അവന്റെ പിറന്നാള്‍ ഒരിക്കലും വിജയ് മറക്കാറില്ല; സിനിമ താരം നാസര്‍.
സിനിമ ലോകത്തെ താരങ്ങള്‍ പബ്ലിസിറ്റിക്കായും അല്ലാതെയും സാധാരണക്കാര്‍ക്കായി സഹായഹസ്തം നല്കുന്ന വിവരങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കാറുണ്ട്. താരങ്ങള്‍ വാങ്ങുന്ന സാധനങ്ങള്‍, പോകുന്ന വഴികള്‍ എല്ലാം ഇന്ന് കണ്ടുപിടിക്കാന്‍ പ്രയാസം ഇല്ല. പല താരങ്ങളും തങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കു വെയ്ക്കാറുണ്ട്.
എന്നാല്‍ തന്നെ സ്നേഹിക്കുന്ന അതിയായി ഇഷ്ടപ്പെടുന്ന ആരാധകര്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായി നില്ക്കുന്ന താരങ്ങളുമുണ്ട്. അത്തരത്തില്‍ തന്റെ മകനോട് നടന് വിജയ് കാണിക്കുന്ന സ്നേഹവും സംരക്ഷണവും തുറന്നു പറയുകയാണ് നടന് നാസര്‍. ഒരു അപകടത്തില്‍ ഓര്‍മ്മ നഷ്ടപ്പെട്ടുപോയ നാസറിന്റെ മൂത്ത മകന് അബ്ദുള്‍ അസന്‍ ഫൈസലിന് ആകെ ഓര്‍മ്മ വരുന്നത് വിജയിയെ മാത്രമാണ്. അതിനാല്‍ തന്നെ വിജയ് എപ്പോഴും മകന്റെ കാര്യങ്ങള്‍ അന്വേഷിക്കുമെന്നാണ് നാസര്‍ പറയുന്നത്.
‘മകന് വിജയ്യുടെ വലിയ ആരാധകനാണ്. ഇടയ്ക്ക് അവന് വലിയൊരു അപകടം സംഭവിച്ചു. ഓര്മ മുഴുവന്‍ നഷ്ടപ്പെട്ടു പോയി. ഇന്നും അവന് ഓര്മ തിരിച്ചു കിട്ടിയിട്ടില്ല. എന്നാല്‍ അവന് ഇപ്പോഴും ഓര്മയുള്ളത് വിജയ്യെ മാത്രമാണ്. വിജയ് എന്നു പറഞ്ഞു എപ്പോഴും ബഹളം വയ്ക്കും. അപ്പോഴൊക്കെ അവന്റെ കൂട്ടുകാരന് വിജയുടെ കാര്യമായിരിക്കും പറയുന്നതെന്നോര്‍ത്ത് ഞങ്ങള്‍ ഗൗനിച്ചില്ല. എന്നാല്‍ പിന്നീടാണ് മനസിലായത് അത് നടന് വിജയ് ആയിരുന്നെന്ന്.
വിജയ്യുടെ പാട്ടു വെച്ചപ്പോഴാണ് അവന് ശാന്തനായത്. വീട്ടില്‍ എപ്പോഴും വിജയുടെ പാട്ടുകളാണ് വയ്ക്കാറെന്നും നാസര്‍ പറയുന്നു. അതിനാല്‍ തന്നെ മകന്റെ പിറന്നാളിന് അദ്ദേഹം മറക്കാതെ വീട്ടില്‍ വരാറുണ്ടെന്നും ഒരിക്കലും അത് മറക്കാറില്ലെന്നും നാസര്‍ പറയുന്നു.