്‍ താന്‍ മുന്നോട്ട് പോകുകയാണെന്നും ജയന്‍ വന്നേരി പറയുന്നു .തന്‍ ഫേസ്ബുക്കില്‍ സിനിമ പ്രതിസന്ധിയെക്കുറിച്ചിട്ട പോസ്റ്റിനെ തുടര്‍ന്ന് നടന്ന സംഭവങ്ങളെ കുറിച്ച് പറഞ്ഞു തുടങ്ങുന്ന ജയന്‍ വന്നേരി സഹ പ്രവര്‍ത്തകര്‍ക്ക് ശുഭാപ്തി വിശ്വാസവും നല്‍കുന്നുണ്ട് ..
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
പ്രതീക്ഷകളില്ലെങ്കില്‍ പിന്നെന്ത് ജീവിതം…
രാവിലെ സിനിമ പ്രതിസന്ധിയെ കുറിച്ച് ഞാന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു.. അത് വായിച്ച് ചില സുഹൃത്തുക്കള്‍ വിളിക്കുകയും അവരുടെ വിഷമതകള്‍ പറയുകയും ചെയ്തു.. ആ കൂട്ടത്തില്‍, കഴിഞ്ഞ ആറു വര്‍ഷങ്ങളായി ഒരു സിനിമ ചെയ്യാന്‍ അലഞ്ഞ് നടന്ന് ഒടുവില്‍ സ്വപ്നം പോലൊരു അവസരം കൈ വരുകയും ഷൂട്ടിംഗ് തുടങ്ങുന്നതിനു 13 ദിവസങ്ങള്‍ക്ക് മുന്‍പ് ഒന്നാം കോവിഡ് തരംഗം വരികയും ലോക്ക് ഡൗണ് ആകുകയും ആ പ്രോജക്ട് ക്യാന്‍സല്‍ ആകുകയും ചെയ്‌തെന്ന് പറഞ്ഞ് ഒരു സുഹൃത്ത് കുറെ സങ്കടം പറഞ്ഞു.. ഇത്ര വര്‍ഷങ്ങളുടെ കഷ്ടപ്പാടും കടവും കണ്ണീരും ഒടുവിലെ കടുത്ത നിരാശയും അയാളെ മരണത്തെ കുറിച്ച് ചിന്തിപ്പിക്കുന്നുവെന്നും ഭാര്യയെയും കുഞ്ഞുങ്ങളെയും ഓര്‍ത്താണ് അത് ചെയ്യാത്തതെന്നും പറഞ്ഞു പുള്ളി കരച്ചിലിന്റെ വക്കിലെത്തി.
എന്നോട് സിനിമയെ കുറിച്ച് പറയുന്നവരോട് ഞാന്‍ പറയാറുണ്ട്.. ഒരു സിനിമ ചെയ്യാന്‍ കഴിവും കഠിനാധ്വാനവും മാത്രം പോര, കുറച്ചധികം ഭാഗ്യവും വേണം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിലേറെയായി ആ ഭാഗ്യ നിര്‍ഭാഗ്യങ്ങളുടെ കളിയില്‍ പെട്ട് നട്ടം തിരിയുന്ന ഒരാളാണ് ഞാന്‍.. തമിഴ് നടന്‍ സമുദ്രക്കനിയെ വച്ച് ഒരു സിനിമ ചെയ്യാന്‍ എല്ലാ കാര്യങ്ങളും ഓക്കെ ആയി ടൈറ്റില്‍ പോസ്റ്റര്‍ വരെ അനൗന്‍സ് ചെയ്തതിന് ശേഷം പെട്ടന്നത് ക്യാന്‍സല്‍ ആയി.. പിന്നെയും പല തവണ ആ പ്രോജക്ട് റെഡി ആയി വരും ഓരോ കാരണങ്ങള്‍ കൊണ്ട് അത് വീണ്ടും മാറ്റി വക്ക പെടും.. അതിനിടയില്‍ ചില ശാരീരിക ബുദ്ധിമുട്ടുകള്‍.. സര്‍ജറി.. വിശ്രമം.. അങ്ങനെയും കുറെ സമയം പോയി. ഒടുവില്‍ മറ്റൊരു സിനിമക്കായുള്ള യാത്രകളും ചര്‍ച്ചകളും നടക്കുമ്പോഴാണ് ഇടിത്തീ പോലെ കോവിഡും ലോക്ക് ഡൗണും.. ഇനി കുറച്ച് കാലത്തേക്ക് ഒന്നും നടക്കാന്‍ പോകുന്നില്ലെന്നും സിനിമ മരുഭൂമിയിലെ മരുപ്പച്ച പോലെ അകന്നകന്ന് പോകുകയാണെന്നറിഞ്ഞും നിരാശയോടെ കടന്നുപോയ ചില മാസങ്ങള്‍ക്കൊടുവില്‍ അപ്രതീക്ഷിതമായി ഒരു ഫോണ്‍ കാള്‍..
ഇറോസ് ഇന്റര്‍നാഷണലില്‍ നിന്ന് ഗിരീഷ് സര്‍ ആണ്..’ജയന്‍ വെബ് സീരിസുകള്‍ കാണാറുണ്ടോ..? അതായത് നെറ്റ് ഫ്ളിക്‌സില്‍ ഒക്കെ വരുന്ന ഇന്റര്‍നാഷണല്‍ സീരീസുകള്‍..?’ മണി ഹെയ്സ്റ്റും പാതാള്‍ലോകും ഒക്കെ കണ്ടു കണ്ണു തള്ളി ഇരിക്കുന്ന സമയമായത് കൊണ്ട് പെട്ടന്ന് തന്നെ പറഞ്ഞു..’ഉവ്വ് സര്‍.. കാണാറുണ്ട്. ‘
‘ഗുഡ്.. നമുക്ക് ഇറോസിന് വേണ്ടി ഒരു സീരീസ് ചെയ്യണം. പറ്റിയ കഥയുണ്ടെങ്കില്‍ നമുക്കൊന്ന് ഇരിക്കാം.’
കഥക്കാണോ പഞ്ഞം.. അടുത്ത ദിവസം തന്നെ സര്‍’നെ പോയി കണ്ട് ഒരു സ്റ്റോറി ഡീറ്റൈല്‍ ആയി പറഞ്ഞു.. മലയാളത്തില്‍ ചെയ്താലും തമിഴ്, ഹിന്ദി ഭാഷകളില്‍ കൂടി ഡബ്ബ് ചെയ്ത് റിലീസ് ചെയ്യാന്‍ പറ്റുന്ന ഒരു കഥയായിരുന്നു അവര്‍ക്ക് വേണ്ടത്.. എന്റെ കഥയുടെ പ്രത്യേകതയും അതായിരുന്നു. ഭാഗ്യത്തിന്റെ കളിയില്‍ ആ സമയം അതെന്റെ കൂടെ നിന്നു. പിന്നെ എല്ലാം പെട്ടന്നായിരുന്നു.. ഡീറ്റൈല്‍ ആയി ഒരു സിനോപ്‌സിസ്, എപ്പിസോഡ് വൈസ് കണ്ടെന്റ്, ഡീറ്റൈല്‍ഡ് ബഡ്ജറ്റ്, ഉദ്ദേശിക്കുന്ന ആര്‍ടിസ്റ്റുകളുടെയും ടെക്‌നിഷ്യന്‍സിന്റയും ലിസ്റ്റ്.. അങ്ങനെ എല്ലാം സര്‍’ന് മെയില്‍ അയച്ചു.. സര്‍ അത് ചെക്ക് ചെയ്ത് ഓക്കെ പറഞ്ഞു.. ഞാന്‍ ആര്‍ടിസ്റ്റുകളെയും ടെക്‌നീഷ്യന്‍സിനെയും നേരില്‍ കണ്ട് കഥ പറഞ്ഞു.. മാര്‍ച്ചില്‍ ഷൂട്ട് പ്ലാന്‍ ചെയ്തു.
ഭാഗ്യം വരുമ്പോള്‍ അങ്ങനെ ചുമ്മാ വന്നിട്ട് കാര്യമില്ലെന്ന് ഭാഗ്യത്തിനും അറിയാം.. അതില്‍ ഒരു ത്രില്‍ ഇല്ല.. അതുകൊണ്ടാവണം. വെബ് സീരിസിന്റെ സ്‌ക്രിപ്റ്റ് എഴുത്ത് പുരോഗമിക്കുമ്പോള്‍ ഒരു ദിവസം എന്റെ ആദ്യ ചിത്രത്തിന്റെ എഡിറ്ററും സുഹൃത്തും അതിലേറെ എന്റെ ഒരു മെന്ററും ആയിട്ടുള്ള വിജയ് ശങ്കറിന്റെ ഒരു കാള്‍.. ഞങ്ങള്‍ ഏതാണ്ട് ഒരേ പ്രായമായിരുന്നിട്ടും, എന്തുകൊണ്ടോ പരിചയപ്പെട്ട കാലം തൊട്ട് ഞാന്‍ പുള്ളിയെ സര്‍ എന്നാണ് വിളിക്കാറ്.. അങ്ങനെ വിജയ് സര്‍ വിളിച്ച് എനിക്കൊരു പടം ഓഫര്‍ ചെയ്തു.. പുള്ളി ആവശ്യപ്പെട്ട തരത്തില്‍ ഒരു തിരക്കഥ അപ്പോള്‍ എന്റെ കയ്യില്‍ ഇല്ലാത്തത് കൊണ്ട് ഏഷ്യാനെറ്റ് ന്യൂസിലെ അജിത് നമ്പ്യാര്‍ മുന്‍പ് പറഞ്ഞ ഒരു കിടിലന്‍ ത്രില്ലര്‍ ഞാന്‍ ഫോണിലൂടെ സാറിനോട് പറഞ്ഞു.. അത് സര്‍’ന് ഇഷ്ടമായി.. അടുത്ത ദിവസം തന്നെ കൊച്ചിയില്‍ സാറിന്റെ ഫ്‌ലാറ്റില്‍ ചെല്ലാന്‍ പറഞ്ഞു.. ഞാനും അജിത്തും കൊച്ചിയില്‍ പോയി കഥ പറഞ്ഞു.. അപ്പോള്‍, ആ പ്രോജക്ട് നടന്നാല്‍ സിനിമയില്‍ പ്രധാന വേഷം ചെയ്യുന്ന ഒരു ആര്‍ടിസ്റ്റും അവിടെ ഉണ്ടായിരുന്നു.. കഥ അദേഹത്തിനും ഇഷ്ടമായി.. ആഗസ്റ്റില്‍ ഷൂട്ട് തുടങ്ങണം. അതിനു പറ്റുന്ന രീതിയില്‍ കാര്യങ്ങള്‍ ചെയ്‌തോളാന്‍ പറഞ്ഞ് ഞങ്ങളുടെ അക്കൗണ്ട് ഡീറ്റെയില്‍സും വാങ്ങി സന്തോഷത്തോടെ അവര്‍ ഞങ്ങളെ യാത്രയാക്കി. ഞങ്ങള്‍ തിരിച്ച് തിരുവനന്തപുരത്ത് എത്തുമ്പോള്‍ ഞങ്ങളുടെ രണ്ടു പേരുടെയും അക്കൗണ്ടില്‍ അഡ്വാന്‍സ് വന്നു കിടക്കുന്നുണ്ടായിരുന്നു.. സിനിമക്ക് പുറകെ നടക്കുന്നവര്‍ക്കറിയാം.. ഒരു പ്രോജക്ട് സംസാരിച്ച് അഡ്വാന്‍സ് കിട്ടിയാലുള്ള സന്തോഷവും ധൈര്യവും. അതില്‍പരം ഒരു സന്തോഷം ഇനിയെന്ത് വേണം.. തീര്‍ന്നില്ല, സന്തോഷത്തിന്റെ ഭീകര ട്വിസ്റ്റ് ഇനിയാണ്.. അതായത് കഥയിലെ പ്രധാനപ്പെട്ട മറ്റൊരു കഥാപാത്രം ആര് ചെയ്യണം എന്ന തുടര്‍ ചര്‍ച്ചയില്‍ വിജയ് സേതുപതിയുടെ പേര് വന്നു.. ആ സമയം വിജയ് സര്‍ വിജയ് സേതുപതിയുടെ ഒരു സിനിമ എഡിറ്റ് ചെയ്യുകയാണ്.. കമല്‍ ഹാസനോടൊപ്പം വര്‍ക് ചെയ്തിട്ടുള്ള, അദ്ദേഹവുമായി ഹൃദ്യമായ അടുപ്പം സൂക്ഷിക്കുന്ന വിജയ് സര്‍ വിചാരിച്ചാല്‍ വിജയ് സേതുപതി ഈ പ്രോജെക്ടിലേക്ക് വരാന്‍ സാധ്യത കൂടുതലാണ്.. മാത്രമല്ല, അജിത്തിന്റെ സ്‌ക്രിപ്റ്റ് അത്ര ഗംഭീരമാണ്.. കഥ കേട്ടാല്‍ വിജയ് സേതുപതി സമ്മതം പറയാന്‍ സാധ്യത കൂടുതല്‍ ആണ്. ഇവരോടൊക്കെ കഥ പറയാന്‍ ഒരു അവസരം കിട്ടുകയാണല്ലോ പ്രയാസം. പക്ഷെ ആ പ്രയാസം വിജയ് സര്‍ ഒഴിവാക്കി. അങ്ങനെ മേയ്’ല്‍ വിജയ് സേതുപതിയെ കാണാനും കഥ പറയാനും ഞങ്ങള്‍ തയ്യാറെടുപ്പ് തുടങ്ങി.. നോക്കണേ.. ഓരോരോ ഭാഗ്യങ്ങള്‍ വരുന്ന വഴി… 2021 ഞാന്‍ പൊരിക്കും.
പക്ഷെ.. ഈ ഭാഗ്യം എന്നൊക്കെ പറയുന്നത് എപ്പോള്‍ വേണമെങ്കിലും എങ്ങനെ വേണമെങ്കിലും മാറി മറിയാവുന്ന ഒരു നെറി കെട്ട സാധനമാണ്.. മാര്‍ച്ചില്‍ പ്ലാന്‍ ചെയ്ത വെബ് സീരീസ് ചില കാരണങ്ങള്‍ കൊണ്ട് മേയ്’ലേക്ക് നീട്ടി വച്ചു. പക്ഷെ, മെയ്’ല്‍ അപ്രതീക്ഷിതമായി ഒരു രണ്ടാം തരംഗം ഉണ്ടാവുകയും ലോക്ക് ഡൗണ് ആരംഭിക്കുകയും ചെയ്തപ്പോള്‍ അത് വീണ്ടും ഒക്ടോബറിലേക്ക് പോയി.. മെയ്’ല്‍ വിജയ് സേതുപതിയെ കാണുന്നത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവക്ക പെട്ടു. ഇപ്പോള്‍ പറയുന്നു.. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസത്തില്‍ ഒരു മൂന്നാം തരംഗം കൂടെ ഉണ്ടാകുമെന്ന്.. അപ്പോള്‍ ഭാഗ്യത്തില്‍ വിശ്വസിച്ച ഞാന്‍ ആരായി.. ശശിയായി..! അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത്.. വരാനുള്ളത് വഴിയില്‍ തങ്ങില്ല, നമ്മളെ കഷ്ടപ്പെടുത്താനുള്ളതാണെങ്കില്‍ പ്രത്യേകിച്ചും.. പക്ഷെ നമ്മള്‍ തോറ്റ് കൊടുക്കുമോ… പിന്‍ തിരിയുമോ…? അവസാന ശ്വാസം വരെയും നമ്മള്‍ ശ്രമിച്ചു കൊണ്ടേയിരിക്കും..
ഈ മഹാമാരിയും ദുരിത കാലവുമൊക്കെ കഴിഞ്ഞ് ഒരു ദിവസം വരും.. തെളിഞ്ഞ ആകാശവും നിറഞ്ഞ പുഞ്ചിരിയുമുള്ള ഒരു ദിനം. അതാണ്.. ആ ദിനമാണ് നമ്മുടെ ദിവസം. അതുകൊണ്ട് നഷ്ടപെട്ടതോര്‍ത്തോ കഷ്ടപെട്ടതോര്‍ത്തോ നിങ്ങളാരും സങ്കടപെടണ്ട. എല്ലാം അവസാനിച്ചു എന്നും മരിക്കണമെന്നും തോന്നും.. അത് വെറും തോന്നലുകളായി തന്നെ അവിടെ നില്‍ക്കട്ടെ.. ഇനിയൊരു നല്ല കാലത്തില്‍ നമുക്ക് ഓര്‍ത്തു ആശ്ചര്യപ്പെടാന്‍ അങ്ങനെ ചില തോന്നലുകള്‍ ഉണ്ടാകുന്നത് നല്ലതല്ലേ.